Connect with us

Video Stories

പരിസ്ഥിതിയുടെയും ചിറകരിയുന്നു

Published

on

 

രാജ്യത്ത് പതിനേഴുവര്‍ഷം മുമ്പ് നിയമംവഴി സ്ഥാപിതമായ ജുഡീഷ്യല്‍ അധികാരത്തോടെയുള്ള പാരിസ്ഥിതിക നിരീക്ഷണ സംവിധാനമാണ് ദേശീയഹരിത ട്രിബൂണല്‍. ജനങ്ങളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ടു കൊണ്ടുള്ള ഭരണഘടനയുടെ 21-ാം വകുപ്പിന്റെ ചുവടുപിടിച്ചുകൊണ്ടുള്ളതായിരുന്നു പ്രസ്തുത ട്രിബൂണല്‍. പ്രസ്തുത നിയമത്തിന്റെ ചിറകരിയുകയാണ് കഴിഞ്ഞ ദിവസത്തെ ഒരൊറ്റ ഉത്തരവിലൂടെ കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇനി മുതല്‍ ദേശീയ ഗ്രീന്‍ട്രിബൂണലിനുണ്ടായിരുന്ന ക്വാസി ജുഡീഷ്യല്‍ അധികാരം ഉണ്ടായിരിക്കില്ലെന്നാണ് കേന്ദ്ര റവന്യൂ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലെ വിവരം. സമിതിയുടെ ചെയര്‍മാന്‍ അടക്കമുള്ള അംഗങ്ങളെ നിയമിക്കാനുള്ള ഉത്തരവാദിത്തം ഇനി കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാകും. പാരിസ്ഥിതികപ്രശ്‌നങ്ങളില്‍ നിഷ്പക്ഷവും നീതിപൂര്‍വകവുമായ തീരുമാനങ്ങളെടുക്കാനുള്ള ട്രിബൂണലിന്റെ അധികാരം രാഷ്ട്രീയനേതൃത്വത്തില്‍ നിക്ഷിപ്തമാകും എന്നതാണ് വിജ്ഞാപനം വഴി സംജാതമായിരിക്കുന്നത്. ഇതോടെ രാജ്യത്തെ വിവിധ പാരിസ്ഥിതിക സംബന്ധിയായ വിഷയങ്ങളില്‍ തന്നിഷ്ടപ്രകാരം തീരുമാനമെടുക്കാനും പരിസ്ഥിതിസംരക്ഷണം എന്ന കാലഘട്ടത്തിന്റെ കടമ്പ സ്ഥാപിതലക്ഷ്യങ്ങള്‍ക്കു വേണ്ടി എളുപ്പത്തില്‍ മറികടക്കാനും സര്‍ക്കാരുകള്‍ക്ക് കഴിയുമെന്നത് പരിസ്ഥിതിസ്‌നേഹികളെ മാത്രമല്ല, രാജ്യത്തെ ജനങ്ങളെയാകെ ആശങ്കാകുലമാക്കുന്ന ഒന്നാണ്.
പാരിസ്ഥിതിക വിഷയങ്ങളില്‍ ഉന്നതകോടതികളുടെ വിധികള്‍ക്ക് കാത്തിരിക്കാതെ അടിയന്തിരമായ പരിഹാരം എന്നതായിരുന്നു ട്രിബൂണല്‍ കൊണ്ട് മുന്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. അതുകൊണ്ടുതന്നെ വ്യവസായങ്ങള്‍ അടക്കമുള്ള പരിസ്ഥിതിയെ ബാധിക്കുന്ന വിഷയങ്ങളില്‍ ജനങ്ങളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും പ്രതീക്ഷാകേന്ദ്രമായിരുന്നു നീതിന്യായ സംവിധാനത്തോടെയുള്ള ഗ്രീന്‍ട്രിബൂണല്‍ സംവിധാനം. രാജ്യത്തെ ഏതൊരിടത്തെയും പരിസ്ഥിതിയെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഹരജികള്‍ പരിഗണിച്ച് ആവശ്യമായ വിധി പുറപ്പെടുവിക്കുകയും വേണ്ടിവന്നാല്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്തു വരികയായിരുന്നു ഈ സംവിധാനം. ഇതോടൊപ്പം രാജ്യത്തെ മറ്റ് 18 ട്രിബൂണലുകളുടെയും ജുഡീഷ്യല്‍ അധികാരങ്ങളാണ് തിങ്കളാഴ്ചത്തെ ഒരൊറ്റ ഉത്തരവിലൂടെ കേന്ദ്രം കവര്‍ന്നെടുത്തിരിക്കുന്നത്. മെയ് 23ന് രാജ്യത്തെ ഭരണഘടനാപരമായ തുല്യാവകാശങ്ങളെ ലംഘിച്ചുകൊണ്ട് കന്നുകാലികളുടെ കശാപ്പിനായുള്ള വില്‍പന നിരോധിച്ച് ഇറക്കിയ ഉത്തരവിനെ അനുസ്മരിപ്പിക്കുന്നതാണ് മോദിസര്‍ക്കാരിന്റെ ഈ നയവും. പ്രസ്തുത ഉത്തരവില്‍ പരിസ്ഥിതിവകുപ്പ് പറഞ്ഞ ന്യായം പരിസ്ഥിതിയെയും രാജ്യത്തെ കന്നുകാലി സമ്പത്തിനെയും സംരക്ഷിക്കാനാണെന്നായിരുന്നുവെങ്കില്‍ പുതിയ ഉത്തരവ് വഴി പരിസ്ഥിതിയെ തന്നെ ഇല്ലായ്മ ചെയ്യുകയാണ് ചെയ്തിരിക്കുന്നത് എന്നത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്നതായിരിക്കുന്നു.
റിട്ട. സുപ്രീംകോടതി ജഡ്ജിയോ റിട്ട. ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആയിരിക്കണം ഗ്രീന്‍ ട്രിബൂണലിന്റെ ചെയര്‍പേഴ്‌സന്‍ എന്നതിലെ ഭേദഗതികൊണ്ട് ഇത്രയും സുപ്രധാനമായൊരു വിഷയത്തില്‍ രാഷ്ട്രീയനേതൃത്വത്തിനുവേണ്ടി തുള്ളുന്ന ഉദ്യോഗസ്ഥവൃന്ദത്തിന് ട്രിബൂണലിനെ ഏല്‍പിക്കുകയാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്്. വിജ്ഞാപനത്തോടെ ട്രിബൂണല്‍ എന്ന പദവിക്കുകൂടി ഇനി ഇവ അര്‍ഹമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. രാഷ്ട്രപതിയുടെ കീഴിലായിരിക്കണം ചെയര്‍പേഴ്‌സന്‍ എന്ന വ്യവസ്ഥ മാറ്റി വനം-പരിസ്ഥിതിമന്ത്രാലയത്തിന്റെ സെക്രട്ടറിക്ക് കീഴിലാക്കിയിരിക്കുന്നു. ജഡ്ജിമാരുടെ ആനുകൂല്യത്തിന് പകരം ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കുള്ള ആനുകൂല്യങ്ങളേ ഇനി നല്‍കൂതാനും. അധ്യക്ഷന്റെ കാലാവധി അഞ്ചുവര്‍ഷത്തില്‍ നിന്ന് മൂന്നുവര്‍ഷമായി കുറച്ചിട്ടുമുണ്ട്.
പെട്ടെന്ന് സര്‍ക്കാരിനെ ഇതിന് പ്രേരിപ്പിച്ചതെന്തെന്ന് പരിശോധിച്ചാല്‍ മുന്‍പന്തിയില്‍ വരുന്നത് വ്യവസായ ലോബിയാണെന്നത് നിസ്തര്‍ക്കമാണ്. മോദിയുടെ എന്നത്തെയും ഇഷ്ടക്കാര്‍ കോര്‍പറേറ്റുകളാണെന്നത് പരക്കെയുള്ള പരാതിയാണ്. ഡല്‍ഹിയിലെ അന്തരീക്ഷമാലിന്യം കുറക്കുന്നതിനായി 15 കൊല്ലം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും ഛത്തീ്ഗഡ് വനത്തിലെ കല്‍ക്കരിഖനികളും നിരോധിച്ചതും ഗ്രീന്‍ട്രിബൂണലായിരുന്നു. ഖനിമാഫിയയുടെയും കണ്ണിലെ കരടായിരുന്നു ട്രിബൂണല്‍. പാരിസ്ഥിതികലോലപ്രദേശങ്ങളിലെ നിര്‍മാണം നിരോധിച്ച നിരവധി ഉത്തരവുകളും പലരുടെയും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ടെന്നത് സത്യമാണ്. കഴിഞ്ഞവര്‍ഷം ഡല്‍ഹി യമുനാനദിയുടെ തീരത്ത് ഏക്കര്‍കണക്കിന് സ്ഥലംനികത്തി ശ്രീശ്രീരവിശങ്കര്‍ ഷോ സംഘടിപ്പിച്ചതിന്് ഗ്രീന്‍ട്രിബൂണലിന് ലഭിച്ച പരാതിയില്‍ 42 കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്ന് രവിശങ്കറിന്റെ ആര്‍ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തോട് ട്രിബൂണല്‍ ഉത്തരവിടുകയുണ്ടായി. തര്‍ക്കങ്ങള്‍ക്കൊടുവില്‍ 4.75 കോടിമാത്രമാണ് രവിശങ്കര്‍ ട്രിബൂണലില്‍ ഒടുക്കിയത്. ഗംഗയിലേക്ക് മലിനജലം ഒഴുക്കരുതെന്ന് ഗ്രീന്‍ട്രിബൂണല്‍ ഉത്തരവിട്ടിട്ട് മൂന്നുദിവസമേ ആകുന്നുള്ളൂ. ഇതെല്ലാം കാണിക്കുന്നത് ട്രിബൂണലും രാജ്യത്തെ പരിസ്ഥിതിസംരക്ഷണവും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്നാണ്.
മഴ കുറയുകയും ആഗോളതാപനം വലിയ ചര്‍ച്ചാവിഷയമാകുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ വ്യാവസായികമായ കാര്‍ബണ്‍പുറന്തള്ളലിനെതിരെ വിവിധ കോണുകളില്‍ നിന്നുള്ളപ്രതിഷേധമാണ് ലോകത്താകമാനം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ഉണ്ടാക്കിയ 2016ലെ പാരിസ് ഉടമ്പടിയനുസരിച്ച് ജലസംരക്ഷണത്തിനും കാര്‍ബണ്‍ പുറന്തള്ളലില്‍ കുറവുവരുത്താനും ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ തീരുമാനമെടുത്തിട്ടുമുണ്ട്. ഇതിനിടെ അമേരിക്കയിലെ ട്രംപ് ഭരണകൂടം ഇക്കഴിഞ്ഞ ആഴ്ചയാണ് പാരിസ് ഉടമ്പടിയില്‍ നിന്ന് സ്വയം പിന്‍വാങ്ങുന്നതായി പ്രഖ്യാപിച്ചതും സ്്റ്റീഫന്‍ ഹോക്കിന്‍സ് അടക്കമുള്ളവരുടെ വലിയപ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുന്നതും. മോദി സര്‍ക്കാരിന്റെ പുതിയ ഉത്തരവിനെയും ഭരണകൂടത്തിന്റെ പാരിസ്ഥിതിക കാര്യത്തിലെ നയവ്യതിയാനമാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ഇത് രാജ്യത്തെയും ജനങ്ങളെയും സംബന്ധിച്ച് ആത്മഹത്യാപരമാണെന്ന കാര്യത്തില്‍ രണ്ടുപക്ഷമുണ്ടാകില്ല. ദേശസ്‌നേഹത്തിന്റെ മൊത്തവിതരണം അവകാശപ്പെടുന്ന ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും പാര്‍ലമെന്റിനെയും ജനങ്ങളെയും അതിസമ്പന്നമായ പ്രകൃതിയെയും അവഹേളിക്കുന്ന ഈ ഉത്തരവ് എത്രയുംവേഗം പിന്‍വലിക്കാനുള്ള ആര്‍ജവമാണ് കാട്ടേണ്ടത്.

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending