Connect with us

Video Stories

ഈ ഹര്‍ത്താല്‍ തോല്‍പ്പിച്ചത് അയ്യപ്പന്മാരെ

Published

on

ഹിന്ദുസംഘടനകള്‍ പ്രഖ്യാപിച്ച അപ്രതീക്ഷിത ഹര്‍ത്താലില്‍ സംസ്ഥാനം കഴിഞ്ഞ ദിവസം അനുഭവിച്ചത് അറുതിയില്ലാത്ത ദുരിതം. പൊലീസിന്റെ നിര്‍ദ്ദേശം അവഗണിച്ച് സന്നിധാനത്തേക്ക് കടക്കാന്‍ ശ്രമിച്ച ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു നടന്ന ഹര്‍ത്താല്‍ പ്രഖ്യാപനം പുലര്‍ച്ചെ ആയതിനാല്‍ വിവരം അറിയാതെ റോഡിലിറങ്ങിയവരും രാവിലെ കടതുറന്നവരും ഹോട്ടലില്‍ ഭക്ഷണം ഒരുക്കിയവരുമെല്ലാം ഏറെ കഷ്ടപ്പെട്ടെങ്കിലും അവരക്കാളൊക്കെ ദുരിതമനുഭവിച്ചത് ശബരിമല തീര്‍ത്ഥാടകരായിരുന്നു. പല സ്ഥലങ്ങളിലും അയ്യപ്പ ഭക്തന്‍മാര്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു. സാധാരണ മണ്ഡലകാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ തീര്‍ത്ഥാടന മേഖലയായ പത്തനംതിട്ടയെയും അയ്യപ്പ ഭക്തരെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാറുണ്ട്. എന്നാല്‍ ഇന്നലത്തെ ഹര്‍ത്താലില്‍ നിന്ന് ഇതു രണ്ടുമുണ്ടായില്ല. അയ്യപ്പന്റെ പേരില്‍ നടത്തുന്ന സമരം അയ്യപ്പഭക്തന്‍മാരെ തന്നെ ദുരിതത്തിലാക്കുമ്പോള്‍ പുറത്തുവരുന്നത് ശബരിമലയെ ആയുധമാക്കുകയെന്ന സംഘ് അജണ്ടയാണ്. മല കയറുന്നതിന്റെ പേരില്‍ അറസ്റ്റുവരിക്കുന്ന ശശികലയും സുരേന്ദ്രനുമെല്ലാം വെല്ലുവിളിക്കുന്നത് ഹൈന്ദവ വിശ്വാസത്തെയും ആചാരത്തെയും തന്നെയാണെന്നത് അവിതര്‍ക്കിതമാണ്.
ഹര്‍ത്താലിന് ആധാരമായി പറയപ്പെടുന്ന ഹിന്ദു ഐക്യ വേദി സംസ്ഥാന അധ്യക്ഷ പി.കെ ശശികലയുടെ അറസ്റ്റ് സംഘ് പരിവാര്‍ ആസൂത്രിതമായി സൃഷ്ടിച്ചതാണെന്നതിന് അന്നത്തെ സാഹചര്യങ്ങള്‍ തന്നെ തെളിവാണ്. നട അടച്ചതിന് ശേഷം സന്നിധാനത്തേക്ക് തീര്‍ത്ഥാടര്‍ക്ക് പ്രവേശനം നല്‍കില്ലെന്ന് പൊലീസ് മുന്‍കൂട്ടി അറിയിച്ചിട്ടും ഉച്ചയോടെ പമ്പയിലെത്തിയ ഇവര്‍ രാത്രിയാകും വരെ അവിടെ ചെലവഴിക്കുകയായിരുന്നു. അവിടെ നിന്ന് പുറപ്പെടുന്നതിന് മുമ്പ് പൊലീസിനെ വെല്ലുവിളിച്ച ഇവര്‍ അറസ്റ്റ് ഉറപ്പുവരുത്തുകയും ചെയ്തു. ഇതോടെ പൊലീസ് അറസ്റ്റിന് നിര്‍ബന്ധിതരാവുകയും മുമ്പേ എഴുതി തയ്യാറാക്കിയ തിരക്കഥയെന്ന പോലെ ഹര്‍ത്താല്‍ ആഹ്വാനമുണ്ടാവുകയുമായിരുന്നു. കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങളും സമാന രീതിയില്‍ തന്നെയായിരുന്നു. വൈകിട്ട് ഏഴിനാണ് സുരേന്ദ്രന്‍ നിലയ്ക്കലിലെത്തിയത്. അവിടെനിന്ന് പമ്പയിലെത്തുമ്പോഴേക്കും നട അടക്കുമെന്ന കാര്യം ഉറപ്പായിരുന്നു. ഇത് മുന്‍കൂട്ടിക്കണ്ട് യാത്രക്കൊരുങ്ങുകയും യാത്രയുടെ തുടക്കത്തില്‍ തന്നെ പ്രതിഷേധക്കാരെ ഒപ്പം കൂട്ടി അറസ്റ്റ് ഉറപ്പു വരുത്തുകയുമായിരുന്നു. സുരേന്ദ്രന്റെ അറസ്റ്റിന്റെ പേരിലും സംസ്ഥാനത്ത് പ്രതിഷേധ പരിപാടികളുടെ പേരില്‍ സംഘ് പരിവാറുകള്‍ അക്രമം അഴിച്ചു വിടുകയുണ്ടായി. സെക്രട്ടറിയേറ്റിനുമുന്നിലും എറണാകുളത്തുമെല്ലാം കഴിഞ്ഞ ദിവസം രാത്രി തന്നെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചതിനു പുറമെ ഇന്നലെ ദേശീയ പാതയില്‍ വ്യാപകമായി വാഹനങ്ങള്‍ തടയുകയുണ്ടായി. അതിനിടെ പൊലീസ് തന്റെ ഇരുമുടിക്കെട്ട് നിലത്തിട്ടു ചവിട്ടിയെന്ന് മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തി എരിതീയില്‍ എണ്ണ ഒഴിക്കാനുള്ള ശ്രമവും അദ്ദേഹം നടത്തുകയുണ്ടായി. എന്നാല്‍ അദ്ദേഹം തന്നെ ഇരുമുടിക്കെട്ട് നിലത്തിട്ടു ചവിട്ടുന്ന ദൃശ്യങ്ങള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുറത്തുവിട്ടതോടെ ശ്രീധരന്‍ പിള്ളയുടെ വിവാദ വെളിപ്പെടുത്തിലിന് ശേഷം ബി.ജെ.പി നേതൃത്വത്തിന്റെ കാപട്യം ഒരിക്കല്‍ കൂടി നേരിട്ടു കാണാന്‍ കേരളീയര്‍ക്ക് അവസരമുണ്ടായി.
ഉത്തരേന്ത്യന്‍ വര്‍ഗീയതയെ കേരളത്തിലേക്ക് ഇറക്കുമതിചെയ്യാന്‍ പതിനെട്ടടവും പയറ്റിയിട്ടും ഫലം ലഭിക്കാതിരുന്ന ബി.ജെ.പി ശബരിമലയെ തങ്ങളുടെ അവസാനത്തെ കച്ചിത്തുരുമ്പായി കാണുകയാണ്. യുവതീ പ്രവേശനത്തിന് അനുകൂലമായി സുപ്രീംകോടതി വിധിയുണ്ടായപ്പോള്‍ അതിനെ ആദ്യം സ്വാഗതം ചെയ്തത് ആര്‍.എസ്.എസാണ്. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയുമെല്ലാം തലമുതിര്‍ന്ന നേതാക്കളില്‍ പലരുടേയും നിലപാട് ഇപ്പോഴും സ്ത്രീ പ്രവേശനത്തിന് അനുകൂലവുമാണ്. അവരില്‍ പലരും അത് പരസ്യമായി പ്രഖ്യാപിക്കുകയുമുണ്ടായി. കഴിഞ്ഞ ദിവസം മല കയറാനെത്തിയ തൃപ്തി ദേശായിയുടെ ആര്‍.എസ്.എസ് ബന്ധം പോലും ഇതിന് തെളിവാണ്. അവരുടെ വരവിനെ കുറിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ വിവരം നല്‍കിയതും പ്രതിഷേധക്കാര്‍ കൃത്യസമയത്തു തന്നെ എയര്‍പോട്ടിലെത്തിയതുമെല്ലാം ഈ ബന്ധത്തിന് അടിവരയിടുന്നുണ്ട്. ഏതു വിധേനയും ശബരിമലയെ ഉപയോഗപ്പെടുത്താനുള്ള ശ്രമത്തില്‍ ആര്‍.എസ്.എസ് നേതാക്കള്‍ പരിസര ബോധം പോലും മറന്നു പോകുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ശബരിമലയിലെ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമെല്ലാം പുല്ലുവില കല്‍പ്പിക്കുന്ന ഇക്കൂട്ടര്‍ നഗ്നമായ രീതിയില്‍ അവയെല്ലാം ലംഘിച്ചുകൊണ്ടിരിക്കുകയുമാണ്. ഇത്തരം പ്രതിഷേധങ്ങളിലൂടെ ശബരിമലയുടെ എന്ത് പരിശുദ്ധിയാണ് ഇവര്‍ സംരക്ഷിക്കുന്നതെന്നാണ് ജനങ്ങളില്‍ ഇപ്പോള്‍ ഉയരുന്ന ചോദ്യം.
മറുഭാഗത്ത് സുരക്ഷയുടെ പേരില്‍ ശബരിമലയെ വരിഞ്ഞുമുറുക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പേരില്‍ പൊലീസ് ഒരുക്കുന്ന സുരക്ഷാ സന്നാഹം ഭക്തരുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ക്ക്. നൂറുക്കണക്കിന് കിലോമീറ്റര്‍ താണ്ടി, ദിവസങ്ങളോളം യാത്ര ചെയ്ത് ഇവിടെയെത്തുന്ന അവര്‍ പമ്പയിലും നിലക്കലിലും സന്നിധാനത്തുമെല്ലാം പറഞ്ഞറിയിക്കാനാവത്ത പ്രയാസങ്ങളാണ് അഭിമൂഖീകരിക്കുന്നത്. മണിക്കൂറുകളോളം വാഹനങ്ങളിലും അല്ലാതെയുമെല്ലാം പലയിടങ്ങളിലും കാത്തു നില്‍ക്കേണ്ടി വരുന്നു. ഭാഷ വശമില്ലാത്തതിനാല്‍ ആശയകൈമാറ്റത്തിലുള്ള പ്രയാസവും ഇവര്‍ക്ക് ഇരട്ടി ദുരിതമാകുന്നു. ദേവസ്വം ബോര്‍ഡിന് തന്നെ സുരക്ഷയുടെ പേരിലുള്ള പൊലീസ് നടപടിയെ കുറിച്ച് പരാതി പറയേണ്ട അവസ്ഥ ഉണ്ടായിരിക്കുകയാണ്. പൊലീസിന്റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി രാത്രിയെത്തുന്നവരെ നെയ്യഭിഷേകത്തിനു സന്നിധാനത്തു തങ്ങാന്‍ അനുവദിക്കണം, ഇരുമുടിക്കെട്ടുമായി മലകയറാനെത്തുന്നവരെ പൊലീസ് തടയുന്നതും പരുഷമായി പെരുമാറുന്നതും ഒഴിവാക്കണം, നിയന്ത്രണം മൂലം പ്രസാദം വാങ്ങാന്‍ കഴിയുന്നില്ലെന്ന പരാതി പരിഹരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് പൊലീസിന് മുന്നില്‍ ദേവസ്വം ബോര്‍ഡ് വെച്ചിരിക്കുന്നത്. ഈ നിര്‍ദേശങ്ങളില്‍ നിന്ന് തന്നെ അവിടെ ഭക്ത ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ബോധ്യപ്പെടുന്നുണ്ട്.
സന്നിധാനത്ത് വിരിവെക്കാനും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുമൊന്നും സൗകര്യമില്ലാത്തതുമെല്ലാം മുമ്പൊരിക്കലും കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. പുനഃപരിശോധനാ ഹരജി സുപ്രീംകോടതി സ്വീകരിക്കുകയും തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ മാറ്റുകയും ചെയ്തതോടെ വിധി നടപ്പാക്കാന്‍ എടുത്തു ചാടിയ സംസ്ഥാന സര്‍ക്കാര്‍ വെട്ടിലായിരിക്കുകയുമാണ്. വിധി നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ് സാവകാശം തേടി കോടതിയെ സമീപിക്കുക കൂടി ചെയ്തതോടെ സര്‍ക്കാര്‍ വീഴ്ച്ച തുറന്നു സമ്മതിക്കുകയാണ്. വിധി വന്നയുടനെ സര്‍ക്കാര്‍ സമചിത്തതയോടെ നീങ്ങിയിരുന്നെങ്കില്‍ പ്രശ്‌നം ഈ രീതിയില്‍ കൈവിട്ടു പോകുമായിരുന്നില്ല. ചുരുക്കത്തില്‍ ഭരണക്കാരും പ്രതിഷേധക്കാരും തമ്മിലുള്ള ദ്വന്ദയുദ്ധത്തില്‍ ഇരുകൂട്ടരും വിജയം അവകാശപ്പെടുമ്പോള്‍ തോറ്റുപോകുന്നത് വിശ്വാസി സമൂഹവും മതേതര വിശ്വാസികളുമാണ്.

Video Stories

കാന്‍സര്‍ രോഗിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട് അമേരിക്കന്‍ വിമാന കമ്പനി

ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകേണ്ട അമേരിക്കന്‍ കമ്പനിയുടെ വിമാനത്തില്‍ നിന്നാണ് മീനാക്ഷി സെന്‍ ഗുപ്ത എന്ന യുവതിയെ വിമാന അധികൃതര്‍ ഇറക്കിവിട്ടത്.

Published

on

കാന്‍സര്‍ രോഗിയായ യുവതിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകേണ്ട അമേരിക്കന്‍ കമ്പനിയുടെ വിമാനത്തില്‍ നിന്നാണ് മീനാക്ഷി സെന്‍ ഗുപ്ത എന്ന യുവതിയെ വിമാന അധികൃതര്‍ ഇറക്കിവിട്ടത്.

വിമാനത്തിലേക്ക് കയറിയപ്പോള്‍ കയ്യിലുള്ള ബാഗ് മുകളിലേക്ക് എടുത്തുവെക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുറച്ചുനാളുകള്‍ക്കു മുമ്പ് ശാസ്ത്രക്രിയ കഴിഞ്ഞതിനാല്‍ ഒറ്റയ്ക്ക് അത് ചെയ്യാന്‍ സാധിക്കില്ലെന്നും ബാഗ് മുകളില്‍ വയ്ക്കാന്‍ സഹായിക്കണമെന്ന് യുവതി അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇത് തന്റെ ജോലി അല്ലെന്നായിരുന്നു വിമാനം അധികൃതരുടെ മറുപടി. ശേഷം യുവതിയോട് വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു.

സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഡിജി അരുണ്‍കുമാര്‍ വ്യക്തമാക്കി.

Continue Reading

News

വിന്‍ഡോ സീറ്റിന്റെ പേരില്‍ വിമാനത്തില്‍ കൂട്ടത്തല്ല്; 2 മണിക്കൂര്‍ വൈകി

15 ഓളം പേര്‍ക്കെതിരെകേസെടുത്തു. ഇവരെ യാത്രയില്‍നിന്ന് ഒഴിവാക്കിയശേഷമാണ് യാത്ര ആരംഭിച്ചത്.

video

Published

on

വിമാനത്തിലെ വിന്‍ഡോ സീറ്റിന് വേണ്ടി യാത്രക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. ഇതേതുടര്‍ന്ന് പുറപ്പെടാന്‍ രണ്ട് മണിക്കൂര്‍ വൈകി. ബ്രസീലിലാണ് സംഭവം. സാല്‍വദോറില്‍നിന്ന് സാവേ പോളോയിലേക്ക് പോകാനിരുന്ന വിമാനത്തിലാണ്‌സംഭവം. ഭിന്നശേഷിക്കാരനായ കുട്ടിയുമൊത്ത് വന്ന യാത്രക്കാരി അരികിലെ സീറ്റ് ആവശ്യപ്പെട്ടെങ്കിലും സഹയാത്രക്കാരി അത് നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വാഗ്വാദത്തിനിടയിലാണ് ഇരുവരും തല്ല് തുടങ്ങിയത്. യാത്രക്കാരും ഇടപെട്ടതോടെ കൂട്ടത്തല്ലായി. കാബിന്‍ ക്രൂവ് എത്തി ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും മണിക്കൂറോളം തല്ല് തുടര്‍ന്നു. 15 ഓളം പേര്‍ക്കെതിരെകേസെടുത്തു. ഇവരെ യാത്രയില്‍നിന്ന് ഒഴിവാക്കിയശേഷമാണ് യാത്ര ആരംഭിച്ചത്.

video

Continue Reading

Celebrity

ഗായിക വാണി ജയറാം അന്തരിച്ചു

മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ

Published

on

പ്രശസ്ത പിന്നണി ഗായികയും പദ്മഭൂഷണ്‍ ജേതാവുമായ വാണി ജയറാം (77) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.

തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയിട്ടുണ്ട്.

ഇക്കഴിഞ്ഞ റിപബ്ലിക് ദിനത്തിലാണ് പദ്മഭൂഷണ്‍ പുരസ്കാരം തേടിയെത്തിയത്.

Continue Reading

Trending