നിര്‍മാണ നിരോധന ഇളവുകളടക്കം തീരദേശത്ത് ഭവന നിര്‍മാണ, ടൂറിസം മേഖലക്കു കൂടുതല്‍ ഇളവനുവദിക്കുന്ന പുതിയ തീരദേശ മേഖലാ നിയന്ത്രണ നിയമം നടപ്പിലാവുമ്പോള്‍ 2011 മുതല്‍ തുടരുന്ന നിയന്ത്രണങ്ങള്‍ ഇല്ലാതാവുകയാണ്. തീരദേശ പരിപാലനത്തിനു ജനസാന്ദ്രത കൂടി പരിഗണിച്ച് രണ്ടു മേഖലകളാക്കിയാണ് ഇളവുകള്‍ അനുവദിച്ചത്. ചതുരശ്ര കിലോമീറ്ററില്‍ 2161 ലേറെ ജനസംഖ്യയുള്ള നഗരമേഖലയില്‍ നിര്‍മാണ നിരോധനം 200 മീറ്ററില്‍ നിന്ന് 50 മീറ്ററാക്കി കുറച്ചത് കേരളത്തിലെ തീരദേശത്തിന് ഗുണകരമാണ്. നിര്‍മാണങ്ങള്‍ക്ക് ഫ്‌ളോര്‍ ഏരിയ അനുപാതം ബാധകമാക്കുന്നത് മാറ്റി ടൗണ്‍ പ്ലാനിങ് വിഭാഗം അംഗീകരിക്കുന്ന സ്ഥല വിസ്തൃതി സൂചിക അനുസരിച്ചായിരിക്കും അനുമതി. ദ്വീപുകളില്‍ നിര്‍മാണനിരോധനം 50 മീറ്ററില്‍നിന്ന് 20 മീറ്ററാക്കിയിട്ടുണ്ട്. ഇത്തരം ദ്വീപുകളുള്ള സംസ്ഥാനങ്ങള്‍ സംയോജിത തീര പരിപാലന പദ്ധതി കേന്ദ്രത്തിനു സമര്‍പ്പിച്ച് അംഗീകാരം നേടിയാല്‍ പുതിയ ചട്ടം നിലവില്‍ വരും.
തീരദേശ സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ 1991ലാണ് തീര നിയന്ത്രണ വിജ്ഞാപനം കൊണ്ടുവന്നത്. 2011ല്‍ വിജ്ഞാപനം ഭേദഗഗതി ചെയ്തു. വിജ്ഞാപനത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്താന്‍ 2015ല്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ നടപടികളാണ് ഇപ്പോള്‍ തീരദേശ മേഖലാ നിയന്ത്രണ ചട്ടമായി നടപ്പിലാക്കുന്നത്. രാജ്യത്തെ 7,000 കിലോമീറ്റര്‍ തീരമേഖലയില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ വലിയ മാറ്റങ്ങള്‍ക്കൊപ്പം പ്രത്യാഘാതങ്ങള്‍ക്കും വഴിയൊരുക്കുമെന്ന ആശങ്കയുമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ പേരില്‍ റിസോര്‍ട്ട്, റിയല്‍ എസ്‌റ്റേറ്റ് ലോബികള്‍ക്ക് കൂടി വന്‍ ഇളവുകള്‍ അനുവദിക്കുമെന്ന വസ്തുതയും ഇതിന്റെ കൂടെയുണ്ട്.
2011ലെ തീരമേഖലാ വിജ്ഞാപനത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ശൈലേഷ് നായിക്ക് കമ്മിറ്റി റിപ്പോര്‍ട്ട് രണ്ടു തരത്തിലുള്ള മാറ്റങ്ങളാണ് നിര്‍ദ്ദേശിച്ചത്. തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് വീടും അനുബന്ധ നിര്‍മാണങ്ങളും നടത്തുന്നതിന് ചട്ടങ്ങളില്‍ വരുത്തേണ്ട ഇളവുകളും വിനോദ സഞ്ചാര മേഖലയ്ക്ക് തീരത്ത് നല്‍കേണ്ട ഇളവുകളെപ്പറ്റിയും. ഇതില്‍ മത്സ്യത്തൊഴിലാളികളുടെയും തീരവാസികളുടെയും ആശങ്കകള്‍ ഒരു പരിധി വരെ പരിഹാരം കാണുന്നതാണ് ഇളവുകള്‍.
വീടുനിര്‍മാണത്തിനുള്ള നിയന്ത്രണം കാരണം ദുരിതത്തിലായ തീരദേശവാസികള്‍ക്ക് നിയമത്തിലെ ഇളവുകള്‍ ആശ്വാസമാവും. പരമ്പരാഗത സ്വത്തില്‍ പ്രദേശവാസികള്‍ക്ക് ഒന്‍പത് മീറ്റര്‍ വരെ ഉയരത്തില്‍ നിയന്ത്രണങ്ങള്‍ നീങ്ങുന്ന ഈ സ്ഥലങ്ങളില്‍ വീടുകള്‍ നിര്‍മ്മിക്കാം. പ്രാദേശിക ചട്ടങ്ങള്‍ മാത്രമേ ഇതിനായി പാലിക്കേണ്ടതുള്ളൂ. പ്രത്യേക അനുമതികള്‍ വേണ്ട. ചതുരശ്ര കിലോമീറ്ററില്‍ 2161 ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ തീരമേഖല 3 എ എന്ന പുതിയ വിഭാഗത്തിലാണ് പെടുക. നിയമപ്രകാരം മത്സ്യ തൊഴിലാളികള്‍ക്ക് നിയന്ത്രിത പരിധിക്ക് അപ്പുറത്ത് ഇതിനകം നടത്തിയ നിര്‍മ്മാണങ്ങള്‍ നിയമപരമാക്കാനാവും. ഇതോടൊപ്പം പുതിയ വീടു നിര്‍മ്മാണവും വീട് വിപുലീകരണവും നടത്താം.
മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഇളവുകളുടെ മറവില്‍ നിയന്ത്രണം നീങ്ങുന്ന സ്ഥലത്ത് ടൂറിസത്തിന്റെ പേരില്‍ വന്‍കിടക്കാരുടെ ഇടപെടലും നിര്‍മാണങ്ങളും നടത്തുമെന്നതാണ് നിയമത്തിലെ ആശങ്ക. നിയമ വിരുദ്ധമായി നടത്തിയ നിര്‍മ്മാണങ്ങള്‍ നിയമപരമാക്കപ്പെടുന്നതിനും ഇടയുണ്ട്. കടലിനോടും കായലിനോടും ചേര്‍ന്ന് നിര്‍മ്മിച്ച് തുടങ്ങിയ റിസോര്‍ട്ടുകളും ഹോട്ടലുകളും ക്രമവല്‍ക്കരിക്കുന്നതോടൊപ്പം പുതിയവ നിര്‍മ്മിക്കുന്നതിനും തുടക്കമാവും. 19-02-1991ന് ശേഷം നിര്‍മ്മിച്ച റോഡുകളും കെട്ടിടങ്ങളും ആധാരമാക്കി അതിന് സമീപം വരെയുള്ള നിര്‍മ്മാണങ്ങള്‍ നിയമപരമാക്കാന്‍ കഴിയില്ലെന്നായിരുന്നു മുന്‍നില. തീരമേഖല രണ്ടില്‍ പുതിയ വിജ്ഞാപനം നിലവില്‍ വരുന്നതിന് മുമ്പ് നിര്‍മ്മിച്ച ഏതൊരു റോഡിനും അംഗീകൃത കെട്ടിടത്തിനു സമീപത്തു വരെയുള്ള എല്ലാ നിര്‍മാണങ്ങളും, ഹോട്ടലുകളും റിസോര്‍ട്ടുകളും അടക്കം ക്രമവല്‍ക്കരിക്കപ്പെടും. തീരമേഖല മൂന്നിലെ വികസന നിരോധിത പ്രദേശത്തുകൂടെ സംസ്ഥാന, ദേശീയ പാതകള്‍ കടന്നു പോകുന്നുവെങ്കില്‍ അതിനടുത്ത് വരെ ഹോട്ടലുകളും റിസോര്‍ട്ടുകളും അനുവദിക്കാമെന്നാണ് പുതിയ ചട്ടം.
കെട്ടിട വിസ്തീര്‍ണത്തിന്റെ അനുപാതത്തിലാണ് മറ്റൊരു മാറ്റം. ഇത് വിസ്തീര്‍ണ്ണം കൂടിയ റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും വഴിയൊരുങ്ങും. കുടിലുകള്‍, ശുചിമുറികള്‍, നടവഴികള്‍ തുടങ്ങി ടൂറിസത്തിനായുള്ള താല്‍ക്കാലിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി ലഭിക്കും. കൊച്ചിയിലും വേമ്പനാട് കായലിലെ തുരുത്തുകളിലും തീരങ്ങളിലുമായി നടക്കുന്ന കയ്യേറ്റങ്ങള്‍ അനധികൃതമെന്ന് കോടതി കണ്ടെത്തിയതാണ്. എന്നാല്‍ ഇത്തരം അനധികൃത നിര്‍മാണങ്ങള്‍ക്ക് പുതിയ വിജ്ഞാപനം വഴി നിയമസാധുത ലഭിക്കും. നിലവില്‍ 50 ലധികം വന്‍കിടക്കാരുടെ കയ്യേറ്റങ്ങള്‍ കേസായി മാറിയിട്ടുണ്ട്.
ഏറ്റവും കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളതും സംരക്ഷണം അര്‍ഹിക്കുന്നതുമായ പ്രദേശമായ തീരമേഖല ഒന്ന് പ്രദേശങ്ങളും ടൂറിസം മേഖലയ്ക്ക് തുറന്നുകൊടുക്കുന്നു എന്നതാണ് മറ്റൊരു പ്രധാന മാറ്റം. കണ്ടല്‍ക്കാടുകള്‍, മണല്‍ത്തിട്ടുകള്‍, പുറ്റുകള്‍ എന്നിവയൊക്കെ തീരമേഖല ഒന്നിലാണ് വരിക. ഇവിടങ്ങളില്‍ എക്കോ ടൂറിസം പദ്ധതികള്‍ അനുവദിക്കാം. കണ്ടല്‍ കാടുകളിലൂടെ നടത്തം, മരവീടുകള്‍, പരിസ്ഥിതി ചുറ്റിക്കാനുള്ള നടപ്പാതകള്‍ എന്നിവക്ക് പരിസ്ഥിതി സംരക്ഷണ മാനദണ്ഡങ്ങള്‍ പാലിക്കണം. ഇതിനായി എക്കോ ടൂറിസം പ്ലാന്‍ തയ്യാറാക്കണം.
12 നോട്ടിക്കല്‍ മൈല്‍ സമുദ്രാന്തര്‍ഭാഗത്തിനും പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയിലെ നിര്‍മാണത്തിനും മാത്രമേ ഇനി കേന്ദ്രത്തിന്റെ അനുമതി ആവശ്യമുള്ളൂ. ബാക്കിയുള്ളവയ്ക്ക് സംസ്ഥാന അനുമതി മതിയാകും. കൂടുതലായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംസ്ഥാനത്തിന് ഇതുവഴി സാധിക്കും. ടൂറിസം, റിയല്‍ എസ്‌റ്റേറ്റു മാഫിയകള്‍ക്ക് സാധ്യതകള്‍ നല്‍കുന്ന നിയമം പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നില്ലെന്നത് പോരായ്മയാണ്. പരിസ്ഥിതി ലോല മേഖലകളുടെ കാര്യത്തില്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുമെന്ന് പറയുന്നുണ്ടെന്നല്ലാതെ സംരക്ഷണത്തെ കുറിച്ച് പ്രതിപാദിക്കുന്നില്ല. അതുകൊണ്ട്തന്നെ തീരദേശ ആവാസ വ്യവസ്ഥക്കും മല്‍സ്യത്തൊഴിലാളികള്‍ക്കും നാശം ഉണ്ടാക്കുന്ന തരത്തിലുള്ള കയ്യേറ്റങ്ങളും ചൂഷണങ്ങളും ഉണ്ടാക്കാനുള്ള സാഹചര്യമുണ്ട്.
പുതിയ ചട്ടപ്രകാരം മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമല്ല ആര്‍ക്കും ഇവിടെ നിര്‍മാണങ്ങള്‍ നടത്താന്‍ പറ്റും എന്നാണ് അപകടകരം. പരിസ്ഥിതി സൗഹാര്‍ദ ജിവിതം നയിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് പുറമെ, കടലിനേയും തീരത്തേയും തകര്‍ക്കുന്ന വന്‍കിട നിക്ഷേപകര്‍ക്കും കെട്ടിടങ്ങള്‍ ഉണ്ടാക്കുകയും പ്രദേശത്ത് ഇടപെടല്‍ നടത്തുകയും ചെയ്യുന്നത് തടയാന്‍ സംവിധാനമുണ്ടാകണം. അല്ലെങ്കില്‍ ബലംപ്രയോഗിച്ചല്ലാതെ മത്സ്യത്തൊഴിലാളികളെ അവരുടെ മേഖലയില്‍ നിന്നും കുടിയിറക്കുന്നതായി ഈ നിയമം മാറും. മത്സ്യത്തൊഴിലാളികളുടെ പേര് പറഞ്ഞു തീരദേശത്തെ സ്വകാര്യമേഖലക്ക് തീറെഴുതാനുള്ള അവസരമായി ചട്ടത്തെ കാണരുത്. പകരം മല്‍സ്യബന്ധനം മാത്രം ജീവനോപാധിയാക്കി കഴിയുന്ന പ്രാദേശിക ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവര്‍ക്ക് അനുകൂലമായി നിലകൊള്ളാനുമുള്ള നേട്ടമായി പുതിയ നിയമത്തെ കാണാന്‍ തയ്യാറാവണം.