രാജ്യത്തെ അസ്ഥിരതയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് ശക്തികളുമായുള്ള ബാന്ധവം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ചതിന്‌ശേഷം രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായ കശ്മീരില്‍ രൂപപ്പെട്ട പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ ശുഭപ്രതീക്ഷ നല്‍കിയിരിക്കെ നടന്ന നാടകീയ രംഗങ്ങള്‍ ഫാഷിസ്റ്റ് ശക്തികളുടെ സ്വേച്ഛാധിപത്യ നിലപാടുകള്‍ ഒരിക്കല്‍കൂടി വെളിവാക്കപ്പെടുന്നതാണ്. ഡിസംബര്‍ പതിനെട്ടിന് രാഷ്ട്രപതി ഭരണത്തിന്റെ കാലാവധി അവസാനിക്കാനിരിക്കെ പി.ഡി.പി-എന്‍.സി – കോണ്‍ഗ്രസ് കക്ഷികളുടെ നേതൃത്വത്തില്‍ നടക്കുന്ന സഖ്യ ഭരണ സമിതി ചര്‍ച്ച പച്ചപിടിച്ചുവരുന്നുവെന്നത് ഫാഷിസ്റ്റ് കക്ഷികളെ സംബന്ധിച്ചിടത്തോളം നിരാശാജനകമായ വാര്‍ത്തയാണ്. ലോക്‌സഭാതെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കേ വിശാല പ്രതിപക്ഷ ഐക്യത്തിനുള്ള ധാരണ തങ്ങള്‍ക്ക് തിരിച്ചടിയായി മാറുമെന്നുറപ്പായ സാഹചര്യത്തിലാണ് നെറികെട്ട രാഷ്ട്രീയ നീക്കവുമായി കേന്ദ്രം ഭരിക്കുന്നവര്‍ രംഗപ്രവേശനം നടത്തിയതെന്ന് വേണം കരുതാന്‍.
സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെയും നാഷണല്‍ കോണ്‍ഫറന്‍സിന്റെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പി.ഡി.പി അവകാശവാദമുന്നയിച്ചതിന് പിന്നാലെയാണ് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ട് ഉത്തരവിറക്കിയത്.
പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് മൂന്നാം മുന്നണി രൂപീകരിച്ച് അധികാരം പിടിച്ചെടുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം നടന്നുകൊണ്ടിരിക്കെയാണ് വിശാല പ്രതിപക്ഷ ഐക്യത്തിന്റെ തിരിവെട്ടം തെളിഞ്ഞത്. ജനങ്ങളുടെ താല്‍പര്യം പരിഗണിച്ച് കോണ്‍ഗ്രസിനും പി.ഡി.പിക്കും ഒപ്പം നില്‍ക്കാന്‍ തയ്യാറാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഫാറൂഖ് അബ്ദുല്ല വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഫാഷിസ്റ്റ് ശക്തികളുടെ കൂട്ട് കെട്ടോടെയുള്ള സര്‍ക്കാറിന്റെ രംഗപ്രവേശനം തടയാനുള്ള നീക്കങ്ങള്‍ക്ക് കശ്മീര്‍ രാഷ്ട്രീയത്തിന്റെ അകത്തളങ്ങളില്‍ മതേതര കക്ഷികളുടെ യോജിപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചത്. സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രിസഭാരൂപവത്കരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന സാഹചര്യത്തില്‍തന്നെ ഇത്തരമൊരു വിശാല സഖ്യ ആശയം കോണ്‍ഗ്രസ് മുന്നോട്ട്‌വെച്ചിരുന്നതായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗുലാം അഹ്മദ് മിര്‍ പറയുന്നു. കശ്മീരിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ ആശയത്തെ പി.ഡി.പിയും എന്‍.സിയും പിന്തുണച്ചതോടെ സംസ്ഥാനത്ത് ഫാഷിസ്റ്റുകളെ തുരത്താനുള്ള തന്ത്രങ്ങളുടെ രൂപരേഖകള്‍ തയ്യാറായി വരികയായിരുന്നു. ഇതിനിടെയാണ് ജനാധിപത്യ മര്യാദകളെ ദുര്‍ബലപ്പെടുത്തി മതേതര സര്‍ക്കാറിന്റെ രൂപവത്കരണത്തിന് തടയിടാന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെകൊണ്ട് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി കരുനീക്കങ്ങള്‍ നടത്തിയത്. ഭരണഘടനാവകുപ്പുകള്‍ പ്രകാരം തന്നില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് നിയമസഭ പിരിച്ചുവിട്ടതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഈ നാടകീയ നീക്കങ്ങള്‍ക്ക് പിന്നില്‍ ഫാഷിസ്റ്റ് ശക്തികളുടെ ഗൂഢ തന്ത്രമാണെന്ന് മനസ്സിലാക്കാന്‍ വലിയ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ പിന്‍ബലമൊന്നും ആവശ്യമില്ല.
നിയമസഭ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസും പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും വ്യക്തമാക്കിയിരിക്കുകയാണ്. നിയമസഭ പിരിച്ചുവിട്ടതോടെ കേന്ദ്ര ഭരണത്തിന്‍ കീഴിലാവുന്ന ജമ്മു കശ്മീര്‍ ഫാഷിസ്റ്റ് ശക്തികളുടെ തിട്ടൂരങ്ങള്‍ പ്രകാരം എത്ര കാലം സുസ്ഥിരതയോടും സമാധാനത്തോടും കൂടി മുന്നോട്ട് പോകും എന്ന കാര്യത്തില്‍ കടുത്ത ഭീതി ഉയര്‍ന്നിരിക്കുകയാണ്.
സഖ്യ ഭരണത്തിന്‍കീഴില്‍ ഫാഷിസ്റ്റ് ശക്തികളുടെ നെറികെട്ട ഇടപെടലുകളില്‍ സൈ്വര്യം കെട്ടാണ് മെഹബൂബ മുഫ്തി മാറിച്ചിന്തിച്ചതെന്നും ഈ അവിശുദ്ധ ബാന്ധവത്തില്‍നിന്നും എങ്ങിനെയെങ്കിലും തലയൂരി രക്ഷപ്പെടാന്‍ തീരുമാനിച്ചതെന്നും വ്യക്തമായതോടെയാണ് കശ്മീരിലെ രാഷ്ട്രീയ ഗതികള്‍ ഒരിക്കല്‍കൂടി പ്രതിസന്ധിയിലായത്.
അന്ന്‌തൊട്ട് കശ്മീരില്‍ ജനാധിപത്യ കശാപ്പിനുള്ള നടപടികള്‍ക്ക് കേന്ദ്ര ഭരണ സഹായത്തോടെ ആക്കം കൂട്ടുകയായിരുന്നു ബി.ജെ.പി.
മതേതര സഖ്യം അധികാരത്തില്‍ വരുന്നതിനെ നഖശിഖാന്തം എതിര്‍ക്കുന്നതോടൊപ്പം വരാനിരിക്കുന്ന ലോക്‌സഭാതെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കശ്മീരിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കി മാറ്റുകയെന്ന തന്ത്രവും ഫാഷിസ്റ്റുകളുടെ ആലയില്‍ രൂപപ്പെടുത്തിവരികയായിരുന്നു. രണ്ട് അംഗങ്ങളുള്ള പീപ്പിള്‍ കോണ്‍ഫറന്‍സ്, 25 അംഗങ്ങളുള്ള ബി.ജെ.പിയുമായി സഹകരിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പകിട കളി നടത്തിയത് ഇതിന്റെ ഭാഗമാണ്. എന്നാല്‍ ഈ നീക്കങ്ങള്‍ക്ക് തടയിടാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വിശാല പ്രതിപക്ഷമെന്ന ആശയം കശ്മീരില്‍ ഉരുത്തിരിഞ്ഞ്‌വന്നതോടെ നിയമസഭ പിരിച്ചുവിടുകയല്ലാതെ മറ്റൊരു പോംവഴിയില്ലെന്ന അവസ്ഥയില്‍ കേന്ദ്രം എത്തിപ്പെടുകയാണുണ്ടായത്.
അപ്രതീക്ഷിതവും നാടകീയവുമായ ഗവര്‍ണറുടെ നടപടി വിവാദമായതോടെ കേന്ദ്ര ഭരണത്തിന്റെ മുഷ്ടി ഉപയോഗിച്ച് എതിര്‍വാദങ്ങളെ നിഷ്പ്രഭമാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാകും ഇനി ബി.ജെ.പി യുടെ ഭാഗത്ത് നിന്നുമുണ്ടാകുക. സംസ്ഥാനത്ത് സുസ്ഥിര ഭരണം സാധ്യമല്ലന്നിരിക്കെ എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്തുകയാണ് പോംവഴിയെന്ന് ബി.ജെ.പി പ്രസ്താവനയിറക്കിയിരിക്കുകയാണ്. ഗവര്‍ണറുടെ അസാധാരണമായ നടപടിയോടെ കേന്ദ്ര ഭരണത്തിന്‍കീഴിലാവുന്ന ജമ്മുകശ്മീരിനെ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും പൂര്‍ണ്ണമായും കാല്‍ക്കീഴിലാക്കാനുള്ള ശ്രമമാകും ഇനി അവരുടെ ഭാഗത്ത് നിന്നുമുണ്ടാകുകയെന്ന് സ്പഷ്ടം.