Connect with us

Video Stories

ബാപ്പു മുസ്ലിയാര്‍: പ്രബോധന വഴിയിലെ ബഹുമുഖ പ്രതിഭ

Published

on

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
ഇസ്‌ലാമിക പ്രബോധന വഴിയിലെ ബഹുമുഖ പ്രതിഭയായിരുന്ന കോട്ടുമല ടി.എം ബാപ്പു മുസ്്‌ലിയാരുടെ നിര്യാണം സമുദായ സംഘശക്തിക്കും മത വിദ്യാഭ്യാസ മേഖലക്കും വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃ നിരയിലെ പ്രമുഖ പണ്ഡിതന്മാരുടെ വിയോഗം നല്‍കുന്ന വേദന വിട്ടുമാറും മുമ്പാണ് ബാപ്പു മുസ്‌ലിയാര്‍ വിടപറഞ്ഞിരിക്കുന്നത്. തികഞ്ഞ പാണ്ഡിത്യവും പക്വതയാര്‍ന്ന നേതൃ ഗുണവും പാരമ്പര്യമായി കൈമുതലാക്കിയ ബാപ്പു മുസ്‌ലിയാര്‍, സമസ്തക്കും സമുദായത്തിനും വേണ്ടി ജീവിതം സമര്‍പ്പിക്കുകയായിരുന്നു. സദാസമയം കര്‍മരംഗത്ത് സജീവമായി നിലകൊള്ളുകയും സമുദായ സമുദ്ധാരണത്തിന് സമ്പന്നമായ ചിന്തകള്‍ സമ്മാനിക്കുകയും ചെയ്ത മാതൃകാ വ്യക്തിത്വമായിരുന്നു. കേരളത്തിലും പുറത്തുമായി പരന്നു കിടക്കുന്ന സമസ്തയുടെ മദ്്‌റസാ പ്രസ്ഥാനത്തെ ഇന്നു കാണുന്ന രീതിയില്‍ രൂപപ്പെടുത്തിയെടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് എക്കാലവും സ്മരിക്കപ്പെടുന്നതാണ്.
എപ്പോഴും ഊര്‍ജസ്വമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന പ്രകൃതമായിരുന്നു ബാപ്പു മുസ്‌ലിയാരുടേത്. പഠന കാലത്തു തന്നെ അദ്ദേഹത്തില്‍ ഇത് പ്രകടമായിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ഞങ്ങള്‍ ഒരുമിച്ചാണ് പഠനം നടത്തിയിരുന്നത്. ബിരുദം ഏറ്റുവാങ്ങും വരെ ഒരേ ക്ലാസിലും ഒരേ റൂമിലുമായിരുന്നു. ഉസ്താദുമാര്‍ ക്ലാസെടുക്കുമ്പോള്‍ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചു കേള്‍ക്കുകയും ഏറെക്കുറെ അതതു സമയത്തു തന്നെ മന:പാഠമാക്കുകയും ചെയ്യുന്നതില്‍ അദ്ദേഹം ഉത്സാഹം കാണിച്ചിരുന്നു. പഠിച്ച കാര്യങ്ങള്‍ സഹപാഠികള്‍ക്ക് പകര്‍ന്നു കൊടുക്കുന്നതിലും അദ്ദേഹത്തിന് പ്രത്യേക താത്പര്യമായിരുന്നു. ജാമിഅയിലെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുകയും വിദ്യാര്‍ഥി സമാജങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. ഇത്തരം കാര്യങ്ങളില്‍ അദ്ദേഹത്തിനുള്ള കഴിവ് പ്രത്യേകം എടുത്തുപറയേണ്ടതാണ്.
ജാമിഅയിലേക്ക് പോകുമ്പോഴും തിരിച്ചുവരുമ്പോഴും ഞങ്ങള്‍ ഒരേ വാഹനത്തിലായിരുന്നു യാത്ര ചെയ്തിരുന്നത്. എന്റെ വന്ദ്യപിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളും അദ്ദേഹത്തിന്റെ പിതാവ് കോട്ടുമല അബൂബക്കര്‍ മുസ്്‌ലിയാരും തമ്മില്‍ വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. സമസ്തയുടെയും പട്ടിക്കാട് ജാമിഅയുടെയും പ്രവര്‍ത്തനങ്ങളില്‍ അവര്‍ എപ്പോഴും ഒരുമിച്ചായിരുന്നു. ഈ ബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ കൂടുതല്‍ ഊഷ്മളമാക്കിയത്. പിതാക്കന്മാരോടൊപ്പം പല പരിപാടികളിലും പങ്കെടുക്കാന്‍ ചെറുപ്പത്തില്‍ തന്നെ ഞങ്ങള്‍ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ജാമിഅയില്‍ പഠിച്ചുകൊണ്ടിരിക്കെ കായല്‍പ്പട്ടണത്തിലെ മഹ്്‌ളറത്തുല്‍ ഖാദിരിയ്യ കോളജ് വാര്‍ഷിക പരിപാടിയിലേക്ക് വന്ദ്യപിതാവിന്റെയും കെ.പി ഉസ്്മാന്‍ സാഹിബ്, മാന്നാര്‍ അബ്ദുല്‍ ഖാദര്‍ ഹാജി എന്നിവരോടുമൊത്ത് ഞങ്ങള്‍ യാത്ര ചെയ്ത അനുഭവം ഇന്നും ഓര്‍മയില്‍ തെളിയുന്നു.
പഠന ശേഷം ബാപ്പു മുസ്‌ലിയാര്‍ വിവിധ ഇടങ്ങളില്‍ മുദരിസും ഖാസിയുമായി സേവനം ചെയ്തു. കോട്ടുമല അബൂബക്കര്‍ മുസ്്‌ലിയാരുടെ വിയോഗ ശേഷം സമസ്തയുടെ സംഘടനാ രംഗത്തും ബാപ്പു മുസ്‌ലിയാര്‍ സജീവമായി. തീരെ ചെറിയ പ്രായത്തിലാണ് അദ്ദേഹം സമസ്ത ഏറനാട് താലൂക്ക് കമ്മിറ്റി പ്രസിഡന്റാവുന്നത്. അപ്പോഴും ആ സൗഹൃദ ബന്ധം അഭംഗുരം തുടരുകയാണുണ്ടായത്. പിന്നീട് പട്ടിക്കാട് ജാമിഅ നൂരിയ്യ പൂര്‍വ വിദ്യാര്‍ഥി സംഘടന (ഓസ്‌ഫോജന)യുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചു. ഓസ്‌ഫോജനയുടെ സംഭാവനയായ കോട്ടുമല അബൂബക്കര്‍ മുസ്്‌ലിയാര്‍ സ്മാരക കോംപ്ലക്‌സിന്റെ സ്ഥാപിത കാലം തൊട്ട് ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ കഠിനാധ്വാനം പ്രത്യേകം സ്മരിക്കേണ്ടതാണ്. തന്റെ ജീവനു തുല്യം ആ സ്ഥാപനത്തെ സ്‌നേഹിക്കുന്നുവെന്നതിന് എത്രയോ ഉദാഹരണങ്ങള്‍ അനുഭവത്തിലുണ്ടായിട്ടുണ്ട്.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡില്‍ അംഗമായും പിന്നീട് സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായുമുള്ള കാലയളവില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ശാസ്ത്രീയമാക്കുന്ന ആശയങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചത്. കാലോചിതമായി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നതിലും വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിലും അദ്ദേഹം പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു. മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസ മേഖലയിലും സമസ്ത കൂടുതല്‍ ശ്രദ്ധയൂന്നണമെന്നുള്ള ചിന്തയില്‍ നിന്നുത്ഭവിച്ച പട്ടിക്കാട് എം.ഇ.എ എഞ്ചിനീയറിങ് കോളജിന്റെ ജനറല്‍ കണ്‍വീനറായി തെരഞ്ഞെടുത്തത് ബാപ്പു മുസ്‌ലിയാരെയായിരുന്നു. എന്റെ ജ്യേഷ്ഠ സഹോദരന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമൊത്ത് എഞ്ചിനീയറിങ് കോളജ് യാഥാര്‍ത്ഥ്യമാക്കുന്നതിനും പിന്നീട് അതിനെ കേരളത്തിലെ പ്രമുഖ കലാലയമായി വളര്‍ത്തിയെടുക്കുന്നതിലും ബാപ്പു മുസ്‌ലിയാരുടെ പങ്ക് നിസ്തുലമാണ്.
ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ആരിലും മതിപ്പുളവാക്കുന്ന സേവനമായിരുന്നു അദ്ദേഹത്തിന്റേത്. ഹാജിമാരുടെ ക്ഷേമത്തിനും ഹജ്ജ് ക്യാമ്പിന്റെ സംഘാടനത്തിനും വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചു. ഒരു ഹജ്ജ് ക്യാമ്പ് സമാപിച്ചതിനു ശേഷം അടുത്ത ഹജ്ജ് കാലം വരുന്നതിനു മുമ്പ് ഹജ്ജ് ഹൗസിന്റെയും ക്യാമ്പിന്റെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഹാജിമാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള പുതിയ ആശയവുമായി അദ്ദേഹം സര്‍ക്കാറിനെ സമീപിക്കുമായിരുന്നു. സമുദായ ഐക്യവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതിനു വേണ്ടി പൊതു വിഷയങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കാനുള്ള വിശാല മനസ്‌കതയാണ് ബാപ്പു മുസ്്‌ലിയാര്‍ക്ക് പൊതുസമ്മതി നേടിക്കൊടുത്തത്. സമസ്തയുടെ പ്രഖ്യാപിത നിലപാടുകളില്‍ നിന്നു വ്യതിചലിക്കാതെ ആദര്‍ശ ബന്ധിതമായി ജീവിക്കുകയും അതോടൊപ്പം മറ്റുള്ളവരുമായുള്ള സഹവര്‍ത്തിത്വത്തിന് പ്രാധാന്യം കാണുകയും ചെയ്തിരുന്നു.
സമസ്തയുടെ കാമ്പയിനുകളും സമ്മേളനങ്ങളും വിജയിപ്പിക്കുന്നതില്‍ മികച്ച സംഘടനാ പാടവമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. സമസ്തയുടെ മുതിര്‍ന്ന നേതാക്കാള്‍ക്ക് ആശ്വാസകരമാവുംവിധം എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് നിര്‍വഹിക്കുകയും അവയെല്ലാം വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ പതിവ്. പല സമ്മേളനങ്ങളുടെയും വിജയ ശില്‍പികളില്‍ പ്രധാനി ബാപ്പുമുസ്‌ലിയാരായിരുന്നു. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ വീഴ്ച വരുത്താതെ നിര്‍വഹിക്കണമെന്ന കണിശതയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്.
ഉത്തരവാദിത്വങ്ങള്‍ അല്ലാഹുവില്‍ നിന്നുള്ളതാണെന്നും അതിനാല്‍ ഏതൊരു വീഴ്ചക്കും ഉത്തരം പറയേണ്ടി വരുമെന്നുമുള്ള സൂക്ഷ്മത ജീവിതത്തിലുടനീളം അദ്ദേഹം നിലനിര്‍ത്തുകയും ചെയ്തു. ഇത്ര വേഗം അദ്ദേഹം വിടവാങ്ങുമെന്ന് കരുതിയതല്ല. അല്ലാഹുവിന്റെ അലംഘനീയമായ വിധിക്കു മുമ്പില്‍ എല്ലാവരും കീഴടങ്ങേണ്ടി വരും. പണ്ഡിതന്മാരുടെ മരണം കാലത്തിന്റെ മരണമെന്നാണ് മഹത് വാക്യം. പ്രമുഖ പണ്ഡിതന്മാരുടെ വേര്‍പാടുണ്ടാക്കുന്ന ശൂന്യതക്ക് പരിഹാരമായി പ്രാപ്തമായ പണ്ഡിത നേതൃത്വത്തെ അല്ലാഹു പ്രദാനം ചെയ്യട്ടെ എന്നു പ്രാര്‍ഥിക്കാം. ബാപ്പു മുസ്‌ലിയാരുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്കും സത്കര്‍മങ്ങള്‍ക്കും അല്ലാഹു അളവറ്റ പ്രതിഫലം നല്‍കട്ടെ.

Video Stories

കത്ത് വിവാദം ; ക്രൈംബ്രാഞ്ച് ഇന്ന് മേയറുടെ മൊഴിയെടുക്കും

തുടര്‍ന്ന് ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യും.

Published

on

തിരുവനന്തപുരം കോര്‍പറേഷനിലെ ശുപാര്‍ശ കത്ത് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴിയെടുക്കും.തുടര്‍ന്ന് ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യും.

നവമാധ്യമങ്ങള്‍ വഴി പ്രചരിച്ച കത്ത്, കോര്‍പ്പറേഷനില്‍ തന്നെ തയ്യാറാക്കിയിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്.
ആരാണ് ഇത് തയ്യാറാക്കി വാട്സ് ആപ്പിലേക്ക് അയച്ചതെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ തെളിവുകള്‍ പൊലീസിന് ശേഖരിക്കേണ്ടിവരും.പ്രാഥമിക അന്വേഷണം നടത്തിയപ്പോള്‍ ആര്യ രാജേന്ദ്രന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.

 

Continue Reading

Video Stories

ഖത്തറില്‍ ഡെന്മാര്‍ക്കും തുണീഷ്യയും ഇന്ന് നേര്‍ക്കുനേര്‍

Published

on

ഇന്ത്യന്‍ സമയം വൈകീട്ട് 6.30 നാണ് ഗ്രൂപ്പ് ഡി മല്‍സരങ്ങളുടെ തുടക്കം. അട്ടിമറിക്കാരായ ഡെന്മാര്‍ക്കിനെതിരെ ഖത്തറില്‍ ധാരാളം പിന്തുണക്കാരുള്ള തുണീഷ്യ. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് കളിക്കുന്ന ഗ്രൂപ്പായതിനാല്‍ ഡെന്മാര്‍ക്കിനും തുണീഷ്യക്കും അടുത്ത റൗണ്ട് എന്ന ലക്ഷ്യത്തില്‍ ഇന്ന് വിജയിക്കാനാവണം.

ഒരു വര്‍ഷം മുമ്പ് നടന്ന യൂറോയില്‍ ആരും സാധ്യത കല്‍പ്പിക്കാതിരുന്ന ടീമായിരുന്നല്ലോ ഡെന്മാര്‍ക്ക്. നായകന്‍ ക്രിസ്റ്റിയന്‍ എറിക്‌സണെ നഷ്ടമായിട്ടും റഷ്യ, വെയില്‍സ്, ചെക് റിപ്പബ്ലിക് എന്നിവരെയെല്ലാം മറികടന്നവര്‍ ഇംഗ്ലണ്ടിനോട് തോല്‍ക്കുകയായിരുന്നു. പിയറി എമിലി ഹോജ്ബര്‍ഗും ശ്രദ്ധിക്കേണ്ട താരം. പുതിയ കോച്ച് ജലീല്‍ കാദ്‌രിക്ക് കീഴില്‍ കരുത്തരായിരിക്കുന്നു അവര്‍. പ്രീമീയര്‍ ലീഗില്‍ സണ്ടര്‍ലന്‍ഡിനായി കളിച്ച വഹബി കസ്‌രിയാണ് തുണീഷ്യക്കാരിലെ അപകടകാരി.

Continue Reading

Video Stories

അര്‍ജന്റീനക്കാര്‍ ചില്ലറക്കാരല്ല; വേങ്ങരയില്‍ 500 പേര്‍ക്കുള്ള ബിരിയാണി ഒരുക്കി അര്‍ജന്റീന ഫാന്‍സ്

500 പേര്‍ക്കുള്ള ബിരിയാണിയാണ് ഇവിടുത്തെ അര്‍ജന്റീന ഫാന്‍സ് ഒരുക്കിയിരിക്കുന്നത്

Published

on

ആദില്‍ മുഹമ്മദ്

കളി ഖത്തറില്‍ ആണെങ്കിലും ആവേശം മലപ്പുറത്താണെന്ന് പറയുന്നത് എന്തായാലും വെറുതെയല്ല. അത് തെളിയിക്കുകയാണ് മലപ്പുറത്തെ ഓരോരോ സംഭവങ്ങളും. ഇന്നത്തെ സംഭവം മലപ്പുറം വേങ്ങരയിലാണ്. 500 പേര്‍ക്കുള്ള ബിരിയാണിയാണ് ഇവിടുത്തെ അര്‍ജന്റീന ഫാന്‍സ് ഒരുക്കിയിരിക്കുന്നത്.

മലപ്പുറം വേങ്ങര എടയാട്ടുപറമ്പിലെയും ചേക്കാലിമാടിലെയും അര്‍ജന്റീന ഫാന്‍സ് സംയുക്തമായിയാണ് തങ്ങളുടെ ടീമിന്റെ ഉദ്ഘാടനമത്സരത്തിന്റെ ഭാഗമായി 500 പേര്‍ക്കുള്ള ബിരിയാണി ഒരുക്കുന്നത്.മത്സരത്തിനു മുന്‍പ് ഇത് വിതരണം ചെയ്യുകയും ചെയ്യും. നാട്ടിലുള്ള അര്‍ജന്റീന ഫാന്‍സ് എല്ലാവരും ഒത്തുചേര്‍ന്നാണ് ഭക്ഷണത്തിനുള്ള ഫണ്ട് കണ്ടെത്തിയത്. 80 കിലോയോളം വരുന്ന ഭക്ഷണത്തിന്റെ തയ്യാറെടുപ്പുകള്‍ കഴിഞ്ഞ ദിവസം തന്നെ തുടങ്ങിയിരുന്നു.

ഇന്ന് വൈകിട്ട് മൂന്നര മണിക്കാണ് ഖത്തര്‍ വേള്‍ഡ് കപ്പില്‍ അര്‍ജന്റീനയുടെ ആദ്യ പോരാട്ടം. സൗദി അറേബ്യയാണ് എതിരാളി.

 

Continue Reading

Trending