വിശ്വാസ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവെച്ച് മുത്തലാഖ് നിരോധന നിയമം പാസാക്കിയ ലോക്‌സഭയെ പുച്ഛിച്ചുതള്ളി ബില്ലവതരണത്തില്‍ പ്രതിരോധം തീര്‍ത്ത രാജ്യസഭ രാജ്യത്തിന്റെ മതേതര പ്രതീക്ഷക്ക് പുതുജീവന്‍ നല്‍കിയിരിക്കുകയാണ്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് രാജ്യസഭയില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി ഉന്നയിച്ച ആവശ്യം അംഗീകരിക്കാതെ സ്വേച്ഛാധിപത്യത്തിലൂടെ സ്വന്തം കാര്യം നേടിയെടുക്കാമെന്ന കേന്ദ്ര സര്‍ക്കാറിന്റെ മനക്കോട്ടയാണ് മതേതര ശക്തികള്‍ തകര്‍ത്തു തരിപ്പണമാക്കിയത്. ബില്ലിന്റെ മൗലികത ചോദ്യം ചെയ്ത് ക്രിയാത്മക വാഗ്വാദങ്ങളില്‍ തുടങ്ങിയ ചര്‍ച്ചക്കൊടുവില്‍ ശുഭകരമായി പര്യവസാനിപ്പിക്കാന്‍ കഴിഞ്ഞത് പ്രതിപക്ഷ കൂട്ടായ്മക്ക് പ്രത്യാശ പകരുന്നതാണ്. രാജ്യസഭയില്‍ ന്യൂനപക്ഷമായതിനാലും മുത്തലാഖ് വിഷയത്തില്‍ പ്രതിപക്ഷത്തെ വിശ്വസിപ്പിക്കാന്‍ സാധിക്കാത്തതിനാലുമാണ് ബജറ്റ് സമ്മേളനം വരെ ബില്ലവതരണം നീട്ടിവച്ചതെന്ന ബി.ജെ.പി നേതാക്കളുടെ പ്രതികരണം ജനാധിപത്യത്തെ ധിക്കരിച്ചവര്‍ക്കുള്ള പാഠമായി അവര്‍ പഠിക്കട്ടെ. രാജ്യത്തിന്റെ പൈതൃകത്തെയും പാരമ്പര്യത്തെയും തച്ചുടക്കാനും വിശ്വാസ സ്വാതന്ത്ര്യത്തിനു മേല്‍ വാളോങ്ങാനും സംഘബലത്തെ ദുരുപയോഗം ചെയ്യാമെന്ന പൊള്ളയായ സങ്കല്‍പ്പങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടിവരുമെന്ന തിരിച്ചറിവാണ് പാര്‍ലമെന്റ് ശീതകാല സമ്മേളനം ബാക്കിയാക്കിയത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുകയും മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ നല്‍കുകയും ചെയ്യുന്ന മുസ്്‌ലിം വനിതാ വിവാഹ സംരക്ഷണാവകാശ ബില്‍ മൗലികമല്ലെന്ന് സ്ഥാപിക്കുന്ന പ്രതിപക്ഷ വാദങ്ങളെ ഖണ്ഡിക്കാന്‍ കപട കാഴ്ചപ്പാടുകള്‍ക്കപ്പുറം കാര്യകാരണങ്ങള്‍ നിരത്താന്‍ രാജ്യസഭയിലെ നേര്‍ക്കുനേര്‍ സംവാദങ്ങളില്‍ പോലും സാധ്യമാവാതിരുന്ന ഭരണപക്ഷത്തിന് ബജറ്റ് സമ്മേളനത്തിലും ബില്‍ ബാലികേറാമലയായിരിക്കുമെന്നു സാരം.
ഏക സിവില്‍കോഡിലേക്കുള്ള ആദ്യ ചുവട് എന്ന നിലയില്‍ കഴിഞ്ഞയാഴ്ചയാണ് മുത്തലാഖ് നിരോധന ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ പാസാക്കിയെടുത്തത്. രാജ്യത്തെ പ്രധാന ന്യൂനപക്ഷ സമുദായത്തിന്റെ വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിയമം നടപ്പാക്കാനൊരുങ്ങും മുമ്പ് ഒരു തരത്തിലുമുള്ള കൂടിയാലോചനക്കും കേന്ദ്ര സര്‍ക്കാര്‍ മനസുവച്ചില്ല. പ്രതിപക്ഷ പാര്‍ട്ടികളും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡും ആശങ്കകള്‍ അറിയിച്ചെങ്കിലും ഇതൊന്നും ചെവികൊള്ളാതെയാണ് കരടു ബില്ലുമായി കേന്ദ്ര നിയമമന്ത്രി ലോക്‌സഭയിലെത്തിയത്. പ്രതിഷേധങ്ങളത്രയും ശബ്ദവോട്ടോടെ മറികടന്ന് ബില്‍ അവതരിപ്പിക്കുകയും ഒടുവില്‍ പാസാക്കിയതായി പ്രഖ്യാപിച്ച് സഭ പിരിഞ്ഞത് പാര്‍ലമെന്റ് ചരിത്രത്തിലെ വേദനിക്കുന്ന അധ്യായങ്ങളിലൊന്നായി അവസാനിക്കുകയും ചെയ്തു. പക്ഷേ, രാജ്യസഭയില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി ചെറുത്തുനിന്നതോടെ ബില്‍ വോട്ടിനിടാന്‍ കഴിയാതെ പോയി. ആദ്യം ചര്‍ച്ചക്കെടുത്തെങ്കിലും പിന്നീട് പരിഗണനക്കു പോലും പുറത്തെടുക്കാന്‍ കഴിയാത്ത വിധമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിരോധം. ഇത് ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിന് കൂട്ടായ്മ നല്‍കുന്ന ശക്തി അടയാളപ്പെടുത്തുന്നതാണ്.
ലോക്‌സഭയിലേതു പോലെ വോട്ടിനിട്ട് ബില്‍ പാസാക്കിയെടുക്കാമെന്ന വ്യാമോഹമായിരുന്നു രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാറിന്. എന്നാല്‍ കോണ്‍ഗ്രസും മുസ്‌ലിംലീഗും ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും ബില്‍ പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിയുടെ പരിഗണനക്കു വിടണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നതാണ് ഭരണപക്ഷത്തെ അടിതെറ്റിച്ചത്. ബി.ജെ.പിയുടെ സഖ്യകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയും ഇതേ നിലപാട് തുടര്‍ന്നത് ഇവ്വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച സമീപനത്തോടുള്ള കടുത്ത വിയോജിപ്പാണ്. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ പാര്‍ലമെന്റ് സെലക്ട് കമ്മിറ്റിക്ക് വിട്ട് തടിതപ്പുകയാണ് കേന്ദ്ര സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ചെയ്തത്. കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുഗേന്ദു ശേഖറും അവതരിപ്പിച്ച പ്രമേയത്തെ തുടര്‍ന്ന് പിടിച്ചുനില്‍ക്കാനാവാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനത്തിലെത്തിയത്.
എല്ലാ പ്രധാന പാര്‍ട്ടികളിലെയും പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന സെലക്ട് കമ്മിറ്റിയില്‍ ബില്ലിന് അനുകൂലമായി തീരുമാനമുണ്ടാകാന്‍ വഴിയില്ല. കരട് നിയമത്തെ ചൊല്ലി വ്യത്യസ്ത വീക്ഷണങ്ങളാണ് വച്ചുപുലര്‍ത്തുന്നതെങ്കിലും ബില്ലിന്റെ മൗലികതയിലുള്ള അടിസ്ഥാന വിയോജിപ്പില്‍ എല്ലാവരും അഭിപ്രായ ഐക്യത്തോടെ അടിയുറച്ചുനില്‍ക്കുന്നത് ആശ്വാസകരമാണ്. മുത്തലാഖ് മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതാണെന്ന് പരിതപിക്കുന്ന പ്രധാനമന്ത്രി, പുതിയ നിയമത്തിലൂടെയുണ്ടാകുന്ന നീതി നിഷേധത്തെ കാണാതെ പോകുന്നത് കാപട്യമാണ്. മുസ്‌ലിം സ്ത്രീകളുടെ വിവാഹപരമായ അവകാശ സംരക്ഷണ ബില്‍ തയാറാക്കിയത് മുത്തലാഖിനെതിരെ സുപ്രീംകോടതിയില്‍ നിയമ പോരാട്ടം നടത്തിയ സ്ത്രീ സംഘടനകളുമായി പോലും കൂടിയാലോചിക്കാതെയാണ്. സംഘ്പരിവാര്‍ സ്വപ്‌നം കാണുന്ന രാഷ്ട്രീയ നേട്ടത്തിലേക്ക് വാതില്‍ തുറന്നുകൊടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. തടവിനു ശിക്ഷിക്കപ്പെടുന്ന സാധാരണക്കാരനായ ഒരാള്‍ക്ക് മുത്തലാഖിന് വിധേയപ്പെടുന്നവര്‍ക്ക് ജീവനാംശം നല്‍കാന്‍ കഴിയില്ലെന്ന അസാംഗത്യവും ഇതോട് ചേര്‍ത്തുവായിക്കേണ്ടതാണ്. ഇക്കാര്യങ്ങളില്‍ വ്യക്തത നല്‍കാതെ തിരക്കുപിടിച്ച് നിയമം നടപ്പാക്കാനുള്ള വ്യഗ്രതക്കു പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട് എന്നതു തന്നെയാണ് മതേതര ഇന്ത്യയെ വേവലാതിപ്പെടുത്തുന്നത്. രാജ്യത്തെ സിവില്‍ നിയമങ്ങള്‍ക്കു മേല്‍ ക്രിമിനല്‍ നിയമങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തുന്ന കടന്നുകയറ്റമാണ് യഥാര്‍ത്ഥത്തില്‍ മുത്തലാഖ് നിരോധന ബില്‍. മുത്തലാഖിനെ തെറ്റായി നിര്‍വചിക്കുകയും സൗകര്യപൂര്‍വം വ്യാഖ്യാനിക്കുകയും ചെയ്തു തയാറാക്കിയ നിയമം ഒരു ജനതക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത് അനുവദിച്ചുകൂടാ. മഹിതമായ ഭരണഘടനയെ നോക്കുകുത്തിയാക്കി, വിശ്വാസ സ്വാതന്ത്ര്യത്തിനു വില കല്‍പിക്കാതെ, മൗലികാവകാശത്തെ മൂടിപ്പുതച്ചുവച്ചു സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കു വേണ്ടി അടിച്ചേല്‍പ്പിക്കുന്ന ഏതു നിയമത്തെയും പ്രതിരോധിക്കാനുള്ള പ്രബുദ്ധത രാജ്യത്തിനുണ്ട്. രാജ്യസഭ കാത്തുസൂക്ഷിച്ചത് ആ പാരമ്പര്യമാണ്. അതിലാണ് മതേതര ജനതയുടെ പ്രതീക്ഷയത്രയും.