Connect with us

Video Stories

അയോധ്യയില്‍ മുഴങ്ങുന്നത് തെരഞ്ഞെടുപ്പ് കാഹളം

Published

on

വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ സംഘ് പരിവാര്‍ കുടുംബത്തില്‍ നിന്ന് മൂന്നു ലക്ഷത്തോളം പേര്‍ അയോധ്യയിലെത്തിയതോടെ 26 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഭീതിതമായ സാഹചര്യത്തിലേക്ക് ആ പ്രദേശം നീങ്ങിയിരിക്കുകയാണ്. രാമക്ഷേത്ര നിര്‍മാണം വൈകുന്നതിലെ അതൃപ്തി ഭരണകൂടങ്ങളെ അറിയിക്കാന്‍ വേണ്ടി എന്ന പേരിലാണ് ഭരണകൂടത്തേയും നിയമസംവിധാനങ്ങളെയുമെല്ലാം നോക്കു കുത്തിയാക്കി പുതിയ നീക്കം ആരംഭിച്ചിരിക്കുന്നത്. രാമക്ഷേത്രം പണിയാനുള്ള ഓര്‍ഡിനന്‍സുകൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവാണമെന്നാണ് പ്രതിഷേധത്തിന്റെ മുന്നണിയിലുള്ള ശിവസേനയുടെ ആവശ്യം. എന്നാണ് രാമക്ഷേത്രം പണിയുന്നതെന്ന് പറയണമെന്നും അവര്‍ ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് സമയത്ത് തന്ന വാഗ്ദാനങ്ങളില്‍ നിന്നുരുളുന്ന നിലപാടാണ് ബി.ജെ.പി സര്‍ക്കാരിന്റേത്. ഹിന്ദുത്വത്തെ അനുകൂലിക്കുന്നു എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഞങ്ങള്‍ അയോധ്യയെക്കുറിച്ച് ചോദിക്കുമ്പോള്‍ ബി.ജെ.പി കുംഭകര്‍ണന്‍മാരാകുന്നു. കുംഭകര്‍ണന്റെ ഉറക്കമുണര്‍ത്താനായാണ് ശിവസേന പ്രവര്‍ത്തകര്‍ അയോധ്യയിലെത്തിയതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറെ പറയുകയുണ്ടായി. കുംഭകര്‍ണന്‍ ആറുമാസമാണ് ഉറങ്ങുക. പക്ഷേ ഈ കുംഭകര്‍ണന്‍ നാലര വര്‍ഷമായി ഉറങ്ങുകയാണ്. വാജ്‌പേയി സര്‍ക്കാറിന് സ്വന്തമായി ഭൂരിപക്ഷമുണ്ടായിരുന്നില്ല. എന്നാല്‍ മോദി സര്‍ക്കാറിന് ഭൂരിപക്ഷമുണ്ട്. അതിനാല്‍ ഓര്‍ഡിനന്‍സോ, നിയമമോ കൊണ്ടുവരണമെന്നും ഇതിന്റെ തീയതി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രദേശത്ത് പൊലീസ് കനത്ത സംരക്ഷണമൊരുക്കിയുട്ടെണ്ടെന്നാണ് ഭരണാധികാരികളുടെ ഭാഷ്യമെങ്കിലും ന്യൂനപക്ഷങ്ങള്‍ തികഞ്ഞ അരക്ഷിതാവസ്ഥയിലാണ് കഴിഞ്ഞു കൂടുന്നത്. 1992 ലെ ബാബരി ധ്വംസനത്തിന്റെ സമാന സാഹചര്യങ്ങളാണ് മുന്നില്‍ കാണുന്നത്. ഈ സാഹചര്യത്തിലും മുഖ്യമന്ത്രി രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിക്കൊണ്ടിരിക്കുകയാണെന്നത് സുരക്ഷാ സന്നാഹത്തെക്കുറിച്ചുള്ള സംസ്ഥാന സര്‍ക്കാറിന്റെ വാദഗതിയുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കുന്നുണ്ട്. ആളുകള്‍ കൂട്ടത്തോടെ പ്രദേശത്ത് നിന്ന് മാറിപ്പോവുകയാണ്. അവിടെ തന്നെ നിലയുറപ്പിക്കുന്നവര്‍ ഭക്ഷണ സാധനങ്ങള്‍ വാങ്ങിക്കൂട്ടി പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ തങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ബാബരി മസ്ജിദ് തകര്‍ത്ത സാഹചര്യത്തില്‍ സംസ്ഥാനം മാത്രമായിരുന്നു ബി.ജെ.പി യുടെ അധികാരത്തിലെങ്കില്‍ ഇപ്പോള്‍ കേന്ദ്രത്തിലും അവരാണെന്നത് ആശങ്കയുടെ ആഴം വര്‍ധിപ്പിക്കുന്നു.
മുന്‍ കാലങ്ങളില്‍ രാമക്ഷേത്ര നിര്‍മാണത്തിനു വേണ്ടി മുറവിളി ഉയര്‍ന്നിരുന്നത് കര്‍സേവകരുടെ അത്യാവേശത്തില്‍ നിന്നായിരുന്നുവെങ്കില്‍ നിലവില്‍ അത് ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നു തന്നെയാണെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ലോകസഭാ തെരഞ്ഞെടുപ്പിനു മുമ്പ് രാമക്ഷേത്രം നിര്‍മിക്കുമെന്ന് പറഞ്ഞിരിക്കുന്നത് ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആഥിത്യ നാഥ് തന്നെയാണ്. രാമക്ഷേത്ര നിര്‍മാണത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നാണ് കേന്ദ്ര നിയമ കാര്യമന്ത്രി രവിശങ്കര്‍ പ്രസാദ് നല്‍കിയിരിക്കുന്ന ഉറപ്പ്. ക്ഷേത്രനിര്‍മാണത്തിന് സുപ്രീംകോടതി വിധി വരെ കാത്തുനില്‍ക്കാനാവില്ലെന്നാണ് യു.പിയില്‍ നിന്നു തന്നെയുള്ള ബി.ജെ.പി എം.പി പ്രസ്താവിച്ചിരിക്കുന്നത്. പ്രശ്‌നം സുപ്രീംകോടതിയിലാണെന്ന കാര്യം പോലും മറന്നുകൊണ്ടാണ് ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്ത് അധികാരത്തിലേറിയവര്‍ തന്നെ പ്രസ്താവനകിളിറക്കിക്കൊണ്ടിരിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങളും മതേതര വിശ്വാസികളും ആശങ്കയുടെ മുള്‍മുനയിലാണെങ്കിലും കേന്ദ്ര- യു.പി ഭരണാധികാരികള്‍ ആഹ്ലാദത്തിമര്‍പ്പിലാണ്. ക്ഷേത്ര വിഷയം ഉയര്‍ന്നു വരണമെന്ന് ഇരു ഭരണകൂടങ്ങളും അതിയായി ആഗ്രഹിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് സംഘ്പരിവാര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത്. ഇപ്പോഴത്തെ നീക്കത്തിനു പിന്നില്‍ ഭരണകൂടങ്ങളുടെ പങ്ക് തന്നെ ന്യായമായും സംശയിക്കാവുന്ന രീതിയിലാണ് കാര്യങ്ങളുടെ കിടപ്പ്. പ്രത്യേകിച്ച് അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍. പാര്‍ട്ടി അഭിമാന പോരാട്ടമായി കാണുന്ന രാജസ്ഥാനിലും മധ്യപ്രദേശിലുമെല്ലാം ശക്തമായി അലയടിക്കുന്ന ഭരണ വിരുദ്ധ വികാരത്തെ പ്രതിരോധിക്കാന്‍ വര്‍ഗീയ ധ്രുവീകരണമല്ലാതെ മറ്റൊരു ആയുധവും ഇപ്പോള്‍ ബി.ജെ.പിയുടെ കൈവശമില്ല.
അതിനിടെ ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നിയമ നിര്‍മാണത്തിനുള്ള ശ്രമങ്ങളും ബി.ജെ.പി ഒരു വശത്ത് നടത്തിക്കൊണ്ടിരിക്കുകയാണ്. വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ കൊണ്ട് വരാനുള്ള ശ്രമം അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ലോക സഭയില്‍ കാര്യങ്ങള്‍ കൈപ്പിടിയില്‍ നില്‍ക്കുമെങ്കിലും രാജ്യസഭയില്‍ നിലവിലെ സാഹചര്യത്തില്‍ പോലും ബില്‍ പാസാക്കിയെടുക്കാന്‍ ഭരണ പക്ഷത്തിന് കഷ്ടപ്പെടേണ്ടി വരും. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരാനുള്ള നീക്കങ്ങളും നടന്നേക്കാം. ഓര്‍ഡിനന്‍സിന്റെ കാലാവധി ആറുമാസമാണെങ്കിലും അത് വീണ്ടും നീട്ടിക്കൊണ്ടുപോവാനുള്ള അധികാരം കേന്ദ്ര സര്‍ക്കാറിന് ഭരണ ഘടന നല്‍കുന്നുണ്ട്. അപ്പോഴും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിതന്നെ സുപ്രീംകോടതിയെ മറികടക്കാന്‍ ശ്രമിക്കുകയെന്ന അനൗജിത്യം നിലനില്‍ക്കുന്നുണ്ട്. എന്നിട്ടും ഈ നടപടി ക്രമങ്ങളിലേക്ക് ബി.ജെ.പി നീങ്ങുന്നുവെങ്കില്‍ അതിന്റെ ഉദ്ദേശം പാര്‍ലമെന്റിനകത്ത് തന്നെ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം നടത്തുകയെന്നത് മാത്രമാണ്. ബില്‍ ചര്‍ച്ചക്കെടുക്കുമ്പോള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷത്ത് നില്‍ക്കുന്നവര്‍ ക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുക സ്വാഭാവികമാണ്. അത് ഉപയോഗപ്പെടുത്തി അവരെ ക്ഷേത്ര വിരുദ്ധരായി ചിത്രീകരിക്കാനും അങ്ങനെ രൂപപ്പെടുന്ന ധ്രുവീകരണത്തെ രാജ്യത്തെമ്പാടും വ്യാപിപ്പിക്കാനും അതുവഴി ലോകസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനുമാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പൊതു തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ രാജ്യത്താകമാനം ഭരണ വിരുദ്ധവികാരം പ്രകടമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ സമ്പദ് ഘടനയുടെ നട്ടെല്ലായ കര്‍ഷകരും ചെറുകിട വ്യവസായികളുമെല്ലാം ചരിത്രത്തിലില്ലാത്ത വിധം ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്നു.പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുതിച്ചുയരുമ്പോഴും രൂപയുടെ മൂല്യം തകര്‍ന്നടിയുമ്പോയും കേന്ദ്ര സര്‍ക്കാര്‍ കാഴ്ച്ചക്കാരന്റെ റോളിലാണ്. ന്യൂനപക്ഷങ്ങളും ദളിതുകളുമെല്ലാം അതിക്രൂരമായി വേട്ടയാടപ്പെടുകയും നോട്ടു നിരോധനവും ജി.എസ്.ടി കൊണ്ടുവന്നതിലെ അപാകതയുള്‍പ്പടെ യുള്ള തലതിരിഞ്ഞ സാമ്പത്തിക നയങ്ങള്‍ വളര്‍ച്ചാനിരക്കില്‍ കുത്തനെ ഇടിവ് വരുത്തിയിരിക്കുകയാണ്. കള്ളപ്പണം മുഴുവന്‍ പിടികൂടി ഒരോ ഇന്ത്യക്കാരന്റേയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നതുള്‍പ്പെടെയുള്ള മോദിയുടെ വാഗ്ദാനങ്ങള്‍ ബി.ജെ.പി നേതാക്കള്‍ക്ക് തന്നെ നിഷേധിക്കേണ്ട സാഹചര്യം വന്നുപെട്ടിരിക്കുകയാണ്. ഇതിനുപുറമെ ഫാഷിസത്തിനെതിരായ ചെറുത്തു നില്‍പ്പിനെ ഏകോപിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷശ്രമങ്ങളില്‍ ആശാവഹമായ പുരോഗതിയുണ്ടാവുന്നതും ബി.ജെ.പിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതിനെയെല്ലാം പ്രതികരിക്കാന്‍ അവരുടെ മുന്നിലുള്ള ഒറ്റമൂലി വര്‍ഗീയ ധ്രുവീകരണം മാത്രമാണ്. അതിനുള്ള ശ്രമമാണ് അയോധ്യ വഴി അവര്‍ ആരംഭിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending