മുസ്സോളിനിയെയും ഹിറ്റ്‌ലറെയും ആദരിക്കുന്നയാളാണ് ലാറ്റിനമേരിക്കന്‍ പോരാളി ചെഗുവേരയെന്നു പറയുന്ന ഒരു കാവിവിദ്വാന്‍ വിളമ്പിയതെല്ലാം അതേ സ്‌കൂളിന്റേതാണെന്നു തിരിച്ചറിഞ്ഞ് ഊറിച്ചിരിക്കുകയാണ് മലയാളിയിപ്പോള്‍. ‘ദേശീയ ഗാനത്തെ അനുസരിക്കാന്‍ കഴിയില്ലെങ്കില്‍ കമല്‍ രാജ്യം വിടണമെന്നാണ് എന്റെ അഭിപ്രായം’. പ്രബുദ്ധ കേരളത്തില്‍ നിന്ന് ഒരിക്കലും കേട്ടുകൂടാത്ത വാക്കുകളാണ് നാം കഴിഞ്ഞ ദിവസം മറ്റൊരു മലയാളിയില്‍ നിന്ന് അത്യന്തം ലജ്ജയോടെ ശ്രവിച്ചത്. കേരളത്തെ സ്‌നേഹിക്കുകയും അതിന്റെ സാംസ്‌കാരിക പാരമ്പര്യത്തില്‍ അഭിരമിക്കുകയും ചെയ്യുന്ന ഒരാളെ സംബന്ധിച്ച് ഈ വാക്കുകള്‍ ‘കോതക്കുപാട്ടാ’യി മാത്രം അവഗണിക്കാനാവില്ല. രാജ്യം ഭരിക്കുന്ന ഉത്തരവാദിത്തപ്പെട്ട കക്ഷിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ‘തിരുവദന’ ത്തില്‍ നിന്നായിരുന്നു ഈ വിഷ ഗീര്‍വാണം. ഇത്തരക്കാരെ കയ്യോടെ പിടികൂടി കല്‍തുറുങ്കിലിടുന്നതിനുപകരം ഇരകള്‍ക്കുനേരെ ഊപ്പയും കാപ്പയും ചുമത്തി വിരട്ടിനിര്‍ത്തുകയാണ് കേരളത്തിലെ സിംഹാസനാസനസ്ഥര്‍.
കോഴിക്കോട്ട് ഒരു വാര്‍ത്താസമ്മേളനമായിരുന്നു നേതാവിന്റെ വിഷം വമിപ്പിനുള്ള വേദി. മാധ്യമ പ്രവര്‍ത്തകര്‍ ഇതിനെതിരെ തല്‍സമയം തന്നെ പ്രതികരിച്ചു. ബി.ജെ.പിയുമായി ബന്ധപ്പെട്ട ഒരു വനിതാ നേതാവുതന്നെ ദേശീയ ഗാനത്തെ അംഗീകരിക്കില്ലെന്ന രീതിയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ നേതാവിന് അവര്‍ കാട്ടിക്കൊടുത്തു. അപ്പോള്‍ ടിയാന്‍ ഭംഗ്യന്തരേണ ഒഴിഞ്ഞു മാറുകയായിരുന്നു: ‘അവര്‍ എന്തുപറയുന്നുവെന്നത് എനിക്കറിയില്ല. അത് സ്വാതന്ത്ര്യത്തിനുമുമ്പല്ലേ.’ പ്രസ്തുത നേതാവാണ് രണ്ടാഴ്ച മുമ്പ് കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനഭാജനമായ ജ്ഞാനപീഠ ജേതാവ് എം.ടിയെ ഇകഴ്ത്തി സംസാരിച്ചത്. നോട്ടുനിരോധനം തുഗ്ലക്കിയന്‍ പരിഷ്‌കാരമാണെന്ന എം.ടിയുടെ അഭിപ്രായ പ്രകടനമാണ് ഇയാളെ ചൊടിപ്പിച്ചത്. ഏതായാലും ഭാഗ്യവശാല്‍ എം.ടിയെ ഈ മാന്യദേഹം രാജ്യംവിടാന്‍ ഉപദേശിച്ചില്ല. കാരണം നിരവധി ബി.ജെ.പി എം.പിമാരും സംഘ്പരിവാര്‍ ചാലകന്മാരും നിത്യേനയെന്നോണം നടത്തിക്കൊണ്ടിരിക്കുന്ന പാഷാണ പ്രഭാഷണങ്ങളെല്ലാം മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട ഒരു അജണ്ടയുടെ പുറത്താണെന്ന് തിരിച്ചറിയുക തന്നെ വേണം.
ഇന്ത്യയിലെ മുസ്്‌ലിംകളെയും ക്രിസ്ത്യാനികളെയും രാജ്യത്തിന്റെ ശത്രുക്കളായി കാണണമെന്ന് നിര്‍ദേശിച്ച ആര്‍.എസ്.എസ് താത്വികാചാര്യന്‍ ഗോവള്‍ക്കറുടെ പിന്‍മുറക്കാരാണ് ഇതൊക്കെ പുലമ്പുന്നത് എന്നതിനാല്‍ പൗരന്മാര്‍ക്ക് അത്രക്കങ്ങ് അല്‍ഭുതപ്പെടേണ്ടതില്ല. കമല്‍ എന്ന സംവിധായകന്‍ കേരളത്തിന്റെ സിനിമാ മേഖലയില്‍ നിറഞ്ഞുനിന്നിട്ട് മൂന്നു പതിറ്റാണ്ടെങ്കിലുമായിക്കാണും. ഇടതുപക്ഷക്കാരനെങ്കിലും ജനപ്രിയങ്ങളായ ഒരുപിടി സിനിമകളുടെ സംവിധായകന്‍ എന്ന നിലക്ക് കേരളീയരുടെ മനസ്സിലും തിരിച്ചും ചിരപ്രതിഷ്ഠ നേടിയ കലാകാരന്മാരിലൊരാളാണ് കമല്‍. ഇദ്ദേഹത്തിന്റെ വീട്ടിലെ പേരുവിളിച്ചായിരുന്നു കഴിഞ്ഞ മാസം കൊടുങ്ങല്ലൂരില്‍ യുവമോര്‍ച്ച നടത്തിയ ആഭാസകരമായ പ്രകടനം. ഭീകരവാദി കമാലുദ്ദീനേ എന്നു വിളിച്ചുള്ള കാവി യുവത്വത്തിന്റെ ആക്രോശം കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് ഏറെ ദുര്‍ഗന്ധം വമിക്കുന്നതായി. ഇന്ത്യക്കാര്‍ ആരാണെന്നതല്ല, അവര്‍ ബി.ജെ.പിയെ എതിര്‍ക്കുന്നുണ്ടോ എന്നു മാത്രമാണ് എതിര്‍ക്കപ്പെടാനുള്ള മാനദണ്ഡം. തങ്ങളെ അംഗീകരിക്കാത്തവരെല്ലാം ഭല്‍സിക്കപ്പെടേണ്ടവരോ രാജ്യം വിടേണ്ടവരോ ആണെന്ന ചിന്താഗതിയാണ് കാവി പ്രഭൃതികള്‍ക്കുള്ളതെന്ന് കഴിഞ്ഞ കുറെക്കാലമായുള്ള ഇവരുടെ പ്രവൃത്തികള്‍ കൊണ്ട് നാടിന് ബോധ്യമായതാണ്.
പാക്കിസ്താന്‍ നടീനടന്മാരെ അഭിനയിപ്പിച്ചതിന് സിനിമാ റിലീസ് തടഞ്ഞുവെച്ച സംഭവം നാം വായിച്ചറിഞ്ഞതാണ്. കഴിഞ്ഞ മാസം രാജ്യത്തെ പ്രമുഖ ബോളിവുഡ് നടനായ ഷാരൂഖ് ഖാന്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ തലവന്‍ രാജ് താക്കറെയെ സന്ദര്‍ശിച്ചത് തന്റെ ചിത്രത്തിന്റെ റിലീസിങിന് അനുമതി തേടിയായിരുന്നു. മുംബൈയില്‍ ഒരു പൊലീസ് സേനയും സര്‍ക്കാരും ഉള്ളപ്പോഴാണ് ഷാരൂഖ്ഖാന് ഒരു വര്‍ഗീയ വിദ്വേഷകന്റെ കാല്‍ചുവട്ടില്‍ അഭയം തേടേണ്ടി വന്നതെന്നത് ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം തീര്‍ത്തും ലജ്ജാകരമാണ്. കമലിന്റെ സിനിമയില്‍ നിന്ന് മലയാളിയായ ബോളിവുഡ് നടി പിന്മാറിയത് കഴിഞ്ഞ ദിവസമായിരുന്നു. മറ്റൊരു ബോളിവുഡ് നടന്‍ അമീര്‍ഖാനെ ഒരു ബിസിനസ് സ്ഥാപനത്തിന്റെ പരസ്യത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത് ഓണ്‍ലൈനില്‍ ട്രോള്‍ മഴ പെയ്യിച്ചുവെന്ന് വെളിപ്പെടുത്തിയത് ഒരു പ്രശസ്ത മാധ്യമ പ്രവര്‍ത്തകയാണ്. നരേന്ദ്ര മോദിയുടെ പോലും പിന്തുണ ഇതിനുണ്ടായിരുന്നുവെന്നാണ് പുറത്തുവന്ന വാര്‍ത്ത. കല്‍ബുര്‍ഗി, പന്‍സാരെ, ധബോല്‍ക്കര്‍ എന്നീ സാഹിത്യകാരന്മാരെ ഇരുട്ടിന്റെ മറവില്‍ തലകൊയ്തവര്‍ പെരുമാള്‍ മുരുകനെ പോലുള്ളവരുടെ വായമൂടിക്കെട്ടി. എന്തു വിശ്വസിക്കണം, എന്തുകഴിക്കണം, എന്തു സംസാരിക്കണം, എന്തെഴുതണം, എപ്പോള്‍ ഇരിക്കണം എന്നൊക്കെ തീട്ടൂരം വെക്കുന്ന സംഘ്പരിവാറുകള്‍ക്ക് ദേശീയ ഗാനത്തെക്കുറിച്ചുള്ള കോടതി വിധിയാണ് അടുത്ത കാലത്ത് വീണു കിട്ടിയ പുതു ആയുധം. മാതൃ രാജ്യം ഉപേക്ഷിക്കുന്നതിനേക്കാള്‍ ഭേദം കാവിപ്പടയെയും കാക്കിപ്പടയെയും കൊണ്ട് കൊല്ലപ്പെടുന്നതാവുമല്ലേ !
ഇവക്കെതിരെ ശബ്ദിക്കുക മാത്രം ചെയ്യുന്ന മേമ്പൊടി രാഷ്ട്രീയമാണ് നിര്‍ഭാഗ്യവശാല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പയറ്റുന്നത്. സ്വന്തമായി പൊലീസ് കയ്യിലുണ്ടായിട്ടും ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ എടുക്കുന്ന നടപടി പോലും ഈ വര്‍ഗീയ വേതാളങ്ങള്‍ക്കെതിരെ കൈക്കൊള്ളുന്നില്ല എന്നിടത്താണ് കേരളത്തിലെ ഇടതു മുന്നണി സര്‍ക്കാരിന്റെയും മുന്നണിയുടെയും പുറംപൂച്ച് പുറത്താകുന്നത്. കൊച്ചിയിലെയും കോഴിക്കോട്ടെയും ഒരു സ്‌കൂളിലേക്ക് കയറിച്ചെന്ന കാക്കിപ്പടക്ക് കാവിപ്പടയുടെ വാതില്‍ കാണുമ്പോള്‍ മുട്ടുവിറക്കുന്നുവെന്നാണോ നാം മനസ്സിലാക്കേണ്ടത്. ശശികല, എ.എന്‍ രാധാകൃഷ്ണ, ഗോപാലകൃഷ്ണാദി പ്രൊഫസര്‍മാര്‍ക്കുനേരെ ചെറുവിരല്‍ പോലും അനക്കാന്‍ മടിക്കുന്ന സി.പി.എമ്മുകാരന്റെ പൊലീസ് ന്യൂനപക്ഷ മതപണ്ഡിതന്മാര്‍ക്കും മാവോവാദികള്‍ക്കുമെതിരെ ഏത് അര്‍ധ രാത്രിയിലും തോക്കെടുക്കാന്‍ തയ്യാറാണെന്നതാണ് സമകാലീന കേരളീയ യാഥാര്‍ഥ്യം. ഒരു വശത്ത് പ്രസ്താവനാ യുദ്ധവും മറുവശത്ത് യു.എ പി.എ പോലുള്ള കരിനിയമങ്ങളും. ദാദ്രിയില്‍ മുഹമ്മദ്അഖ്‌ലാഖിന്റെ ഘാതകന്റെ മേല്‍ പുതപ്പിക്കാനാണ് എണ്ണമറ്റ ഇന്ത്യക്കാര്‍ ജീവന്‍ കൊടുത്തു നേടിയ ത്രിവര്‍ണക്കൊടിയെന്ന് ധരിച്ചുവെച്ചിട്ടുള്ളവര്‍ ഇനിയുമെന്തൊക്കെയാണ് പുലമ്പുക എന്ന് കഴിഞ്ഞ ദിവസത്തെ സാക്ഷി മഹാരാജിന്റെ മുസ്്‌ലിം ജനസംഖ്യയെക്കുറിച്ചുള്ള ‘തിരുമൊഴി’ കള്‍ കേട്ടവര്‍ക്ക് ഊഹിക്കാനാകും. ഇതിനെ നേരിടാന്‍ എഴുത്തുകാരുടെയും കലാകാരന്മാരുടെയും മാത്രമല്ല, രാജ്യത്തെ ന്യൂനപക്ഷാദി മതേതര ജനാധിപത്യ വിശ്വാസികളുടെയാകെ ഐക്യനിര രൂപപ്പെടുകയേ നിവൃത്തിയുള്ളൂ. അല്ലെങ്കില്‍ ഫ്രാന്‍സിലെയും ജര്‍മനിയിലെയും ഇറ്റലിയിലെയും ഗതകാല ആസുരത ഇന്ത്യയിലേക്കും കടന്നുവരുന്നതിന് നമുക്ക് കാത്തിരിക്കാം.