Connect with us

Video Stories

ജനജീവിതം കൊണ്ടുള്ള കളിക്കേറ്റ പ്രഹരം

Published

on

ഭരണഘടനയിലെ ഇരുപത്തൊന്നാം വകുപ്പ് വെച്ചുനീട്ടുന്ന പൗരന്മാരുടെ മാന്യമായി ജീവിക്കാനുള്ള അവകാശത്തെ ഭരണകൂടം പന്തു തട്ടിക്കളിക്കരുതെന്ന സുവ്യക്തവും സുദൃഢവുമായ മുന്നറിയിപ്പാണ് ചൊവ്വാഴ്ച രാജ്യത്തെ ഉന്നതനീതിപീഠത്തില്‍നിന്നുണ്ടായിരിക്കുന്നത്. കശാപ്പിനായി കന്നുകാലികളെ വില്‍ക്കരുതെന്നു കാട്ടി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം ഈവര്‍ഷം മെയ് 23ന് പുറപ്പെടുവിച്ച വിജ്ഞാപനംമൂലം രാജ്യത്തെ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം വഴിമുട്ടിയിരിക്കുന്നു. അവര്‍ക്കു ലഭിച്ച ആശ്വാസവാര്‍ത്തയാണിത്. ഉത്തരവ് ഭേദഗതിചെയ്യുമെന്ന് കേന്ദ്രം പറഞ്ഞതിനെതുടര്‍ന്നാണ് ജസ്റ്റിസുമാരായ ജെ.എസ് കെഹാര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് ഹര്‍ജികള്‍ തീര്‍പ്പാക്കി സ്റ്റേ അനുവദിച്ചത്. ജനങ്ങളുടെ ജീവനോപാധിക്കുമേല്‍ നിയന്ത്രണം അരുതെന്ന ഉത്തരവാണ് കോടതി നല്‍കിയിരിക്കുന്നത്. ഉത്തരവ് ജനങ്ങളുടെ ഭക്ഷണത്തിനും ജീവനോപാധിക്കും മേലുള്ള കയ്യേറ്റമായിരുന്നുവെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നതാണ്. നേരത്തെ രാജ്യത്താകമാനം വന്‍തോതിലുള്ള പ്രതിഷേധം ഉയര്‍ന്നുവന്നപ്പോള്‍ അനങ്ങാതിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ സുപ്രീംകോടതിയുടെ മുമ്പില്‍ മുട്ടുമടക്കുന്ന കാഴ്ചയാണ് ഉണ്ടായിരിക്കുന്നത്. വാസ്തവത്തില്‍ ആമയെ പോലെ തല അകത്തേക്ക് വലിച്ചിരിക്കുകയാണ് കേന്ദ്രം. സര്‍ക്കാരിലുപരി ഗോമാതാവിന്റെ പേരിലുള്ള സംഘ് പേക്കൂത്തുകള്‍ക്കെതിരെ കൂടിയാണ് ഈ വിധിയെന്ന് വ്യാഖ്യാനിക്കുന്നതില്‍ തെറ്റില്ല.
ആള്‍ ഇന്ത്യാ ജംഇയ്യത്തുല്‍ ഖുറേശ് ആക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ അഡ്വ. മുഹമ്മദ് ഫഹീം ഖുറേശിയാണ് ഇതുസബന്ധിച്ച് പൊതുതാര്‍പര്യഹര്‍ജി നല്‍കിയത്. കിസാന്‍സഭ, ബീഫ് കയറ്റുമതിക്കാരുടെ സംഘടന തുടങ്ങിയ നിരവധി സംഘടനകള്‍ ഇതില്‍ കക്ഷിചേരുകയായിരുന്നു. കാള, പശു, ഒട്ടകം, എരുമ, പോത്ത്, ഇവയുടെ കുട്ടികള്‍ എന്നിവയെ കശാപ്പിനായി വില്‍ക്കരുതെന്ന് പറയുമ്പോള്‍ സ്വാഭാവികമായും രാജ്യത്ത് കന്നുകാലി കശാപ്പ് നിലക്കുമെന്ന് മുന്‍കൂട്ടി കാണുകയായിരുന്നു കേന്ദ്രത്തിലെയും സംഘ്പരിവാരിലെയും കൗശല ബുദ്ധികളായ ഉന്നതര്‍. മതപരമായ ആചാരങ്ങളുടെ പേരില്‍ മുസ്‌ലിംകളും ഹിന്ദുക്കളിലെ തന്നെ പല ജാതികളും മൃഗബലി നടത്താറുണ്ടെന്നതും കേന്ദ്രത്തിന് അറിയാമായിരുന്നിട്ടും മതപരമായ ആവശ്യത്തിനും അറുക്കരുതെന്ന് കല്‍പിച്ചത് രാജ്യത്തെ ഭരണഘടന അനുവദിച്ചിട്ടുള്ള വിശ്വാസ സ്വാതന്ത്ര്യത്തെയും കവച്ചുവെക്കുന്നതായി. മത സ്വാതന്ത്ര്യം അനുവദിക്കുന്ന 25-ാം വകുപ്പിന്റെ ലംഘനമാണിതെന്നും ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ കപില്‍സിബല്‍ വാദിച്ചു.
മൃഗപീഡന നിരോധന നിയമത്തിന്റെ ചുവടുപിടിച്ച് കേന്ദ്രം ഇറക്കിയ ഉത്തരവ് മൃഗ സംരക്ഷണം, വില്‍പന, കശാപ്പ്, ബലികര്‍മം തുടങ്ങിയ വിവിധ സംസ്ഥാന നിയമങ്ങള്‍ക്കുള്ളിലേക്ക് കടന്നുകയറുന്നതാണെന്ന ആക്ഷേപം ഉയര്‍ന്നുവന്നെങ്കിലും കന്നുകാലി കച്ചവട, ഹോട്ടല്‍ മേഖലകളില്‍ പണിയെടുക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ വരുമാനത്തെ തടസ്സപ്പെടുത്തിയെന്ന ആരോപണമായിരുന്നു പ്രധാനമായിരുന്നത്. രാജ്യത്തെ എണ്‍പത്തഞ്ചു ശതമാനം പേരും ഉപയോഗിക്കുന്ന മാംസ ഭക്ഷണം നിയന്ത്രിക്കുകയോ മാംസഭക്ഷണം തന്നെ ഇല്ലാതാക്കുകയോ ഒക്കെയായിരുന്നു കേന്ദ്രത്തിന്റെ ഉത്തരവിനുപിന്നില്‍. സ്വഭാവികമായും ഗോമാതാവിന്റെ പേരില്‍ പശു സംരക്ഷണത്തിനായി മുറവിളി കൂട്ടുകയും ആളുകളെ പച്ചക്ക് കൊലപ്പെടുത്തുകയും രാജ്യത്താകമാനം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന സംഘ്പരിവാറുകാരുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഈ വിവാദ ഉത്തരവിനെ ചോദ്യംചെയ്യാന്‍ മാംസഭുക്കുകളായ രാജ്യത്തെ വലിയൊരു പങ്ക് ആളുകളും മുന്നോട്ടുവന്നു. കേരള നിയമസഭ ബി.ജെ.പി അംഗമൊഴികെ ഐകകണ്‌ഠ്യേന വിജ്ഞാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. മേഘാലയയിലെ ബി.ജെ.പി സര്‍ക്കാര്‍ പോലും ഉത്തരവിനെതിരെ അതിശക്തമായി രംഗത്തുവരികയും ബി.ജെ.പി നേതാവ് പാര്‍ട്ടി വിടുകയും ചെയ്തു. കേരള ഹൈക്കോടതിയില്‍ ഉത്തരവിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പൊതുതാല്‍പര്യഹര്‍ജികള്‍ വന്നെങ്കിലും കേന്ദ്ര ഉത്തരവിനെ പിന്തുണക്കുന്ന നിലപാടാണ് നിര്‍ഭാഗ്യവശാല്‍ സ്വീകരിച്ചത്. എന്നാല്‍ മദിരാശി ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസുമാരായ എം.വി മുരളീധരനും ജസ്റ്റിസ് വി. കാര്‍ത്തികേയനും കേന്ദ്ര ഉത്തരവ് നാലാഴ്ചത്തേക്ക് സ്‌റ്റേ ചെയ്യുകയും കേന്ദ്രത്തിന് ഇതുസംബന്ധിച്ച് നോട്ടീസ് അയക്കുകയുമായിരുന്നു. ഹൈക്കോടതിയുടെ ഈ സ്‌റ്റേ തമിഴ്‌നാട്ടില്‍ മാത്രമാണ് ബാധകമായത്.
വാസ്തവത്തില്‍ ഇത്തരമൊരു ഉത്തരവ് ഇറക്കുമ്പോള്‍ രാജ്യത്തെ ലക്ഷക്കണക്കിന് മനുഷ്യരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന മുന്‍കൂട്ടിക്കാണേണ്ട ഉത്തരവാദിത്തം കേന്ദ്രം കാട്ടിയില്ലെന്നുമാത്രമല്ല, നോട്ടുനിരോധനം പോലെ അപക്വമായ മറ്റൊരു സാമ്പത്തിക പരിഷ്‌കാരമായാണ് ഇത് വ്യാഖ്യാനിക്കപ്പെട്ടതും അനുഭവപ്പെട്ടതും. രാജ്യത്തെ കന്നുകാലിച്ചന്തകളില്‍ കന്നുകാലി വരവും വില്‍പനയും കുറഞ്ഞത് മൂലം പ്രതിവര്‍ഷം അമ്പതിനായിരം കോടി രൂപയുടെ ബീഫ് കയറ്റുമതിക്കാണ് സത്യത്തില്‍ ഗുണകരമായതെന്ന് കാണാം. കേന്ദ്രം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ബീഫ് കയറ്റുമതിയെ ഉത്തരവ് പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് പറഞ്ഞതുതന്നെ ബി.ജെ.പി നേതാക്കള്‍ നേതൃത്വംനല്‍കുന്ന കോടികളുടെ ബീഫ് കയറ്റുമതി ബിസിനസ് പോഷിപ്പിക്കുകയാണ് ഉദ്ദേശ്യമെന്നതിന് അടിവരയിടുന്നതായിരിക്കുന്നു.
ഉത്തരവ് പിന്‍വലിക്കുകയല്ല, ഭേദഗതി ചെയ്യുമെന്നാണ് അഡീ.സോളിസിറ്റര്‍ ജനറല്‍ പി.എസ് നരസിംഹ കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീംകോടതിയുടെ മുന്നില്‍ ഭേദഗതി ഉത്തരവ് വരുമ്പോള്‍ പരാതിയുണ്ടെങ്കില്‍ അറിയിക്കാന്‍ പരാതിക്കാരോട് കോടതി കല്‍പിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ തല്‍ക്കാലത്തേക്കെങ്കിലും ജനങ്ങളുടെ നേര്‍ക്കുള്ള ഈ കാടന്‍ കടന്നുകയറ്റം അവസാനിച്ചുവെന്ന് കരുതാം. മുസ്‌ലിംകളുടെ ബലിപെരുന്നാള്‍ അടുത്തുവരവെ ഉണ്ടായ വിധി അവരെ സംബന്ധിച്ചിടത്തോളം സ്വാഗതാര്‍ഹമാണ്. രാജ്യത്തെ ഇരുപതു കോടിയോളം വരുന്ന ജനതക്ക് അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാനാവാതെ വരുന്നത് വലിയ പ്രത്യാഘാതമാണ് സമൂഹത്തിലുണ്ടാക്കുക. ഇത് തിരിച്ചറിയാന്‍ നീതിപീഠം കാണിച്ച മഹാമനസ്‌കതക്കാണ് വാസ്തവത്തില്‍ രാജ്യമൊറ്റക്കെട്ടായി നന്ദി പറയേണ്ടത്. രാജ്യത്തെ ഭരണഘടനയും നീതിന്യായ വ്യവസ്ഥിതിയുമാണ് ജനങ്ങള്‍ക്ക് അന്തിമ അവലംബമെന്ന തിരിച്ചറിവിലേക്കുകൂടി സുപ്രീംകോടതി വിധി വിരല്‍ചൂണ്ടുന്നു.

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Film

‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍

‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..

Published

on

ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്‌സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു.  മോഹന്‍ലാലിനൊപ്പം ഫ്‌ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.

ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.

‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന്‍ ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.

 

 

Continue Reading

Film

ദി റൈഡിന്റെ’ ട്രെയിലര്‍ പുറത്തിറക്കി; വെള്ളിയാഴ്ച തിയറ്ററുകളില്‍

ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍..

Published

on

ഒരു കാര്‍യാത്രക്കിടയില്‍ എടുക്കുന്ന ഒരു കുറുക്കുവഴി ഒരു കൂട്ടം ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍ പുറത്തിറങ്ങി.  നിവിന്‍ പോളിയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. നേരത്തെ പുറത്തിറങ്ങിയ ടീസറിനും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.

ചിത്രം വെള്ളിയാഴ്ച്ച തീയേറ്ററുകളിലെത്താനിരിക്കേയാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തുവിട്ടത്. തങ്ങള്‍ ചെയ്ത ചില തെറ്റുകള്‍ ഏറ്റുപറയുന്ന ഒരു കാറിലെ യാത്രക്കാരാണ് ട്രെയിലറിന്റെ കേന്ദ്രബിന്ദു. തങ്ങളുടെ പ്രിയപ്പെട്ടവരെപ്പോലും ചതിച്ചതിനെക്കുറിച്ച് അവര്‍ അജ്ഞാതനായ ഒരാളോട് തുറന്നു പറയുന്ന രംഗങ്ങളാണ് ട്രെയിലറില്‍ നിറയുന്നത്.

എന്നാല്‍ ഇതിലേറെയും പറയാനുണ്ടെന്നും ബാക്കി ആര്് പറയുമെന്നുമുള്ള അയാളുടെ ചോദ്യം പ്രേക്ഷകര്‍ക്ക് കൂടുതല്‍ ആകാംഷ സമ്മാനിക്കുന്ന നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.

ഡയസ്പോര്‍ എന്റര്‍ടെയ്ന്‍മെന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദര്‍പണ്‍ ത്രിസാല്‍ നിര്‍മ്മിച്ച് റിതേഷ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുധി കോപ്പ, ആന്‍ ശീതള്‍, മാലാ പാര്‍വതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ഗോപിക മഞ്ജുഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോന്‍, സുഹാസ് ഷെട്ടി എന്നിവരാണ് നിര്‍മ്മാതാക്കളും. ഇവര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. വിജേന്ദര്‍ സിംഗ്, ഹരീഷ് ലഖാനി, ജിതേന്ദ്രയാദവ്, വി.കെ ഫിലിംസ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവരാണ് ചിത്രത്തിലെ സഹ നിര്‍മ്മാതാക്കള്‍.

ക്രിയേറ്റീവ് പ്രൊഡ്യൂസറായി റീന ഒബ്റോയ്, ഹെഡ് ഓഫ് പ്രൊഡക്ഷനായി ശശി ദുബൈ എന്നിവരും പ്രവര്‍ത്തിക്കുന്നു. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ബാബ തസാദുഖ് ഹുസൈന്‍ ആണ്. ഈ വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം കിഷ്‌കിന്ദകാണ്ഡത്തിലൂടെ നേടിയ സൂരജ് ഇഎസ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വികാശ് ആര്യ, ലൈന്‍ പ്രൊഡക്ഷന്‍ ഒക്ടോബര്‍ സ്‌കൈ പിക്ചേഴ്സ്, കലാസംവിധാനം കിഷോര്‍ കുമാര്‍, സംഗീതം നിതീഷ് രാംഭദ്രന്‍, കോസ്റ്റിയും മേബിള്‍ മൈക്കിള്‍, മലയാളം അഡാപ്റ്റേഷന്‍ രഞ്ജിത മേനോന്‍, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മ, സൗണ്ട് മിക്സിംഗ് ഡാന്‍ ജോസ്, കളറിസ്റ്റ് ലിജു പ്രഭാകര്‍, ആക്ഷന്‍ ജാവേദ് കരീം, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല, സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍ അവൈസ് ഖാന്‍, ലൈന്‍ പ്രൊഡ്യൂസര്‍ എ.കെ ശിവന്‍, അഭിലാഷ് ശങ്കരനാരായണന്‍ എന്നിവര്‍ വിവിധ ചുമതലകള്‍ വഹിക്കുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍ റഫീഖ് ഖാന്‍, കാസ്റ്റിംഗ് നിതിന്‍ സികെ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു രഘുനന്ദന്‍, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍ ജിയോ സെബി മലമേല്‍, അസോസിയേറ്റ് ഡയറക്ടര്‍ ശരത്കുമാര്‍ കെ.ജി, അഡീഷണല്‍ ഡയലോഗ് ലോപസ് ജോര്‍ജ്, സ്റ്റില്‍സ് അജിത് മേനോന്‍, വിഎഫ്എക്സ് തിങ്ക് വിഎഫ്എക്സ്, അഡീഷണല്‍ പ്രമോ മനീഷ് ജയ്സ്വാള്‍, പബ്ലിസിറ്റി ഡിസൈന്‍ ആര്‍ഡി സഗ്ഗു, ടൈറ്റില്‍ ഡിസൈന്‍ ഹസ്തക്യാര, മാര്‍ക്കറ്റിംഗ് ഏജന്‍സി മെയിന്‍ലൈന്‍ മീഡിയ, ഫോര്‍വേഡ് സ്ലാഷ് മീഡിയ, പിആര്‍ഒ സതീഷ് എരിയാളത്ത്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് വര്‍ഗീസ് ആന്റണി, വിതരണം ഫിയോക്ക് എന്നിവരാണ് ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍.

 

Continue Reading

Trending