ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനത്തു നിന്ന് മഹേന്ദ്ര സിങ് ധോണിക്ക് തോല്‍വിയോടെ പടിയിറക്കം. ഏകദിന പരമ്പരക്കു മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യ എ മൂന്നു വിക്കറ്റിനാണ് തോറ്റത്. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ അമ്പാട്ടി റായുഡുവിന്റെ (100 റിട്ട.) സെഞ്ച്വറി മികവില്‍ 304 റണ്‍സ് കുറിച്ചെങ്കിലും ഏഴു വിക്കറ്റ് നഷ്ടത്തില്‍ ഏഴു പന്ത് ശേഷിക്കെ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തുകയായിരുന്നു.

അമ്പാട്ടി റായുഡുവിനു പുറമെ ക്യാപ്ടന്‍ ധോണിയും (68 നോട്ടൗട്ട്) ഇടവേളക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ യുവരാജ് സിങും (56) ശിഖര്‍ ധവാനും (63) ഫോമായപ്പോള്‍ ഇന്ത്യ പ്രതിരോധിക്കാവുന്ന ടോട്ടലിലെത്തി. ഓപണര്‍ മന്‍ദീപ് സിങിന് (8) തിളങ്ങാന്‍ കഴിഞ്ഞില്ല. 10 ഓവറില്‍ 71 റണ്‍സ് വഴങ്ങിയ ക്രിസ് വോക്‌സ് ആണ് ഇംഗ്ലീഷ് ബൗളര്‍മാരില്‍ കൂടുതല്‍ ശിക്ഷിക്കപ്പെട്ടത്.

മറുപടി ബാറ്റിങില്‍ സാം ബില്ലിങ്‌സ് (93), ജേസണ്‍ റോയ് (62) എന്നിവരുടെ അര്‍ധ ശതകങ്ങള്‍ ഇംഗ്ലണ്ടിന് തുണയായി. അലക്‌സ് ഹെയ്ല്‍സ് (40), ജോസ് ബട്ട്‌ലര്‍ (46), ലിയാം ഡോസന്‍ (41) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. സ്‌കോര്‍ 290-ല്‍ നില്‍ക്കെ ഡോസനെയും ബില്ലിങ്‌സിനെയും മടക്കി കുല്‍ദീപ് യാദവ് ഇന്ത്യ എക്ക് പ്രതീക്ഷ പകര്‍ന്നെങ്കിലും ആദില്‍ റാഷിദും (6 നോട്ടൗട്ട്) ക്രിസ് വോക്‌സും (11 നോട്ടൗട്ട്) സന്ദര്‍ശകരെ വിജയത്തിലേക്ക് നയിച്ചു. ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ തുടര്‍ച്ചയായി രണ്ട് ബൗണ്ടറി നേടിയാണ് വോക്‌സ് ഫിനിഷ് ചെയ്തത്.

Related:

വാക്ക് പാലിച്ചു: പ്രതാപകാലം ഓര്‍മ്മിപ്പിച്ച് ധോനിയും യുവരാജും