ഡല്‍ഹിയില്‍ സുഹൃത്തിനോടൊപ്പം ബസില്‍ യാത്ര ചെയ്യവെ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് മരണത്തിന് കീഴടങ്ങിയ നിര്‍ഭയ എന്ന പെണ്‍കുട്ടിയെ രാജ്യം മറക്കില്ല. മന:സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അത്. 2012 ഡിസംബര്‍ 16നാണ് പെണ്‍കുട്ടി കൊടുംപീഡനത്തിനിരയായത്. തൊട്ടടുത്ത ദിവസം തലസ്ഥാന നഗരി പ്രതിഷേധക്കൊടുങ്കാറ്റില്‍ വിറച്ചു. അതിന്റെ പ്രകമ്പനം ഇന്ത്യയൊട്ടാക്കെ അലയടിച്ചു. അക്രമാസക്തരായ പ്രതിഷേധക്കാരോട് ശാന്തരാകാന്‍ പ്രധാനമന്ത്രിക്ക് അഭ്യര്‍ത്ഥിക്കേണ്ടിവന്നു. ഒരാഴ്ച പിന്നിടുന്നതിന്മുമ്പ് കുറ്റവാളികളെ അറസ്റ്റ് ചെയ്തു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ എയര്‍ ആംബുലന്‍സില്‍ വിദഗ്ധ ചികിത്സക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോയി. ദിവസങ്ങള്‍ക്കകം പെണ്‍കുട്ടി മരിച്ചു. ഏഴ് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ കുറ്റവാളികളെ തൂക്കിലേറ്റി നീതി നടപ്പാക്കി. മാധ്യമ വാര്‍ത്തകളിലൂടെയും പ്രതിഷേധങ്ങളിലൂടെയും ലോകശ്രദ്ധ പിടിച്ചുപറ്റിയ കേസായിരുന്നു അത്.

വര്‍ഷങ്ങള്‍ക്കിപ്പുറം നിര്‍ഭയയെപ്പോലെ ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ഒരു പെണ്‍കുട്ടി കൊടുംപീഡനത്തിനിരയായി മരണപ്പെട്ടിരിക്കുന്നു. പക്ഷേ, അവള്‍ ഉന്നത കുലജാതയല്ല. പാവപ്പെട്ട ദലിത് കുടുംബാംഗമാണ്. ദരിദ്രയായ പത്തൊമ്പതുകാരി. സെപ്തംബര്‍ 15ന് അമ്മയോടൊപ്പം പുല്ലരിയാന്‍ പോയ അവള്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. നാവ് മുറിക്കപ്പെട്ടും ജനനേന്ദ്രിയം തകര്‍ന്ന നിലയിലായുമായിരുന്നു അവളെ ആശുപത്രിയിലെത്തിച്ചത്. നട്ടെല്ലിനും ക്ഷതമേറ്റിരുന്നു. കുറ്റവാളികളായ നാല് പേരും സവര്‍ണ യുവാക്കള്‍. അവര്‍ അറസ്റ്റിലായത് ആശ്വാസകരം. അലീഗഡ് ആശുപത്രിയില്‍നിന്ന് വിദഗ്ധ ചികിത്സക്കായി പെണ്‍കുട്ടിയെ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. അവള്‍ക്കുവേണ്ടി കണ്ണീര്‍ വാര്‍ക്കാന്‍ കുടുംബാംഗങ്ങളല്ലാതെ ആരുമുണ്ടായില്ല. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു.

മരണപ്പെട്ടിട്ടും പെണ്‍കുട്ടിയോടുള്ള ക്രൂരത അവസാനിച്ചില്ല. അച്ഛനെയും അമ്മയേയും കാണാന്‍ അനുവദിക്കാതെ മൃതദേഹം ദഹിപ്പിച്ചു. അന്ത്യകര്‍മങ്ങള്‍ക്ക് സാവകാശം അനുവദിക്കണമെന്ന മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും അപേക്ഷ അധികൃതര്‍ വകവെച്ചില്ല. മരണപ്പെട്ട് മണിക്കൂറുകള്‍ക്കകംപുലരുംമുമ്പ് തന്നെ പൊലീസ് മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോയി. പുലര്‍ച്ചയോടെ മൃതദേഹവുമായി ഹത്രാസിലെത്തിയ വന്‍ പൊലീസ് സംഘം സംസ്‌കാരം ഉടന്‍ നടത്തണമെന്ന് വാശിപിടിക്കുകയായിരുന്നു. മാത്രമല്ല, ഗ്രാമത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളെ മുഴുവന്‍ വിരട്ടിയോടിച്ചു. സ്ത്രീകളടക്കം ഒരാളെയും വീടുകളില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. രാവിലെ എട്ട് മണിക്ക് ശേഷമാണ് അവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചത്. അപ്പോഴേക്ക് മൃതദേഹം സംസ്‌കരിച്ചിരുന്നു. ഗ്രാമത്തില്‍നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവെച്ചു. കുറ്റവാളികളെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും പ്രതിഷേധങ്ങള്‍ ഒഴിവാക്കാനുമാണ് പൊലീസ് ഇത്രയും വലിയ ഭീകരത സൃഷ്ടിച്ചത്.

മകളുടെ മൃതദേഹം ദഹിപ്പിക്കാന്‍ പൊലീസ് എന്താണ് ഉപയോഗിച്ചതെന്നു പോലും അറിയില്ലെന്ന് പിതാവ് പറയുന്നു. വേദന തിന്ന് മരിച്ച പ്രിയപ്പെട്ട മകളുടെ ഭൗതികദേഹം കാണാന്‍ സാധിക്കാതെ കണ്ണീര്‍വാര്‍ത്ത് കഴിയുന്ന കുടുംബത്തെ ഭരണകൂടം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. മൃതദേഹം ധൃതിപിടിച്ച് സംസ്‌കരിച്ചത് പിതാവിന്റെ സമ്മതത്തോടെയാണെന്നാണ് ജോയിന്റ് മജിസ്‌ട്രേറ്റ് പ്രകാശ് കുമാര്‍ മീണയുടെ വിശദീകരണം. മരിച്ചാലും ദലിതന് സ്വസ്ഥത നല്‍കാന്‍ പാടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍.

രാഷ്ട്രീയക്കാരുടെ സ്വാധീനത്തിന് വഴങ്ങിയാണ് പെണ്‍കുട്ടിയുടെ കുടുംബം നിലപാട് മാറ്റിയതെന്ന മീണയുടെ പ്രസ്താവന കേട്ട് പിതാവ് അമ്പരന്നു. എപ്പോഴാണ് താന്‍ അങ്ങനെ പറഞ്ഞതെന്ന് പാവപ്പെട്ട ആ മനുഷ്യന്‍ ചോദിക്കുന്നു. ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്താണ് മൃതദേഹം പെട്ടെന്ന് ദഹിപ്പിച്ചതെന്ന വാദം സവര്‍ണമേധാവികളെ സുഖിപ്പിക്കാനാണെന്ന് ആര്‍ക്കാണ് അറിയാത്തത്? സംസ്‌കാരച്ചടങ്ങിന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സാക്ഷിയായിരുന്നുവെന്ന് പച്ചക്കള്ളം പറയാനും അധികൃതര്‍ മടിച്ചില്ല. ഒരു പ്രാദേശിക വിഷയം ദേശീയ പ്രശ്‌നമായി മാറുമെന്ന ഭയമാണ് പുലരുന്നത്‌വരെ മൃതദേഹം സൂക്ഷിക്കാതിരിക്കാന്‍ കാരണമെന്ന വിചിത്രമായ കണ്ടെത്തലും മീണ നടത്തി. ദലിത് പെണ്‍കുട്ടിയുടെ ദാരുണ മരണം ലോകം അറിയരുതെന്ന് സവര്‍ണ മനസ്സുകള്‍ക്ക് നിര്‍ബന്ധമുണ്ട്.

പെണ്‍കുട്ടിയും കുടുംബവും ദരിദ്രരും പിന്നാക്കക്കാരുമാണെന്നതുകൊണ്ട് മാത്രമാണ് അധികാരികള്‍ മൃതദേഹത്തെ അപമാനിക്കാന്‍ ധൈര്യം കാട്ടിയത്. ജനങ്ങളെ മുഴുവന്‍ ആട്ടിയോടിച്ച് പൊലീസ് സംഘം മൃതദേഹം ദഹിപ്പിക്കുമ്പോള്‍ എന്താണ് നടക്കുന്നതെന്ന് അറിയാന്‍ വിലക്കുകള്‍ ലംഘിച്ച് പെണ്‍കുട്ടിയുടെ അമ്മാവന്‍ ചിതക്കരികിലേക്ക് പോയി. അദ്ദേഹം എത്തിയപ്പോഴേക്ക് പൊലീസുകാര്‍ തന്നെ തീകൊളുത്തിയിരുന്നു. മൃതദേഹം ദഹിപ്പിച്ചത് ഹിന്ദു മതാചാര പ്രകാരവുമായിരിന്നില്ല. സ്വന്തം പെണ്‍മക്കളോട് ഇത്തരത്തില്‍ പെരുമാറുമോ എന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസുകാരോട് വിളിച്ചുചോദിച്ചു. ഭീഷണിയുടെ സ്വരത്തിലാണ് അവര്‍ അതിന് മറുപടി നല്‍കിയത്. ശേഷം മുതലക്കണ്ണീരൊഴുക്കി എത്തിയ ബി.ജെ.പി എം.പി രാജ്‌വിര്‍ ദിലെറിനെ കുടുംബാംഗങ്ങളും ഭീം ആര്‍മി പ്രവര്‍ത്തകരും തിരിച്ചയച്ചു.

കുറ്റവാളികളെ പരമാവധി രക്ഷിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. പ്രതികള്‍ക്കെതിരെ ആദ്യം കേസെടുത്തിരുന്നത് വധശ്രമത്തിന് മാത്രമായിരുന്നു. കൂട്ടബലാത്സംഗത്തിനെതിരെയുള്ള വകുപ്പുകള്‍ ചേര്‍ത്തത് പെണ്‍കുട്ടിയില്‍നിന്ന് മൊഴിയെടുത്തതിന്‌ശേഷം മാത്രം. പെണ്‍കുട്ടിക്ക് ഭരണകൂടം വിദഗ്ധ ചികിത്സ നല്‍കിയില്ലെന്ന് മാത്രമല്ല, മരണപ്പെട്ടപ്പോള്‍ കുടുംബത്തിന് അന്ത്യകര്‍മങ്ങളും നിഷേധിച്ചു. തെളിവുകള്‍ നശിപ്പിക്കാനാണ് പൊലീസ് ശ്രമിച്ചത്. സ്വാഭാവികമായും കേസിന്റെ അന്തിമഫലം എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ആദ്യം ചില മനുഷ്യമൃഗങ്ങള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെങ്കില്‍ മരണശേഷം ഭരണസംവിധാനങ്ങള്‍ ഒന്നടങ്കം ചേര്‍ന്ന് പീഡിപ്പിക്കുകയാണ്. നീതിയുടെ ഇരട്ടമുഖമാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. മര്‍ദ്ദിതന്റെ കണ്ണീരു കാണാനും രോദനം കേള്‍ക്കാനും ആരുമില്ലാത്ത അവസ്ഥ. തെറ്റായ വ്യാഖ്യാനങ്ങളിലൂടെ ഏത് ക്രിമിനല്‍ കേസും വെള്ളപൂശാമെന്ന് വരുന്നത് അരക്ഷിതാവസ്ഥ സൃഷ്ടിക്കും. കയ്യൂക്കുള്ളവന്‍ കാര്യക്കാരനെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മാധ്യമങ്ങള്‍ പോലും നിശബ്ദരാണ്. മുന്‍വിധിയോടെയാണ് വിഷയങ്ങളെ സമീപിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നത്. നീതിനിര്‍വഹണ രംഗത്ത് മതവും ജാതിയും തൊലിയുടെ നിറവും മാനദണ്ഡമായി മാറുന്നത് രാജ്യത്തിന്റെ കെട്ടുറപ്പ് ദുര്‍ബലമാക്കും. മുന്‍വിധികള്‍ മാറ്റിവെച്ച് ഗൗരവം ഉള്‍ക്കൊണ്ട് വിഷയത്തെ സമീപിക്കാനും നീതി നടപ്പാക്കാനും സാധ്യമാകുന്ന ജനാധിപത്യ വ്യവസ്ഥിതിയാണ് ആവശ്യം. അതിനുവേണ്ടി എത്രകാലം കാത്തിരിക്കേണ്ടിവരും?