Connect with us

Video Stories

ന്യൂനപക്ഷ സംരക്ഷണവും രാഷ്ട്രീയവും

Published

on

ഇ. സാദിഖലി

ഇന്ത്യന്‍ മതേതരത്വത്തിന് രാഷ്ട്രശില്‍പികള്‍ കല്‍പ്പിച്ചിരിക്കുന്ന നിര്‍വ്വചനം പാശ്ചാത്യ സങ്കല്‍പ്പത്തില്‍ നിന്ന് കടമെടുത്തതല്ല. മതസഹിഷ്ണുതയാണ് ഇന്ത്യന്‍ മതേരത്വത്തിന്റെ മുഖമുദ്ര. മതനിരാസമല്ല. ഇന്ത്യന്‍ സങ്കല്‍പ്പ മതേതരത്വമെന്നാല്‍ ഒരു മതത്തോടും രാഷ്ട്രത്തിന് പ്രത്യേകമായ പ്രതിബദ്ധതയില്ലെന്നും അതേയവസരത്തില്‍ എല്ലാ മതങ്ങള്‍ക്കും നിലനില്‍ക്കാനും അവയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും സമ്പൂര്‍ണ അവകാശവും അവസരവും നല്‍കുകയും ചെയ്യുന്നു എന്നതാണ്. നമ്മുടെ സംസ്‌കാരത്തിന്റെ തന്നെ അന്തഃസത്തയുള്‍ക്കൊള്ളുന്ന ഒരാദര്‍ശം കൂടിയായ ഈ മതേതരത്വ സങ്കല്‍പം മതങ്ങളോടെല്ലാം തുല്യമായ സഹിഷ്ണുതയും ആദരവും പുലര്‍ത്തുന്നു.
ഇന്ത്യ ഒരു മതേതര രാഷ്ട്രം എന്നതിനര്‍ത്ഥം മതനിഷിദ്ധമായ രാഷ്ട്രം എന്നല്ല. ഇന്ത്യയെപ്പോലെ വ്യത്യസ്ഥമായ മതങ്ങളും ആചാരങ്ങളും ഭാഷകളും സംസ്‌കാരങ്ങളും ജീവിത രീതികളുമുള്ള ഒരു രാഷ്ട്രത്തിന് മതേതരത്വത്തില്‍ അടിയുറച്ച് നിന്നുകൊണ്ട് മാത്രമേ മുന്നോട്ട് പോവാനാവുകയുള്ളൂവെന്ന് വിശ്വസിക്കുന്ന മുസ്‌ലിംലീഗ് അത്‌കൊണ്ട് തന്നെ ഇന്ത്യയെ ഇന്ത്യയാക്കി നിര്‍ത്തുന്ന അടിസ്ഥാന ശിലയായ മതേതരത്വമെന്ന മഹിതമായ ആശയത്തിന്റെ സംരക്ഷണത്തിനായി പോരാടിക്കൊണ്ടിരിക്കുന്നത്.
മതേതരത്വത്തിനെതിരായ ഏത് ഭീഷണിയും അത് ഏത് ഭാഗത്ത് നിന്ന് ഉയര്‍ന്നുവരുന്നതാണെങ്കിലും അതിനെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായുള്ള നീക്കമായാണ് മുസ്‌ലിംലീഗ് കാണുന്നത്. വൈവിധ്യങ്ങളിലും നമുക്ക് ഏകത്വം നല്‍കുന്ന സുന്ദരമായ ആശയത്തെ എക്കാലത്തും ഉയര്‍ത്തിക്കാണിക്കുന്നതും അത്‌കൊണ്ടാണ്. ജനാധിപത്യവും മതേതരത്വവും അടിസ്ഥാന പ്രമാണമായാണ് ഭരണഘടന കാണുന്നത്. എന്നാല്‍ ഫാസിസ്റ്റുകള്‍ ഈ തത്വത്തിനെതിരാണ്. നമ്മുടെ ഭരണഘടന മതേതരമായതിനാലാണ് ബി.ജെ.പി അടക്കമുള്ള ഫാസിസ്റ്റ് ശക്തികള്‍ ഇതിനെ യുദ്ധമുഖത്ത് നിലയുറപ്പിച്ചിരിക്കുന്നത്. നരേന്ദ്രമോദി അധികാരത്തില്‍ വന്നതിന് ശേഷം എത്രയെത്ര കലാപങ്ങളും കൊലപാതകങ്ങളുമാണ് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഭൂരിപക്ഷ വര്‍ഗീയത അഴിച്ചുവിട്ടിരിക്കുന്നത്.
ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും ദുര്‍ബലമായാല്‍ അതില്‍ നിന്നുടലെടുക്കുക ബി.ജെ.പിയുടെ ഫാസിസമായിരിക്കുമെന്ന് ദീര്‍ഘ ദര്‍ശനം ചെയ്ത പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. മതേതര ശക്തികള്‍ക്കൊപ്പം നിലയുറപ്പിച്ച് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖ്യ ശത്രുവായി വര്‍ഗീയതയെയും ഹിന്ദുത്വ തീവ്രതയെയും ചൂണ്ടിക്കാണിച്ച പാര്‍ട്ടി കൂടിയാണ് മുസ്‌ലിംലീഗ്. മതേതര ജനാധിപത്യ വ്യവസ്ഥിതികളോടുള്ള മുസ്‌ലിംലീഗിന്റെ കൂറും പ്രതിബദ്ധതയും മനസ്സിലാക്കാന്‍ അമ്പതുകളിലും എണ്‍പതുകളിലും പാര്‍ട്ടി സ്വീകരിച്ച നയനിലപാടുകള്‍ പരിശോധിച്ചാല്‍ മതിയാവും.
വര്‍ഗീയ-വിഭാഗീയ-തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഏത് പക്ഷത്ത് നിന്നായാലും ആപത്താണെന്ന് അത്യുച്ചത്തില്‍ വിളിച്ചുപറയാന്‍ ആര്‍ജ്ജവം കാണിച്ച മുസ്‌ലിംലീഗിന് ആര്‍.എസ്.എസിന്റെ മാത്രമല്ല ഐ.എസ്.എസിന്റെയും വി.എച്ച്.പിയുടെയും ബജ്‌റംഗ്ദള്‍ പോലുള്ള സംഘ്പരിവാര ശക്തികളുടെയും കടന്നാക്രമണങ്ങളെ തടുക്കേണ്ടിവന്നിട്ടുണ്ട്. ഭൂരിപക്ഷ വര്‍ഗീയതയുടെ നേര്‍ക്ക് മാത്രമല്ല ന്യൂനപക്ഷ തീവ്രവാദികളുടെ കടന്നാക്രമണത്തിന് നേരെയും ആശയപരമായ പോരാട്ടത്തിലേര്‍പ്പെടേണ്ടിവന്ന പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. വര്‍ഗീയ പ്രതിലോമ ശക്തികളെ വളരാനനുവദിക്കാത്ത ഒരു രാഷ്ട്രീയ നയം വേണമെന്ന നിലപാടില്‍ മുസ്‌ലിംലീഗ് ഉറച്ച് നിന്നപ്പോള്‍, ഇടത്പക്ഷ-മതേതര കക്ഷികള്‍ പലപ്പോഴും വര്‍ഗീയ പ്രതിലോമ ശക്തികളുമായി സന്ധിയാവുന്ന രാഷ്ട്രീയമാണ് സ്വീകരിച്ചത്. ഇന്ത്യയിലെ ഇടത് പക്ഷങ്ങളടക്കമുള്ള മതേതര കക്ഷികള്‍ ഇന്ത്യയിലെ ഭൂരിപക്ഷ വര്‍ഗീയത ഫാസിസമായി മാറുമെന്ന സാധ്യത തള്ളിക്കളഞ്ഞപ്പോള്‍ അരുത് എന്ന് പലവട്ടം പറഞ്ഞുനോക്കി. അന്ന് മുസ്‌ലിംലീഗ് നല്‍കിയ മുന്നറിയിപ്പവര്‍ ഉള്‍ക്കൊണ്ടിരുന്നുവെങ്കില്‍ ഇന്ന് രാഷ്ട്രം ഫാസിസത്തിന്‍ കരാള ഹസ്തങ്ങളില്‍പെട്ട് നശിക്കുമായിരുന്നില്ല. അന്ന് ഇവര്‍ക്ക് വളമിട്ടു കൊടുക്കുകയും വെള്ളമൊഴിച്ചുകൊടുക്കുകയും ചെയ്തവര്‍ ഇപ്പോള്‍ ഫാസിസത്തിനെതിരെ അട്ടഹസിച്ചിട്ടെന്ത് പ്രയോജനം.
1971ല്‍ ഖാഇദെമില്ലത്തിന്റെ നേതൃത്വത്തില്‍ ബാംഗ്ലൂരില്‍ സമ്മേളിച്ച മുസ്‌ലിംലീഗ് ദേശീയ പ്രവര്‍ത്തക സമിതി അംഗീകരിച്ച പ്രമേയത്തില്‍ പ്രത്യേകം എടുത്തുപറഞ്ഞ കാര്യം ഫാസിസത്തിന്റെ കടന്നുകയറ്റത്തിന്റെ പ്രത്യാഘാതത്തെക്കുറിച്ചായിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളില്‍ വേരുറപ്പിച്ചുകൊണ്ട് തന്നെയാണ് മുസ്‌ലിംലീഗ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. വര്‍ഗീയ പ്രതിലോമ ശക്തികളെ വളരാന്‍ വിടാത്ത ഒരു രാഷ്ട്രീയ നയം ആവിഷ്‌കരിച്ചു മുന്നോട്ടുപോകണമെന്നതായിരുന്നു പ്രമേയത്തിലെ ഉള്ളടക്കം. എന്നാല്‍ ഇടത്പക്ഷ കക്ഷികളുടെ രാഷ്ട്രീയ നിലപാടാവട്ടെ മുസ്‌ലിംലീഗിന്റെ തീരുമാനത്തിന് കടകവിരുദ്ധവുമായിരുന്നു. അതിന്റെ ഫലമാണ് പാര്‍ലമെന്റില്‍ രണ്ടു സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി 82 സീറ്റിലേക്കും ക്രമേണ രാജ്യഭരണത്തിലേക്കുമെത്താന്‍ പ്രചോദനമായത്. അതിന്റെ പാരിതോഷികം പിണറായിയും കൂട്ടരും ഇപ്പോഴും കൈപറ്റിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി-പട്ടിക വര്‍ഗങ്ങള്‍ക്കും നല്‍കിയ അവകാശാധികാര സംരക്ഷണങ്ങള്‍ എടുത്തുകളയണമെന്ന് ബി.ജെ.പി ആഗ്രഹിക്കുന്നതിന്റെ ലക്ഷണങ്ങളാണ് നരേന്ദ്രമോദിയുടെ അരാജകത്വ ഭരണത്തില്‍ നിഴലിക്കുന്നത്. ഹരിദ്വാരില്‍ സമ്മേളിച്ച വി.എച്ച്.പി സന്യാസിമാരുണ്ടാക്കിയ ഹിന്ദു രാഷ്ട്ര കരട് ഭരണഘടനയില്‍ മതേതരത്വത്തെ നിഷേധിക്കുന്നുണ്ട്.
1962 ആഗസ്ത് 22ന് ഇന്ത്യന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വീട്ടില്‍ അശോക് മേത്ത ചെയര്‍മാനായി രൂപീകൃതമായ വര്‍ഗീയതാ സമിതി കമ്മീഷന്‍ മുമ്പാകെ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് പ്രസിഡണ്ട് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് നല്‍കിയ മൊഴിയില്‍ പറഞ്ഞതിങ്ങിനെ: ‘ഇന്ത്യ വിവിധ മതക്കാര്‍ ഉള്‍ക്കൊള്ളുന്ന രാജ്യമാണ്. ഇവിടെ വിവിധ ഭാഷക്കാരും ജീവിക്കുന്നുണ്ട്. നമ്മുടെ ഭരണഘടന തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗക്കാര്‍ ഇവിടെ ജീവിക്കുന്നുണ്ടെന്ന വസ്തുതയും ഭരണഘടന അംഗീകരിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഇന്ത്യാ മഹാരാജ്യത്ത് മതാടിസ്ഥാനത്തിലും ഭാഷാടിസ്ഥാനത്തിലുമുള്ള ന്യൂനപക്ഷക്കാരെകുറിച്ച് ഭരണഘടന സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. ഈ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് അവരുടെ സംസ്‌കാരവും ജീവിത ശൈലിയും സംരക്ഷിക്കാനാവശ്യമായ അവകാശങ്ങള്‍ ഭരണഘടന ഗൗരവപൂര്‍വം വകവെച്ച് തന്നിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ തങ്ങള്‍ക്ക് സ്വന്തമായി ഒരു സംഘടന അല്ലെങ്കില്‍ ഒരു പാര്‍ട്ടി രൂപീകരിക്കാന്‍ ഭരണഘടനാപരമായ അവകാശം ന്യൂനപക്ഷക്കാര്‍ നേടിയിട്ടുണ്ട്. രാഷ്ട്രീയ രംഗത്തേക്ക് ഇത്തരം സ്ഥാപനങ്ങള്‍കടന്നുവരാതെ, രാഷ്ട്രീയമായി സംഘടിക്കാതെ ന്യൂനപക്ഷക്കാര്‍ക്ക് അവരുടെ അവകാശ സംരക്ഷണമെങ്ങിനെ സാധ്യമാക്കാനാകും. കോണ്‍ഗ്രസ്, പി.എസ്.പി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടങ്ങിയ കക്ഷികളെപ്പോലെ വിവിധ ലക്ഷ്യങ്ങള്‍ മുറുകെ പിടിച്ച് ഒരുപാട് പാര്‍ട്ടികളിവിടെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അപ്പോള്‍ സ്വന്തമായൊരു ജീവിത രീതിയും സംസ്‌കാരവും അല്ലെങ്കില്‍ ആദര്‍ശവും സ്വീകരിച്ച ന്യൂനപക്ഷക്കാര്‍ അവര്‍ക്കായി സ്വന്തമായ ഒരു സംഘടന രൂപീകരിക്കുന്നത് ന്യായമായും അംഗീകരിച്ചുകൊടുക്കാവുന്നതല്ലേയുള്ളൂ. ഞങ്ങള്‍ രാഷ്ട്രീയത്തില്‍ മതത്തെ കുത്തിച്ചെലുത്തുന്നില്ല. സത്യം പറഞ്ഞാല്‍ ജീവിതത്തിന്റെ ഓരോ ചുവട്‌വെപ്പിലും മതം അഗാധമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഒരാള്‍ ഒരു മതത്തെ പിന്‍പറ്റുന്നുണ്ടെങ്കില്‍, അയാളുടെ ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ നിന്നും മതത്തെ അടര്‍ത്തിമാറ്റാനാവില്ലെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാവുന്നതാണല്ലോ. ഇസ്‌ലാം മത വിശ്വാസമനുസരിച്ച് മതം എന്നത് സമ്പൂര്‍ണമായ ഒരു ജീവിത പദ്ധതിയാണ്. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും അതിനെ വേര്‍പെടുത്തിക്കളയാനാവില്ല. വിശേഷിച്ചും രാഷ്ട്രീയ ജീവിതത്തില്‍ നിന്നും അതിനെ വേര്‍പെടുത്തി നിര്‍ത്താവതല്ല. എന്നു മാത്രമല്ല ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രത്തില്‍, ജീവിതത്തിന്റെ എല്ലാ മേഖലകളിലും രാഷ്ട്രീയം കയറിക്കളിക്കുമ്പോള്‍ മതത്തെ മാറ്റിനിര്‍ത്തുകയെന്നത് അസാധ്യമായ കാര്യമാണ്. ഈ യാഥാര്‍ത്ഥ്യം ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നുണ്ട്. മതാനുഷ്ഠാനങ്ങളോടു കൂടിയ മതനിരപേക്ഷാ പ്രവര്‍ത്തനങ്ങളെകുറിച്ച് ഭരണഘടന നല്‍കുന്ന വിവരണത്തില്‍ നിന്ന് ഇത് മനസ്സിലാക്കാം. മഹാത്മാഗാന്ധി അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ പറഞ്ഞതെന്താണെന്ന് ദയവായി ശ്രദ്ധിക്കുക. ‘സത്യത്തിന്മേല്‍ എനിക്കുള്ള ഭക്തിയാണ് എന്നെ രാഷ്ട്രീയത്തില്‍ കൊണ്ടുനിര്‍ത്തിയിരിക്കുന്നത്. ഒട്ടും സംശയമില്ലാതെ വളരെ വിനയപൂര്‍വം എനിക്കൊരു കാര്യം പറയാന്‍ കഴിയും. അതായത് രാഷ്ട്രീയത്തില്‍ മതത്തിന് സ്ഥാനമില്ലെന്ന് പറയുന്നവര്‍ മതം എന്താണെന്ന് മനസിലാക്കിയിട്ടില്ലാത്തവരാണ്.’ ഏക സമൂഹമെന്ന് പറഞ്ഞുവല്ലൊ? പിന്നെ എന്തിനാണ് മുസ്‌ലിംകള്‍ക്ക് ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി? നിങ്ങള്‍ എന്തിനാണ് രാഷ്ട്രീയത്തില്‍ മതത്തെ കുത്തിച്ചെലുത്തുന്നത്? തുടങ്ങിയ കമ്മീഷന്റെ ചോദ്യങ്ങള്‍ക്ക് ഖാഇദെമില്ലത്ത് നല്‍കിയ മറുപടിയാണിത്.
ന്യൂനപക്ഷ സംരക്ഷണമെന്നത് നമ്മുടെ ദേശീയ പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ച ആശയമാണ്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ദേശീയ സമ്മേളനങ്ങള്‍ സ്വതന്ത്ര ഭാരതത്തില്‍ ന്യൂനപക്ഷങ്ങളുടെ മതപരവും വിശ്വാസപരവും സാംസ്‌കാരികവുമായ അവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ഉറപ്പ് നല്‍കിയതാണ്. ഭാവി ഭാരതത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളായിരിക്കും മതേതരത്വവും ജനാധിപത്യവും എന്നും അവര്‍ പറഞ്ഞു. ഈ ഉറപ്പുകള്‍ക്ക് നിയാമക സ്വഭാവം നല്‍കിയ ഭരണഘടനയിലെ വ്യവസ്ഥകള്‍ സംരക്ഷിക്കുകയെന്ന മുസ്‌ലിംലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന ആശയം ഒരിക്കലും വര്‍ഗീയമല്ല.
ഭദ്രമായ മൗലികാവകാശങ്ങള്‍ നമ്മുടെ ഭരണഘടനയുടെ അന്തഃസത്തയാണ്. ഇത് ദേശീയ പ്രസ്ഥാനങ്ങള്‍ തന്നെ അംഗീകരിച്ച കാര്യവുമാണ്. ഈ കാര്യം സൈമണ്‍ കമ്മീഷനു മുമ്പില്‍ അവര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. യാതൊരു പരിതസ്ഥിതിയിലും ഒരധികാര സ്ഥാപനത്തിനും പിന്‍വലിക്കാന്‍ കഴിയാത്ത ഭദ്രമായ വ്യവസ്ഥകളാല്‍ സംരക്ഷിക്കപ്പെടുന്ന മൗലികാവകാശങ്ങളായിരിക്കണം ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറയെന്ന് ദേശീയ നേതാക്കള്‍ ആവശ്യപ്പെടുകയും ചെയ്തു. ഇങ്ങിനെ ന്യൂനപക്ഷങ്ങളുടെ മതപരവും സാംസ്‌കാരികവും വിശ്വാസപരവുമായ അവകാശങ്ങളും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളും ഇല്ലാതാക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ബോധപൂര്‍വം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇതിന്റെയെല്ലാം നിലനില്‍പിനായി പരിശ്രമിക്കുകയും ഈ അവകാശങ്ങളൊക്കെയുള്‍ക്കൊള്ളുന്ന ഭരണഘടനയുടെ ആദര്‍ശലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ‘നാനാത്വത്തില്‍ ഏകത്വം’ എന്ന മതേതര സംസ്‌കൃതിയുടെ ചൈതന്യവും സ്പിരിറ്റും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലക്ക് വ്യവസ്ഥാപിതവും ഭരണഘടനാപരവുമായ മാര്‍ഗങ്ങളിലൂടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ന്യൂനപക്ഷ വിഭാഗങ്ങളെ ദേശീയ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് വഴിനടത്താന്‍ സാധിക്കുമെന്ന് മുസ്‌ലിംലീഗ് വിശ്വസിക്കുന്നു.
തീവ്രവാദപരവും ഭരണഘടനാ വിരുദ്ധവുമായ മാര്‍ഗങ്ങള്‍ ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം ആപല്‍ക്കരമായിരിക്കും. സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ പിന്നാക്കമായ ന്യൂനപക്ഷ വിഭാഗത്തിന് രാജ്യത്തിലെ മറ്റ് മതേതര പ്രസ്ഥാനങ്ങളുടെ സഹായ സഹകരണങ്ങളും വിശ്വാസവും നേടിക്കൊണ്ട് മാത്രമെ അവരുടെ ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കാനാവുകയുള്ളൂ. നിര്‍ഭാഗ്യവശാല്‍ ഉത്തരേന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിത് മനസിലാക്കാന്‍ കഴിഞ്ഞില്ല. സ്വാതന്ത്ര്യം നേടി എഴുപത് വര്‍ഷമായിട്ടും അത് മനസിലാക്കി പ്രവര്‍ത്തിക്കാത്തതിന്റെ ദുരന്തഫലമാണ് അവിടെയുള്ള ന്യൂനപക്ഷങ്ങളനുഭവിക്കുന്നത്. ഇവരുടെ വോട്ട് ബാങ്കിനെ ലക്ഷ്യംവെച്ച് നീങ്ങിയവരാവട്ടെ അധികാരത്തില്‍ വന്നപ്പോഴൊന്നും രോദനങ്ങള്‍ക്ക് പ്രതിവിധി നല്‍കിയില്ല. വിശ്വാസം നഷ്ടപ്പെട്ട ഇവര്‍ മേച്ചില്‍പുറങ്ങള്‍ തേടി വിവിധയിടങ്ങളിലേക്ക് മാറിനിന്നപ്പോള്‍ അധികാരമുണ്ടായിരുന്നവര്‍ കടപുഴകി. ഈ തക്കംപാര്‍ത്ത് നിന്ന സംഘ് പരിവാര വര്‍ഗീയ കൂട്ടുകെട്ട് മേല്‍ക്കൈ നേടുകയും ഭരണം പിടിക്കുകയുംചെയ്തു. അവരാകട്ടെ ഭരണഘടനയെ അവഗണിച്ചു ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭരണചക്രം തിരിച്ചുകൊണ്ടിരിക്കുകയുമാണ്. അത്യന്തം അപകടകരമായ ഈ സ്ഥിതിവിശേഷത്തില്‍ നിന്ന് രാഷ്ട്രത്തെയും അതിലെ പീഡിത സമൂഹത്തെയും സംരക്ഷിക്കുകയെന്ന മഹത്തായ ദൗത്യമാണ് നന്മ ആഗ്രഹിക്കുന്ന വര്‍ക്ക് നിറവേറ്റാനുള്ളത്. ‘സേവ് സെക്കുലറിസം-സേവ് ഇന്ത്യ’ എന്ന ദേശീയ ക്യാമ്പയിനിലൂടെ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് ആഗ്രഹിക്കുന്നതും മോഹിക്കുന്നതും അതാണ്.
(അവസാനിച്ചു)

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending