സംസ്ഥാനത്തിന്റെ സത്കീര്‍ത്തി തകര്‍ക്കും വിധം കേരളത്തില്‍ കുറ്റവാളികള്‍ ഭീതി വിതച്ചു വളരുകയാണ്. ക്രൂരമായ കൊലപാതകങ്ങളുടെയും ഞെട്ടിക്കുന്ന പീഡനങ്ങളുടെയും വേദനയൂറുന്ന വാര്‍ത്തകള്‍ കണികണ്ടാണ് മലയാള നാടിന്റെ പ്രഭാതമുണരുന്നത്. മുമ്പെങ്ങുമില്ലാത്ത അസ്വസ്ഥകളും വിഹ്വലതകളും ജീവനു വേണ്ടിയുള്ള നിലവിളികളും കേട്ട് മനഃസാക്ഷിയാകെ മരവിച്ചു കഴിഞ്ഞു. കാവല്‍ നില്‍ക്കേണ്ടവരുടെ കൈക്കുമ്പിളുകളില്‍ കിടന്ന് കൊച്ചുകുട്ടികള്‍ പോലും പ്രാണനു വേണ്ടി പിടയുന്നതു കാണാന്‍ കണ്ണുകള്‍ക്ക് കരുത്തില്ലാതായിരിക്കന്നു. ഇവയിലെല്ലാം പരിഹാരങ്ങളിലൂടെ പ്രതീക്ഷ പകരേണ്ട മുഖ്യമന്ത്രി, നിയമസഭയില്‍ പകച്ചുനില്‍ക്കുന്നതാണ് സമൂഹത്തെ ആശങ്കപ്പെടുത്തുന്നത്. ആഭ്യന്തര വകുപ്പ് അടിവേരിളകിക്കിടക്കുന്നു എന്നതിന്റെ അവസാന അടയാളമാണ് ഇന്നലെ നിയമസഭയില്‍ ‘പൊലീസിന് വീഴ്ചപറ്റി’ എന്ന മുഖ്യമന്ത്രിയുടെ കുമ്പസാരം. സമീപ കാലങ്ങളില്‍ ഏറെ പ്രമാദമായ എല്ലാ സംഭവങ്ങളിലും പിണറായിയുടെ ഈ പരിഭവം കേരളം കേട്ടതാണ്. ധര്‍മടം കേസിലും കുറ്റിമാക്കൂല്‍ സംഭവത്തിലും മാവോയിസ്റ്റ് വെടിവെപ്പിലും കണ്ണൂരിലെ കൊലപാതകങ്ങളിലും കലോത്സവ ദിവസത്തിലെ കലാപത്തിലും നടിയെ അക്രമിച്ച നടപടിയിലും പതിവു പല്ലവി ആവര്‍ത്തിച്ച പിണറായിയില്‍ നിന്ന് ഇതിനപ്പുറം എന്തു പ്രതീക്ഷിക്കാനാണ്? വാളയാര്‍ പീഡനത്തില്‍ പൊലീസ് വീഴ്ചയുടെ ചുരുളഴിയുമ്പോഴും ശിവസേനക്കു മുമ്പില്‍ ക്രമസമാധാന സേന കവാത്തു മറക്കുക്കുമ്പോഴും ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടില്‍ ലജ്ജിച്ചു തല താഴ്ത്തുകയാണ് കേരളം.

ഇടതു സര്‍ക്കാര്‍ അധികാരിത്തിലേറിയതു മുതല്‍ കേരളത്തിന്റെ ക്രമസമാധാനം തകര്‍ന്നതായി കണക്കുകള്‍ തെളിയിക്കുന്നുണ്ട്. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞതോടെ കുറ്റവാളികള്‍ക്ക് സൈ്വരവിഹാരം നടത്താനുള്ള സുവര്‍ണാവസരം കൈവന്നിരിക്കുകയാണ്. വലിയ മാഫിയകള്‍ മാത്രമല്ല, ചെറു സംഘങ്ങള്‍ പോലും കൊമ്പുകൂര്‍പ്പിച്ച് കശാപ്പിനിറങ്ങുന്നതാണ് കേരളം കാണുന്നത്. സമീപ കാലങ്ങളില്‍ വിവാദമുയര്‍ത്തിയ കേസുകളിലൂടെ ഇത്തരം മാഫിയികള്‍ക്ക് കൂട്ടുനില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പൊയ്മുഖങ്ങള്‍ പുറംലോകമറിയുകയും ചെയ്തു. രഹസ്യാന്വേഷണ വിഭാഗം രണ്ടാഴ്ച മുമ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തിന്റെ ക്രമസമാധാന തകര്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നുണ്ട്. നടപ്പു നിയമസഭാ സമ്മേളനത്തിനു വേണ്ടി ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരം തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങളാണുള്ളത്. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 1,75,000 ക്രമിനില്‍ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. എട്ടു മാസത്തിനിടെ 18 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. 1,100 പീഡനക്കേസുകള്‍. ഇതില്‍ 630 കേസുകളിലും ഇരയായത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍. സ്ത്രീകള്‍ക്കെതിരെയുള്ള മറ്റു അതിക്രമങ്ങള്‍ 3200ല്‍ അധികം വരും. 4200 ലഹരി മരുന്ന് കേസുകളും 7200 ദലിത് പീഡന കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീ സുരക്ഷക്കായി നടപ്പാക്കിയ പദ്ധതികള്‍ പ്രയോജനം ചെയ്തില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് ഗുരുതരമായ വീഴ്ചയുടെ ആഴക്കയത്തിലാണെന്നര്‍ത്ഥം. ഭരണ നൈപുണ്യനെന്നും ഇരട്ടച്ചങ്കനെന്നും കൊട്ടിഘോഷിച്ച് വകുപ്പ് ഏറ്റെടുത്ത പിണറായി വിജയന് ക്രമസമാധാന പാലനത്തിലെ പിഴവുകള്‍ പരിഹരിക്കാന്‍ ഇച്ഛാശക്തിയില്ലെന്ന് എട്ടുമാസം കൊണ്ട് പൊതു സമൂഹത്തിനു ബോധ്യമായി. പൊലീസ് സേന ഇവ്വിധം ഗതികിട്ടാ പ്രേതം പോലെ അലഞ്ഞുനടന്ന കാലം ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ചു പറയാനാവും.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ ആദ്യ എട്ടു മാസത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 61,000 ക്രിമിനല്‍ കേസുകളാണ് ഇടതു സര്‍ക്കാറിന്റെ ഇതേ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്ത്രീ പീഡനങ്ങളില്‍ മാത്രം 330 കേസുകളുടെ വര്‍ധനവുണ്ട്. സ്ത്രീ സുരക്ഷ ലക്ഷ്യമിട്ട് ഇടതു സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഓപറേഷന്‍ കാവലാള്‍, പിങ്ക് പൊലീസ് പദ്ധതികള്‍ തുടക്കത്തില്‍ തന്നെ പാളി. ഇവയൊന്നും ഉദ്ദേശിച്ച ഫലം കാണാതിരുന്നത് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിന് ഇടയായിട്ടുണ്ട്.
സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിന്റെ ഭീതി നിലനില്‍ക്കുമ്പോഴാണ് പൊലീസ് നിഷ്‌ക്രിയത്വം പാലിക്കുന്നത്. ഉപരിതലത്തില്‍ പ്രകടനപരതക്കു വേണ്ടിയുള്ള പരിഷ്‌കാരങ്ങളുമായാണ് പിണറായി വിജയന്‍ മുന്നോട്ടു പോകുന്നത്. ജില്ലാ പൊലീസ് മേധാവിയോട് വീഡിയോ കോണ്‍ഫറന്‍സുകളിലൂടെ സംസാരിക്കുന്നത് മാധ്യമ വാര്‍ത്തയാക്കി മേനി നടിക്കുന്നതിനപ്പുറം എന്തു മാറ്റമാണ് സംസ്ഥാന പൊലീസ് സേനയുടെ മനോഭാവത്തിലുണ്ടായത്? പൊലീസ് സ്റ്റേഷനുകളുടെ ചാരത്തും പൊലീസുകാരുടെ മൂക്കിനു താഴെയുമാണ് കുറ്റകൃത്യങ്ങള്‍ പെരുകുന്നത്. എല്ലാതരം കുറ്റകൃത്യങ്ങളുടെയും ശരാശരി വര്‍ധനവ് കഴിഞ്ഞ അഞ്ചുവര്‍ഷത്തേക്കാള്‍ കൂടുതലാണെന്ന കാര്യം സര്‍ക്കാര്‍ മനസിലാക്കണം. സംസ്ഥാനത്തിന്റെ സാമൂഹിക സുരക്ഷിതത്വത്തെ ഇതു സാരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 6,53,976 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2014ല്‍ ഇത് 6,10,365 ആയിരുന്നു. 43,611 കേസുകളുടെ വര്‍ധനവാണ് ഒരു വര്‍ഷത്തിനകമുണ്ടായത്. 2013ല്‍ 5,83,182 കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ 2012ല്‍ 5,11,278ഉം 2011ല്‍ 4,18,770ഉം ആയിരുന്നു സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ കണക്ക്. ഇത് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ കാര്യമാണ്. ഒതുക്കിത്തീര്‍പ്പായ നിരവധി കേസുകള്‍ വേറെയുമുണ്ട്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിരിക്കുതെന്ന് ക്രൈം റിക്കാര്‍ഡ് ബ്യൂറോ കണക്കുകള്‍ വ്യക്തമാക്കുന്നു. 9345 കേസുകളാണ് സ്ത്രീകള്‍ക്കു നേരെയുള്ള വിവിധ അതിക്രമങ്ങള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം പൊലീസ് രജിസ്റ്റര്‍ ചെയ്തത്. പ്രായഭേദമന്യെ സ്ത്രീകള്‍ വീടുകളിലും തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും ശാരീരിക, മാനസിക, സാമ്പത്തിക, ലൈംഗിക പീഡനങ്ങള്‍ നേരിടേണ്ടി വരുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഭരണ സിരാകേന്ദ്രത്തിന്റെ മൂക്കിനു താഴെ, തലസ്ഥാന നഗരിയിലാണ് സ്ത്രീകള്‍ക്കു നേരെ കുറ്റകൃത്യങ്ങളധികവും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭരണത്തിന്റെ കാവലും കരുതലും അനിവാര്യമായ സമയത്തുപോലും അക്ഷന്തവ്യമായ അനാസ്ഥയാണ് ആഭ്യന്തര വകുപ്പില്‍ നിന്നുണ്ടാവുന്നത്. നിയമസഭയില്‍ ഇതു ചൂണ്ടിക്കാണിച്ചാല്‍ മുഖ്യമന്ത്രിക്കു നേരെ ‘ആക്രോശിച്ചു’വെന്ന തരംതാണ പ്രയോഗം നടത്തി ഒളിച്ചോടുകയാണ് പിണറായി വിജയന്‍. ഇത് പുച്ഛിച്ചു തള്ളാന്‍ മാത്രം പ്രബുദ്ധരാണ് കേരളീയ ജനതയെന്ന് മുഖ്യമന്ത്രി മനസിലാക്കുന്നത് നന്ന്. ഉത്തരവാദിത്വ നിര്‍വഹണത്തിന് കഴിയില്ലെങ്കില്‍ വകുപ്പ് വിട്ടൊഴിയുകയാണ് വേണ്ടത്. കേരളം കുറ്റവാളികളുടെ നാടായി മാറാന്‍ പൊതുസമൂഹം സമ്മതിക്കില്ലെന്നും സര്‍ക്കാറിന്റെ പിടിപ്പുകേട് അതിന് നിമിത്തമാവുകയാണെങ്കില്‍ തിരുത്താന്‍ ജനം പ്രതിജ്ഞാബദ്ധമാണെന്നും ഓര്‍മിപ്പിക്കട്ടെ.