2017 ജൂലൈ അഞ്ച്. പാലക്കാട് ജില്ലാ പബ്ലിക്‌ലൈബ്രറി കെട്ടിടത്തിലെ ഹാള്‍. നടന്‍ ഇന്നസെന്റിന്റെ അര്‍ബുദ കാലത്തെ ആസ്പത്രിവാസ ഓര്‍മകള്‍ സംബന്ധിച്ച പുസ്തകത്തിന്റെ തമിഴ് പരിഭാഷയുടെ പ്രകാശനം. ഉദ്ഘാടനത്തിന് കൃത്യസമയത്ത് തന്നെ എത്തിയ ഇന്നസെന്റ് നടത്തിയ പ്രസംഗത്തിലെ ഏതാനും വാചകങ്ങള്‍ കേള്‍ക്കൂ: ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിലെ പ്രിന്‍സിപ്പലും കുട്ട്യോളും അധ്യാപകരുമൊക്കെയാണ് ഗ്യാലറിയിലിരിക്കുന്നത്. പാര്‍ലമെന്റ് കാണാന്‍ വന്നതാണവര്‍. ഞാനും (വേദിയിലേക്ക് ചൂണ്ടി) എം.ബി രാജേഷുമൊക്കെ സഭയിലുണ്ട്. എന്നെ അധ്യാപകരും കുട്ടികളുമൊക്കെ തുറിച്ചുനോക്കുകയാണ്. തങ്ങളുടെ എം.പി ഇന്നേട്ടന്‍ എന്തെങ്കിലുമൊക്കെ ഇന്ന് കാച്ചും എന്ന ്പ്രതീക്ഷിച്ചാണ് അവരുടെ ഇരിപ്പ്. ഞാന്‍ സ്പീക്കര്‍ സുമിത്രാമഹാജനെ നോക്കി. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അവരോട് കൈ ഇങ്ങനെ ഉയര്‍ത്തിക്കാണിക്കണം. ഞാന്‍ അവര്‍ കാണാതെ കൈ തലക്കുമുകളിലേക്ക് ഉയര്‍ത്തി. അയ്യോ അവര്‍ കണ്ടോ. കണ്ടില്ല. ഭാഗ്യം. അവര്‍ കണ്ടിരുന്നെങ്കില്‍ എന്നെ സംസാരിക്കാന്‍ ക്ഷണിച്ചേനേ. ഞാന്‍ സ്പീക്കറെ ഒരിക്കല്‍കൂടി നോക്കി. കൈ ഉയര്‍ത്തി. ഇപ്പോഴാണ് അവര്‍ എന്നെ കണ്ടതായി തോന്നിയത്. ഞാന്‍ ദേ ഇങ്ങനെ, കൈ പതുക്കെ തലയില്‍ മുടി ഒതുക്കുന്നതുപോലെ കാട്ടി. രക്ഷപ്പെട്ടു. അയ്യോ. ഞാന്‍ ഇതൊക്കെ പറയുന്നത്… ഞാന്‍ എല്ലാം തുറന്നുപറയുന്ന കൂട്ടത്തിലാണ് കേട്ടോ… !
സാംസ്‌കാരിക രംഗത്തുള്ളവരെ ഉയര്‍ത്തിക്കാട്ടി വോട്ടുപിടിക്കുക എന്ന തന്ത്രം കുറെ കാലങ്ങളായി സി.പി.എം പയറ്റുന്നുണ്ടെങ്കിലും ഇടയ്ക്ക് നടന്‍ മുരളിയിലൂടെയും സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനിലൂടെയും മറ്റും ഏറ്റ തിരിച്ചടികള്‍ മൂലം അതില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ആ കക്ഷി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്താണ് പ്രമുഖ നടന്‍ ഇന്നസെന്റിനെ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലേക്ക് സി.പി.എം നിര്‍ദേശിച്ചത്. പാര്‍ട്ടിയുടെ നയസമീപനങ്ങളും രാഷ്ട്രീയ-സാമൂഹിക നിലപാടുകളും പച്ചവെള്ളം പോലെ കലക്കിക്കുടിച്ചവരാവണം പാര്‍ട്ടി ജനപ്രതിനിധികള്‍ എന്ന നയത്തില്‍ നിന്നാണ് സി.പി.എം ഈ മാറ്റം നടത്തിയത്. ഇതിനായി ജസ്റ്റിസ് കൃഷ്ണയ്യരെ പോലുള്ള സ്വതന്ത്രരെ പാര്‍ട്ടി മുന്‍കാലങ്ങളില്‍ മല്‍സരിപ്പിച്ചിട്ടുണ്ടെന്ന ന്യായമാണ് പറഞ്ഞുകൊണ്ടിരുന്നത്. എന്നാലിപ്പോള്‍ സിനിമാരംഗത്തുനിന്ന് മൂന്ന് പേരെയാണ് പാര്‍ട്ടി ജയിപ്പിച്ചുകൊണ്ടുവന്നിരിക്കുന്നത്. ഇത് എത്രകണ്ട് പ്രയോജനപ്രദമാണ് എന്ന് ആ കക്ഷി പുനര്‍വിചിന്തനം നടത്തുന്നത് ഈ അവസരത്തില്‍ നന്നായിരിക്കും.
നടന്‍ ദിലീപ് പ്രതിയായ കൊച്ചിയിലെ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന താര സംഘടന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനൊടുവില്‍ സംഘടനയുടെ അധ്യക്ഷന്‍ കൂടിയായ നടന്‍ ഇന്നസെന്റ്, എം.എല്‍.എമാരും സംഘടനയുടെ ഭാരവാഹികളുമായ മുകേഷ്, ഗണേഷ് കുമാര്‍ എന്നിവര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായി നടത്തിയ ആക്ഷേപം ഇടതുപക്ഷം എത്തിപ്പെട്ടിരിക്കുന്ന കടുത്ത രാഷ്ട്രീയ ജീര്‍ണതയെയാണ് സ്മരിപ്പിക്കുന്നതെന്ന് പറയാതെ വയ്യ. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് നിയമസഭയിലേക്ക് കൂടുതല്‍ സ്വതന്ത്രരും ജനപ്രിയരുമായവരെ വിജയിപ്പിച്ചെടുക്കാന്‍ സി.പി.എം തീരുമാനിക്കുമ്പോള്‍ ഇത്തരമൊരു അക്കിടി പറ്റുമെന്ന് ആ പാര്‍ട്ടിയിലെ പലരും നിനച്ചിരുന്നിരിക്കില്ല. എന്നാല്‍ ഇടതുപക്ഷത്തിന്റെ സര്‍ക്കാരിനെയും മുന്നണിയെയും ബാധിക്കുന്ന നിര്‍ണായകമായൊരു സംഭവത്തിലെ ഇവരുടെ നിലപാട് സത്യത്തില്‍ സി.പി.എം എന്ന കക്ഷിയെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്.
കേസില്‍ ദിലീപ് പ്രതിയാകുമെന്ന് കരുതപ്പെടാത്ത നാളുകളില്‍ തന്നെയാണ് മുഖ്യമന്ത്രി ഗൂഢാലോചകര്‍ക്കനുകൂലമെന്ന് തോന്നുന്ന രീതിയിലുള്ള പ്രസ്താവനയുമായി പരസ്യമായി രംഗത്തുവന്നതെങ്കിലും ദിലീപിലേക്ക് വെളിച്ചം വീശുന്ന തെളിവുകള്‍ പൊലീസ് അന്വേഷണത്തിലൂടെ വെളിച്ചത്തുവന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വരം മാറ്റുന്നതാണ് കണ്ടത്. അപ്പോള്‍ കാമറക്കണ്ണുകള്‍ പിന്നീട് തിരിഞ്ഞത് സിനിമാമേഖലയിലേക്കായിരുന്നു. ജനപ്രിയ നടനും അമ്മയുടെ ട്രഷററുമൊക്കെയായ ദിലീപിനെതിരായ തെളിവുകള്‍ വെച്ച് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുമോ എന്ന മില്യന്‍ ഡോളര്‍ ചോദ്യത്തിന് ഇടതുപക്ഷ ജനപ്രതിനിധികളായ സിനിമാപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം ജനത്തെയാകെയും പ്രത്യേകിച്ച് ഇടതുപക്ഷ-സി.പി.എം പ്രവര്‍ത്തകരെയും അനുഭാവികളെയും ഞെട്ടിക്കുന്നതായി.
വാസ്തവത്തില്‍ മാധ്യമങ്ങള്‍ അവരുടെ റിപ്പോര്‍ട്ടര്‍മാരിലൂടെ ജനങ്ങളിലേക്കെത്തിക്കുന്ന വാര്‍ത്തകള്‍ മാധ്യമ പ്രവര്‍ത്തകരുടെ ഇംഗിതത്തെക്കാളുപരി വിഷയത്തിന്റെ മെറിറ്റിലേക്കാണ് അധികവും കടന്നുചെല്ലാറ്. ഇതറിയാത്തത് ഇടതുപക്ഷ ജനപ്രതിനിധികള്‍ക്ക് സംഭവിച്ചിരിക്കുന്ന വീഴ്ചയായി വിലയിരുത്തപ്പെടുക തന്നെ വേണം. അമ്മയുടെ യോഗത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തിനിടെ ഒരു മാധ്യമ പ്രവര്‍ത്തകന്‍, ‘ഇരയുടെ പേരുപറഞ്ഞ് അപമാനിച്ച നടനില്‍ നിന്ന് വിശദീകരണം തേടിയോ’ എന്ന ചോദ്യത്തിന് ഇന്നസെന്റിന്റെ ഭാവം കാണണമായിരുന്നു. തീര്‍ത്തും കിലുക്കം സിനിമയിലെ കിട്ടുണ്ണിയുടെ റോളിലാണ് അദ്ദേഹം പ്രതികരിച്ചത്. അതാരാ, ഞാനറിഞ്ഞില്ല. എന്നായിരുന്നു ഇന്നസെന്റിന്റെ ആദ്യ പ്രതികരണം. പിന്നീട് പേരു പറഞ്ഞപ്പോള്‍ കുറച്ചുനേരം മൈക്ക് കയ്യില്‍ പിടിച്ചുതിരിഞ്ഞുനോക്കിയ ശേഷം മറ്റൊരാളുടെ നിര്‍ദേശത്തെതുടര്‍ന്ന് ദിലീപിനോട് വിശദീകരിക്കാന്‍ ആവശ്യപ്പെടുകയാണ് ഇന്നസെന്റ് ചെയ്തത്. യഥാര്‍ഥത്തില്‍ ഇത്തരമൊരു അവസരത്തില്‍ പൂര്‍ണമായും പരിസരവും ചര്‍ച്ചയുടെ നിയന്ത്രണവും ഏറ്റെടുക്കേണ്ട ഒരു നേതാവാണ് ഇങ്ങനെ പൊട്ടന്‍ കളിച്ചത് എന്നത് അമ്മ സംഘടനയെക്കാളുപരി ഇടതുപക്ഷത്തെ പ്രതിനിധീകരിക്കുന്ന ലോക്‌സഭാംഗം എന്ന നിലയില്‍ തീര്‍ത്തും പരാജയമായിരുന്നുവെന്നതാണ് നേര്. മുകേഷിന്റെ കാര്യത്തില്‍ സി.പി.എം അവരുടെ പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടാകുമെന്നതിന്റെ തെളിവാണ് മുകേഷിനെതിരായ സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റിയുടെ പിന്നീടുള്ള നീക്കങ്ങള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഇന്നസെന്റിന്റെ കാര്യത്തില്‍ അങ്ങനെ എന്തെങ്കിലും ചര്‍ച്ച നടന്നതായി ഇതുവരെയും അറിവില്ല. തന്നെ നിര്‍ബന്ധിച്ചാണ് അമ്മ പ്രസിഡണ്ട് പദവിയിലേക്ക് മറ്റുള്ളവര്‍ പിടിച്ചുനിര്‍ത്തിയതെന്ന് പറയുന്ന ഇന്നസെന്റും സി.പി.എമ്മും മറുപടി പറയേണ്ട മറ്റൊരു ചോദ്യവും അന്തരീക്ഷത്തില്‍ ഉയരുന്നുണ്ട്. അതിതാണ്. ഇന്നസെന്റിനെ പാര്‍ട്ടി ചാലക്കുടിയില്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതില്‍ എന്തെങ്കിലും രാഷ്ട്രീയമായ പ്രതീക്ഷകള്‍ വെച്ചുകൊണ്ടായിരുന്നോ എന്നതാണത്. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാനേതാവും പലതവണ എം.പിയുമായ പി.സി ചാക്കോയെയാണ് ചാലക്കുടിയില്‍ ഇന്നസെന്റ് പരാജയപ്പെടുത്തിയതെന്നോര്‍ക്കണം. പാര്‍ട്ടിക്കകത്തുണ്ടായ പ്രശ്‌നങ്ങളാണ് ചാക്കോക്ക് അവിടെ കാലിടറാനിടയാക്കിയതെങ്കിലും ഇന്നസെന്റിനെപോലെ പൊതുരംഗത്ത് ഒട്ടും പരിചയമില്ലാത്ത ഒരാളെ നിര്‍ത്തിയ സി.പി.എം മണ്ഡലം പിടിച്ച് എം.പിമാരുടെ എണ്ണം കൂട്ടുക എന്നതു മാത്രമാണ് ഉദ്ദേശിച്ചത് എന്നല്ലേ വ്യക്തമാകുന്നത്.
അമ്മയുടെ വാര്‍ത്താസമ്മേളനത്തിലുണ്ടായ പിഴവുകള്‍ക്ക് മാപ്പപേക്ഷയുമായി ഇന്നസെന്റ് കഴിഞ്ഞ അഞ്ചിന് ചാലക്കുടിയിലെ തന്റെ വീട്ടില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയുണ്ടായി. ഇതില്‍ അമ്മയുടെ ഭാരവാഹികളായ മുകേഷിനും ഗണേഷ് കുമാറിനും പറ്റിയ പിഴവിന് മാപ്പുചോദിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ക്ഷമാപണം. എന്നാല്‍ ആ വാര്‍ത്താസമ്മേളനത്തില്‍ തീര്‍ത്തും സ്ത്രീവിരുദ്ധമായ, മോശപ്പെട്ട സ്ത്രീകള്‍ കിടപ്പറ പങ്കിടും എന്ന പ്രസ്താവമാണ് നടത്തിയത്. ഇനിയും വാര്‍ത്താസമ്മേളനങ്ങള്‍ നടത്തി ക്ഷമാപണങ്ങളുടെ പട്ടിക നീണ്ടുപോകാതിരുന്നത് അദ്ദേഹത്തിന്റെയും അദ്ദേഹത്തിന് വോട്ടുചെയ്തവരുടെയും സി.പി.എമ്മിന്റെയുമൊക്കെ ഭാഗ്യം.
വാല്‍പീസ്:- മലയാള സിനിമയിലെ സൂപ്പര്‍താരത്തെ പാര്‍ലമെന്റിലേക്ക് അയക്കാന്‍ തുടങ്ങിയ ചര്‍ച്ച തല്‍ക്കാലത്തേക്ക് പാര്‍ട്ടി മരവിപ്പിച്ചിരിക്കുകയാണത്രെ.