ആഗോളതലത്തില്‍ കമ്യൂണിസവും മാര്‍ക്‌സിസവും ഇന്ന് വാര്‍ത്തയേയല്ല. തലക്കെട്ടുകളില്‍ മാത്രമല്ല, വരികള്‍ക്കിടയില്‍നിന്നുപോലും അവ അപ്രത്യക്ഷമായിരിക്കുന്നു. അതേക്കുറിച്ച് ആലോചിച്ച് ആരും തലപുണ്ണാക്കാറുമില്ല. പ്രത്യയശാസ്ത്രങ്ങളുടെ മ്യൂസിയത്തില്‍ കമ്യൂണിസം ഇടംപിടിച്ചുകഴിഞ്ഞു. അവശത അനുഭവിക്കുന്ന ജനകോടികളുടെ മോചനത്തിനുള്ള തത്വശാസ്ത്രമായി പരിചയപ്പെടുത്തപ്പെട്ടിരുന്ന മാര്‍ക്‌സിസത്തിന്റെ തിരോഭാവത്തില്‍ കണ്ണീര്‍ വാര്‍ക്കാനും ഇന്ന് ആളെക്കിട്ടില്ല. പൊളിച്ചെഴുതപ്പെട്ട ആധുനിക ജീവിതക്രത്തില്‍ അത്തരം വരട്ടു വാദങ്ങളുമായി ചൊറിഞ്ഞുകൂടിയതുകൊണ്ട് പ്രയോജനമില്ലെന്ന് ഉള്ളുകൊണ്ട് അതിനോട് ആഭിമുഖ്യമുള്ളര്‍ പോലും മനസ്സിലാക്കിയിരിക്കുന്നു. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും റഷ്യയിലും പുതുതലമുറക്ക് കമ്യൂണിസത്തെ വിശദീകരിച്ച് പരിചയപ്പെടുത്തിയെങ്കിലേ മനസ്സിലാകൂ. അവിടെയൊക്കെയും അത്രയേറെ വേരറ്റു കഴിഞ്ഞു ആ പ്രസ്ഥാനം. ചൈനയിലും ക്യൂബയിലുമൊക്കെ കമ്യൂണിസമെന്ന പേര് അവശേഷിക്കുന്നുണ്ടെങ്കിലും ക്യാപിറ്റലിസത്തോടാണ് ആ രാജ്യങ്ങള്‍ക്ക് പ്രിയം. ഇവിടങ്ങളിലെല്ലാം മുതലാളിത്തത്തിന്റെ രൂപഭാവങ്ങളോടെയാണ് കമ്യൂണിസം നിലനില്‍ക്കുന്നത്. തൊഴിലാളി ആഭിമുഖ്യവും വര്‍ഗസ്‌നേഹവും എല്ലാം അവിടെ മറഞ്ഞുകഴിഞ്ഞു. കൊടിയില്‍ ചോപ്പുണ്ടെങ്കിലും മുതലാളിത്തത്തിന്റെ ആശയങ്ങളാണ് പാലിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപെടുകയും ചെയ്യുന്നത്. ജീവിതസുഖങ്ങള്‍ തേടിയുള്ള അന്വേഷണത്തില്‍ മാര്‍ക്‌സിസവും കമ്യൂണിസവും വിലങ്ങുതടികളാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. പഴയ തറവാട്ടു പേര് കളയേണ്ടെന്ന് കരുതിയാണ് ചൈന ഇപ്പോഴും കമ്യൂണിസത്തെ പേറിനടക്കുന്നത്. മാത്രമല്ല, അന്നാട്ടിലെ സ്വേച്ഛാധിപതികളായ ഭരണാധികാരികള്‍ക്ക് ജനാധിപത്യത്തെ ചവിട്ടിമെതിക്കാനും സ്വാര്‍ത്ഥതയുടെ സ്വന്തം സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കാനും കമ്യൂണിസത്തിന്റെ ലേബല്‍ കൂടിയേ തീരൂ.
മാര്‍ക്‌സിസത്തിന്റെ തകര്‍ച്ചക്ക് ലോകത്തിന്റെ എല്ലാഭാഗത്തും സമാനതകളുണ്ട്. രാഷ്ട്രീയവും താത്വികവുമായ മൂല്യച്യുതിയോടെയാണ് അതിന്റ തുടക്കം. ഉത്ഭവം തൊട്ടേ ധാര്‍മിക പുറംചട്ടകളില്ലാത്തതുകൊണ്ട് ആധുനികതയുടെ ചുടുകാറ്റില്‍ മാര്‍ക്‌സിസത്തിന് അരമിനുട്ടുപോലും ആയുസ്സുണ്ടായില്ല. ഇന്ത്യയിലും പ്രസ്ഥാനത്തിന് നേരിടേണ്ടിവന്നത് അധോഗതിയാണ്. സാമൂഹിക സാഹചര്യങ്ങള്‍ മുതലെടുത്ത് സ്വന്തം തണിലടങ്ങളൊരുക്കി ഒളിച്ചോടനാണ് ഇന്ത്യയില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ശ്രമിച്ചത്. പക്ഷേ, എവിടെയും ഗതികിട്ടിയില്ല. ബംഗാളിലും ത്രിപുരയിലും കേരളത്തിലും മാത്രമാണ് അല്‍പമെങ്കിലും വേര് പിടിച്ചത്. ലോകം വെട്ടിപ്പിടിക്കുമെന്നൊക്കെയാണ് സി.പി.എം നേതാക്കള്‍ പറഞ്ഞ് നടന്നിരുന്നതെങ്കിലും പാര്‍ട്ടിയുടെ കാല്‍ചുവട്ടില്‍നിന്ന് ഉള്ള മണ്ണും ഒലിച്ചുപോകുകയായിരുന്നു. ബംഗാളില്‍ തിരിച്ചുവരവ് സി.പി.എം നേതാക്കള്‍ പോലും പ്രതീക്ഷിക്കുന്നില്ല. പതിറ്റാണ്ടുകളോളം ഭരിച്ചിട്ടും സംസ്ഥാനത്ത് ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇല്ലാതാക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. കുത്തക കമ്പനികള്‍ക്കുവേണ്ടി കൃഷിഭൂമി പിടിച്ചെടുക്കുകയും പാവപ്പെട്ട കര്‍ഷകനെ തെരുവില്‍ തള്ളുകയുമാണ് മാര്‍ക്‌സിസ്റ്റ് ഭരണകൂടം ചെയ്തത്. സ്വാഭാവികമായും ബംഗാളിലെ സാധാരണക്കാരന്‍ സി.പി.എമ്മിനെ കൈവിട്ടു. കര്‍ഷകരെയും കൂലിത്തൊഴിലാളികളെയും ഭീഷണിപ്പെടുത്തിയും അടിച്ചമര്‍ത്തിയുമായിരുന്നു അത്രയും കാലം പാര്‍ട്ടി ബംഗാളില്‍ ഭരണം നടത്തിയിരുന്നത്. ഏറെക്കാലം മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവിന്റെ നിലപാടുകളും സമീപനങ്ങളും തീര്‍ത്തും തെറ്റായിരുന്നുവെന്ന് പില്‍ക്കാലത്ത് പാര്‍ട്ടി നേതൃത്വത്തിന് സമ്മതിക്കേണ്ടിയുംവന്നു.
മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയും കൊടിയും അപ്രത്യക്ഷമായ നിലയിലാണ്. ഉത്തരേന്ത്യയിലേക്ക് തിരിഞ്ഞുനോക്കാന്‍ പോലുമാവില്ല. അവശേഷിക്കുന്ന കേരളത്തിലും സി.പി.എമ്മിന് ചലനശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ചരിത്രത്തില്‍ തുല്യതയില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കേരളത്തില്‍ പാര്‍ട്ടി കടന്നുപോകുന്നത്. അതും നാറ്റക്കേസുകളില്‍ കുടുങ്ങിയാണെന്നത് സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരെ ഏറെ ദു:ഖിപ്പിക്കുന്നുണ്ടാകും. ഒരുകാലത്ത് സി.പി.എമ്മിനകത്തെ വിവാദങ്ങള്‍ ആശയസംവാദങ്ങളില്‍ ഒതുങ്ങിയിരുന്നു. കൊലപാതക രാഷ്ട്രീയവും അക്രമങ്ങളും മുഖ്യ അജണ്ടയായി കൊണ്ടുനടക്കുമ്പോഴും കടിച്ചാല്‍പൊട്ടാത്ത വാക്കുകള്‍ പ്രയോഗിച്ച് അനുയായികളുടെ കണ്ണില്‍പൊടിയിടാന്‍ നേതാക്കള്‍ ശ്രമിക്കുമായിരുന്നു. പാര്‍ട്ടിയോടൊപ്പം നിന്നിരുന്ന സാധാണക്കാരെ അത് കുറച്ചൊന്നുമല്ല ആശയക്കുഴപ്പത്തിലാക്കിയിരുന്നത്. മാധ്യമങ്ങള്‍ രംഗം കയ്യടക്കിയോടെ ആളുകളെ പറഞ്ഞുപറ്റിക്കാന്‍ പറ്റാത്ത സ്ഥിതിയായി. ഇരുട്ടില്‍ പതുങ്ങിയിരിക്കുന്ന കള്ളന്മാരിലേക്ക് ടോര്‍ച്ചടിച്ചതുപോലെ സി.പി.എം നേതാക്കളിപ്പോള്‍ പരുങ്ങുകയാണ്. കള്ളമുതല്‍ എവിടെ ഒളിപ്പിക്കുമെന്ന് അറിയാതെ വെപ്രാളപ്പെടുകയാണിപ്പോള്‍ പാര്‍ട്ടി. ധൈഷണിക ചര്‍ച്ചകള്‍ക്കോ സമീപനരീതികള്‍ക്കോ ഇന്ന് സി.പി.എമ്മില്‍ സ്ഥാനമില്ല. നാട്ടുകാരുടെ മുന്നില്‍ പറയാന്‍ പോലും പറ്റാത്ത കഥകളാണ് പാര്‍ട്ടിയുടെ അകത്തളത്തില്‍നിന്ന് വാര്‍ത്തയായി വരുന്നത്. തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യത്തിന്റെ സ്ഥാനത്ത് മുതലാളിവര്‍ഗ സര്‍വ്വാധിപത്യം പാര്‍ട്ടിയെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. സ്വര്‍ണക്കടത്തുകാരും മയക്കുമരുന്നു മാഫിയയും അഴിമതിക്കാരും അരങ്ങുവാഴുന്നു.
കേരളത്തില്‍ ഇതുവരെ ഒരു മുഖ്യമന്ത്രിയും നേരിടാത്ത പ്രതിസന്ധിയിലാണ് പിണറായി വിജയന്‍ അകപ്പെട്ടിരിക്കുന്നത്. ഇതിനെ ഒട്ടും ചെറുതായി കാണാനാവില്ല. ഭരണ, ഉദ്യോഗസ്ഥ തലങ്ങളില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്. കേന്ദ്ര ഏജന്‍സികളെ കുറ്റപ്പെടുത്തി തടിയെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇനിയും ആയുസ്സുണ്ടെന്ന് തോന്നുന്നില്ല. യു.എ.ഇ കോണ്‍സുലേറ്റിന്റെ മറവില്‍ സ്വപ്‌നയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറും കൂട്ടാളികളും നടത്തിയ സ്വര്‍ണക്കള്ളക്കടത്ത് സി.പി.എമ്മിനുണ്ടാക്കിയത് മാരകമായ ആഘാതങ്ങളാണ്. മുഖ്യമന്ത്രി തന്നെ അഴിമതിയാരോപണങ്ങളുടെ ശരങ്ങളേറ്റ് വീഴുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ പാര്‍ട്ടി പാടുപെടുകയാണ്. അതിനൊക്കെ പുറമെയാണ് ഇടിത്തീയെന്നോണം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി മയക്കുമരുന്ന്, കള്ളപ്പണക്കേസുകളില്‍ അറസ്റ്റിലായത്. ലൈഫ് മിഷന്‍ പദ്ധതിയിലേതുള്‍പ്പെടെ വേറെയും നിരവധി അഴിമതികള്‍ സി.പി.എമ്മിനെ വേട്ടയാടുന്നു.
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് ഇതെല്ലാമെന്നത് പാര്‍ട്ടിയെ കൂടുതല്‍ തളര്‍ത്തിയിരിക്കുകയാണ്. എന്‍.ഐ.എ മുതല്‍ സി.ബി.ഐ വരെയുള്ള കേന്ദ്ര ഏജന്‍സികള്‍ തെളിവെടുപ്പും അന്വേഷണവുമായി പിണറായി വിജയന്റെ ഓഫീസിനെ സമീപിച്ചുകൊണ്ടിരിക്കുന്നു. മുഖ്യമന്ത്രിയിലേക്കാണ് അവരുടെ കൈകള്‍ നീങ്ങുന്നതെന്ന സംശയം ബലപ്പെട്ടുകഴിഞ്ഞു. ഒരുപക്ഷെ, കേരളത്തില്‍ പാര്‍ട്ടിയുടെ അവസാനത്തെ ഭരണമായിരിക്കുമോ ഇതെന്നുപോലും അവര്‍ ഭയക്കുന്നുണ്ട്.