Connect with us

Video Stories

പൊങ്ങച്ചം കൊണ്ട് ഓട്ടയടയില്ല

Published

on

 

കേരളത്തിന്റെ സാമ്പത്തിക-ധനകാര്യസ്ഥിതി അത്യന്തം അപകടകരമായ അവസ്ഥയിലേക്ക് അഭൂതപൂര്‍വമായി കൂപ്പുകുത്തുകയാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കഴിഞ്ഞ നവംബര്‍ മുതല്‍ ട്രഷറിയില്‍ ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുകയുണ്ടായെങ്കിലും കാര്യങ്ങള്‍ അതുകൊണ്ടൊന്നും നിലയ്ക്കാന്‍ പോകുന്നില്ലെന്നുവേണം മനസ്സിലാക്കാന്‍. മുണ്ടുമുറുക്കി ഉടുക്കേണ്ടതിനെക്കറിച്ച് സംസ്ഥാന ധനകാര്യവകുപ്പുമന്ത്രി ഡോ. തോമസ് ഐസക് തന്നെ വാചാലനാകുന്നു. സര്‍ക്കാരിന്റെ അനിയന്ത്രിതമായ ചെലവുകളാണ് ഇതിലേക്ക് വഴിവെച്ചതെന്നാണ് മിക്ക ധനകാര്യ വിദഗ്ധരുടെയും അഭിപ്രായം. ഇക്കാര്യത്തില്‍ സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരിന് പൂര്‍ണമായി കൈകഴുകാനാവില്ലെന്നുതന്നെയാണ് അവരെല്ലാവരും ഒറ്റക്കെട്ടായി ചൂണ്ടിക്കാട്ടുന്നത്.

ഫെബ്രുവരി രണ്ടിന് സംസ്ഥാന ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കുമെന്നാണ് മന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിരിക്കുന്നത്. ചരക്കുസേവന നികുതി എന്ന രാജ്യത്തെ ഏകീകൃത നികുതി സമ്പ്രദായം ഏര്‍പെടുത്തിയിട്ട് ആറുമാസം കഴിയുമ്പോള്‍ സംസ്ഥാനത്തിന് നേട്ടമൊന്നും അവകാശപ്പെടാനില്ലെന്നാണ് പൊതുവായ വിലയിരുത്തല്‍. കേന്ദ്രത്തിന് മാത്രമേ ഇനി ജനങ്ങളില്‍ ഉപഭോക്തൃനികുതി ചെലുത്താന്‍ കഴിയുവെന്ന ചരക്കുസേവന നികുതിയിലെ വകുപ്പ് നിലവിലിരിക്കെ കേരളത്തിന് ബജറ്റുകൊണ്ട് കാര്യമായി ഒന്നും ചെയ്യാനുണ്ടാവില്ലെങ്കിലും ചെലവുകളുടെയും പദ്ധതികളുടെയും കാര്യത്തില്‍ കാര്യമായ ചില നടപടികള്‍ പ്രഖ്യാപിക്കുമെന്നാണ് ഐസക്കിന്റെ വാഗ്ദാനം. അങ്ങനെ ധനക്കമ്മി കുറച്ച് കേരളത്തെ ധനകാര്യപ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കുമെന്നാണ് മന്ത്രി പറയുന്നത്.

പ്രതിസന്ധിക്ക് കാരണം വായ്പയെടുത്തതല്ലെന്നും വായ്പയിലെ കേന്ദ്രാനുപാതം വ്യത്യാസപ്പെട്ടതാണെന്നുമാണ് മന്ത്രി അവകാശപ്പെടുന്നത്. ‘മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണി ചെലവു ചുരുക്കിക്കൊണ്ടാണ് ഈ ലക്ഷ്യം കൈവരിച്ചത്. ഇടതുപക്ഷ സര്‍ക്കാരാകട്ടെ, വരുമാനം വര്‍ധിപ്പിച്ചാണ് ഈ ലക്ഷ്യം കൈവരിച്ചത്. കമ്മി കൂടിക്കൊണ്ടിരുന്നു. ഇതു നികത്താന്‍ പബ്ലിക് അക്കൗണ്ടിനെ കൂടുതല്‍ ആശ്രയിക്കേണ്ടി വന്നു. റവന്യൂവരുമാനം കൂടുന്നുമില്ല.’ ഇങ്ങനെയെല്ലാം പറയുന്ന മന്ത്രിക്ക് ഇതൊന്നും മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് തുറന്നുപറയുകയാണ് സത്യത്തില്‍ ചെയ്യേണ്ടിയിരുന്നത്. യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്ത് ഒന്നേമുക്കാല്‍ കൊല്ലംമുമ്പ് അധികാരത്തില്‍ വന്നയുടന്‍ തന്നെ ഈ ചെലവുചുരുക്കല്‍ നടപടികള്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കില്‍ സമാനമായ അവസ്ഥ ഇന്നുണ്ടാവുമായിരുന്നില്ലെന്നതാണ് വാസ്തവം. അന്ന് ആദ്യബജറ്റില്‍ തന്നെ ധനകാര്യപ്രശ്‌നം മറികടക്കാന്‍ കിഫ്ബി എന്ന മാന്ത്രിക വടിയാണ് മന്ത്രി ഐസക് ജനങ്ങള്‍ക്കുമുമ്പാകെ ഉയര്‍ത്തിക്കാട്ടിയത്. കേരളത്തിലെ നികുതിവരുമാനത്തിന്റെ തൊണ്ണൂറ് ശതമാനവും ശമ്പളത്തിനും മറ്റുമായി പോകുമ്പോള്‍ ബാക്കിയുള്ള തുക കൊണ്ട് പദ്ധതികള്‍ നടത്താനാവില്ലെന്ന പശ്ചാത്തലത്തിലാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ബോര്‍ഡ് എന്ന ഒറ്റമൂലിയുമായി ഐസക് വരുന്നത്. ഇതിനെച്ചൊല്ലി അന്നുതന്നെ പ്രതിപക്ഷത്തുള്ളവരും ഡോ. ആല്‍വിന്‍ പ്രകാശിനെപോലുള്ള വിദഗ്ധരും രംഗത്തുവരികയുണ്ടായി. കേരളത്തിന്റെ സാമ്പത്തികരംഗത്ത് സമാനമായ പ്രതിസന്ധിയുണ്ടായ കാലഘട്ടത്തില്‍ അന്ന്് ധനകാര്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ. ശങ്കരനാരായണന്‍ സ്വീകരിച്ച നടപടികള്‍ മാതൃകാപരമായിരുന്നു. അദ്ദേഹം പോലും കിഫ്ബി വെറുമൊരു വരട്ടുവാദമാണെന്നാണ് വിലയിരുത്തിയത്. ഇന്ന് നാലായിരം കോടി രൂപയുടെ കിഫ്ബി പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ ഇതുവരെയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ആ സാങ്കല്‍പികനിധിയെക്കുറിച്ച് ഇനിയും പ്രസംഗിക്കുന്നത് സര്‍ക്കാരിന്റെയും മന്ത്രിയുടെയും അധികപ്രസംഗമായേ വിലയിരുത്തപ്പെടൂ.

ചരക്കുസേവനനികുതി വന്നതിനാല്‍ ഇനി കേരളത്തില്‍ മുന്‍കാലത്തേതുപോലെ വില്‍പന നികുതി അടിച്ചേല്‍പിക്കാനാവില്ല. സര്‍ക്കാരിന് നിയന്ത്രണമില്ലാത്ത ജി.എസ്.ടി കൗണ്‍സിലിനാണ് ഇക്കാര്യത്തില്‍ സമ്പൂര്‍ണ ചുമതലയെന്നിരിക്കെ കേരള ബജറ്റ് എന്നത് ജി.എസ്.ടി കാലത്തെ വാളയാര്‍ ചെക്ക്‌പോസ്റ്റിന്റെ അവസ്ഥയിലാകും. അപ്പോള്‍ പിന്നെ കിഫ്ബിയെ ആശ്രയിക്കുകയേ വീണ്ടും സര്‍ക്കാരിന് മാര്‍ഗമുള്ളൂ. പദ്ധതിയേതര ചെലവുകളുടെ വര്‍ധനവാണ് കേരളത്തെ തുറിച്ചുനോക്കുന്ന പ്രശ്‌നങ്ങളിലൊന്ന്. ബജറ്റില്‍ പ്രഖ്യാപിക്കുന്നവക്കുപുറമെ എന്തുകൊണ്ടാണ് ഇത്രയുമധികം തുക അധികച്ചെലവുകള്‍ (സപ്ലിമെന്ററി ഡിമാന്‍ഡ്‌സ്) കുന്നുകൂടുന്നു? എന്തുകൊണ്ട് ബജറ്റില്‍ ഇവയുള്‍ക്കൊള്ളിക്കാന്‍ നമ്മുടെ ധനകാര്യ ഉദ്യോഗസ്ഥമേലാളന്മാര്‍ക്ക് കഴിയാതെ പോകുന്നു. കെ.എസ്.ഇ.ബിക്കും എക്‌സൈസ് വകുപ്പിനും നല്‍കിയ കോടിക്കണക്കിന് രൂപ ഇനിയും ചെലവഴിക്കാതെ കിടക്കുമ്പോഴാണിതെന്നോര്‍ക്കണം. ജി.എസ്.ടിയെ അകമഴിഞ്ഞ് പിന്തുണച്ച മന്ത്രിക്കും ഇടതുപക്ഷ സര്‍ക്കാരിനും കണ്ട ആവേശം ഇപ്പോള്‍ ഓടിമറഞ്ഞിരിക്കുന്നു. ഇപ്പോള്‍ താനങ്ങനെ പ്രതീക്ഷിച്ചില്ലെന്നാണ് മന്ത്രി ഐസക് പറയുന്നത്. അതേസമയം സംസ്ഥാനത്തിന് കിട്ടേണ്ട തുക സമയബന്ധിതമായി കേന്ദ്രം അനുവദിക്കുമെന്ന വാര്‍ത്തയും വന്നിരിക്കുന്നു. അപ്പോഴാണ് പ്രശ്‌നം മറ്റെന്തോ ആണെന്ന രീതിയിലുള്ള ഐസക്കിന്റെ കയറുചാട്ടം.

പതിനാലായിരം കോടി രൂപ ഇതിനകം സര്‍ക്കാര്‍ കടം വാങ്ങിക്കഴിഞ്ഞു. പ്രതിവര്‍ഷം 20,400 കോടി രൂപ മാത്രം കടംവാങ്ങാന്‍ വ്യവസ്ഥയിരിക്കെ എണ്ണായിരം കോടി ഓണക്കാലത്തെയും കഴിഞ്ഞ വര്‍ഷത്തെ ആറായിരവുംകൂടി ചേര്‍ത്താല്‍ ഇനി വെറും നാനൂറ് കോടി മാത്രമാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്. ഇതുകാരണം ഇക്കഴിഞ്ഞ ക്രിസ്മസിന് പതിവുപോലെ അഡ്വാന്‍സ് ശമ്പളം നല്‍കാനായില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് പതിവുപോലെയുള്ള അവസാനഘട്ട പണികള്‍ നടത്താനുള്ള പണം പോലും ഇപ്പോള്‍ ഖജനാവില്‍ ശേഷിക്കുന്നില്ലെന്നതാണ് നീറുന്ന മറ്റൊരു യാഥാര്‍ഥ്യം. മാര്‍ച്ചിന് മുമ്പ് എഴുപതു ശതമാനം പദ്ധതികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. മദ്യത്തിലൂടെ ലഭിക്കുന്ന വരുമാനത്തിലാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ കണ്ണ്. നിര്‍മാണ മേഖലയുടെ തകര്‍ച്ചയും പ്രതിസന്ധിക്ക് കാരണമാണ്. നോട്ടുനിരോധനം മുതല്‍ ജി.എസ്.ടി വരെ രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തെ തകര്‍ത്തെറിഞ്ഞ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതികരിക്കാനുള്ള ത്രാണി നഷ്ടപെട്ട അവസ്ഥയില്‍ തികച്ചും ലജ്ജാവഹമാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ ഇന്നത്തെ മുഖം. ഇതില്‍നിന്ന് രക്ഷപ്പെടാന്‍ കിഫ്ബി പോലുള്ള ലൊട്ടുലൊടുക്കു വിദ്യകള്‍ കാട്ടി ജനങ്ങളെ പറ്റിച്ചതുകൊണ്ട് കഴിയില്ലെന്ന് തിരിച്ചറിയുകയാണ് സര്‍ക്കാര്‍ വേണ്ടത്. സര്‍ക്കാരിലെ മറ്റൊരു മന്ത്രിതന്നെ ഐസക്കിന്റെ നിലപാടിനെതിരെ രംഗത്തുവന്ന നിലക്ക് ഇനിയും മുഖ്യമന്ത്രിക്ക് പ്രശ്‌നത്തില്‍ മൗനം ദീക്ഷിച്ചിരിക്കാനാവില്ല. തെറ്റുപറ്റിയെങ്കില്‍ അത് തുറന്നുപറഞ്ഞ് ഈ രംഗത്തെ വിദഗ്ധരോട് ചര്‍ച്ചചെയ്ത് ഇനിയുള്ള ദിവസമെങ്കിലും ക്രിയാത്മകമായി മുന്നോട്ടുപോകുകയാണ് മുഖ്യമന്ത്രിയും സി.പി.എമ്മും ചെയ്യേണ്ടത്. താന്‍ പിടിച്ച മുയലിന് മൂന്നുകൊമ്പെന്ന് പൊങ്ങച്ചം പറഞ്ഞിരുന്നാല്‍ സാമ്പത്തികരംഗത്തെ ഓട്ട അടയ്ക്കാനാവില്ല.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending