സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

മദീനയിലെ മസ്ജിദുന്നബവി കേന്ദ്രീകരിച്ച് പ്രവാചകന്‍ തിരുനബി (സ്വ)യും ശേഷം ഖലീഫമാരും നടത്തിയിരുന്ന വൈജ്ഞാനിക സദസ്സുകള്‍, പ്രശ്‌ന പരിഹാര ഒത്തുതീര്‍പ്പുകള്‍, സാമൂഹ്യ ശാക്തീകരണ പദ്ധതികള്‍, സാംസ്‌കാരിക സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, ഭരണ-നിര്‍വഹണ സംവിധാനങ്ങള്‍ എന്നിവയുടെ ചെറിയൊരു രൂപമാണ് ഇന്നത്തെ നമ്മുടെ മഹല്ല് സംവിധാനങ്ങളിലൂടെ നടന്നു കൊണ്ടിരിക്കുന്നത്. മുസ്‌ലിം കേരളത്തിന്റെ മത സാമൂഹ്യ പരിസരങ്ങള്‍ രൂപപ്പെടുത്തുന്നതിലും വികസിപ്പിച്ചെടുക്കുന്നതിലും മഹല്ലുകളോളം പങ്കുവഹിച്ച മറ്റൊന്നില്ല എന്നത് നിസ്തര്‍ക്കമായ കാര്യമാണ്. ഇന്ന് മുസ്‌ലിം രാജ്യങ്ങളില്‍ പോലും കണ്ടെടുക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള മതകീയ അവബോധവും ചിട്ടയും കേരളീയ മുസ്‌ലിം സമൂഹത്തിന് പകര്‍ന്നു നല്‍കിയത് ഈ മഹല്ല് സംവിധാനത്തിന് കീഴിലെ വിവിധ സംരംഭങ്ങളിലൂടെയാണെന്നത് നഗ്ന യാഥാര്‍ത്ഥ്യവുമാണ്.
1976 ഏപ്രില്‍ 26ന് തിരൂര്‍ താലൂക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സമ്മേളന സംഘാടനവുമായി ബന്ധപ്പെട്ട് മര്‍ഹൂം എം.എം ബശീര്‍ മുസ്‌ലിയാര്‍, സി.എച്ച്. ഐദറൂസ് മുസ്‌ലിയാര്‍, ഡോ.യു. ബാപ്പുട്ടിഹാജി എന്നിവര്‍ നടത്തിയ വിവിധ കൂടിയാലോചനകളില്‍ കേരളീയ മുസ്‌ലിം സമൂഹത്തിന്റെ മത സാമൂഹ്യ വൈജ്ഞാനിക മുന്നേറ്റത്തിന് ഉലമാ ഉമറാ കൂട്ടായ്മകള്‍ ഉണ്ടാക്കിയെടുക്കേണ്ടതിന്റെ അനിവാര്യത തിരിച്ചറിഞ്ഞതിലൂടെയാണ് മുസ്‌ലിം മഹല്ലുകള്‍ക്ക് നവോത്ഥാനത്തിന്റെ വിത്ത് പാകിയ സുന്നി മഹല്ല് ഫെഡറേഷന്‍ എന്ന മഹത്തായ പ്രസ്ഥാനം ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ ആശീര്‍വാദത്തോടെ രൂപീകരിക്കുന്നത്. തൊട്ടടുത്ത വര്‍ഷം 1977 ഏപ്രില്‍ മാസത്തില്‍ നടന്ന സമസ്ത മലപ്പുറം ജില്ലാ സമ്മേളനത്തില്‍ പണ്ഡിത ശ്രേഷ്ഠരായിരുന്ന കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസിഡന്റും ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി കോട്ടക്കല്‍ ജന.സെക്രട്ടറിയും ഡോ. യു. ബാപ്പുട്ടി ഹാജി ട്രഷററുമായ എസ്.എം.എഫ് പ്രഥമ ജില്ലാ കമ്മിറ്റി നിലവില്‍ വരികയും ചെയ്തു. മഹല്ലുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചു കൊണ്ടുപോവുക, പള്ളി ദര്‍സുകള്‍ കാര്യക്ഷമമാക്കുക, മഹല്ലുകളിലെ ജീര്‍ണതകള്‍ക്കും അനിസ്‌ലാമിക പ്രവണതകള്‍ക്കും ശാശ്വത പരിഹാരം കാണുക, പള്ളികള്‍, മദ്രസകള്‍, അറബിക് കോളേജുകള്‍ മുതലായ മത സ്ഥാപനങ്ങള്‍ വ്യവസ്ഥാപിതവും കാര്യക്ഷമവുമാക്കാന്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക തുടങ്ങിയവയായിരുന്നു സംഘടനയുടെ രൂപീകരണ ലക്ഷ്യം. ഇന്നും ഈ അടിസ്ഥാന ലക്ഷ്യങ്ങളെ കേന്ദ്രമാക്കിയാണ് എസ്.എം.എഫിന്റെ പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കുന്നത്. ഈ ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാന്‍ സമൂഹത്തിലെ ഉലമാക്കളും ഉമറാക്കളും ഒന്നിച്ച് കൈകോര്‍ത്ത് പരിശ്രമിക്കേണ്ടതിന്റെ ആവശ്യകതയാണ് എസ്.എം.എഫ് സമൂഹത്തെ ബോധ്യപ്പെടുത്തുന്നത്. മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലയെ മേഖലകളായി വിഭജിച്ചും പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി വികേന്ദ്രീകരിച്ചും സമസ്തയുടെ കീഴ്ഘടകങ്ങളെയും പ്രവര്‍ത്തകരെയും അണിനിരത്തിയുമുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയുടെ സാംസ്‌കാരിക വിദ്യാഭ്യാസ മുഖച്ഛായ തന്നെ മാറ്റിമറിച്ചതോടെയാണ് എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി രൂപീകരണം നടക്കുന്നത്. 1987 ല്‍ കുറ്റിപ്പുറത്ത് നടന്ന സമസ്ത മലപ്പുറം ജില്ലാ സമ്മേളനത്തില്‍ വെച്ച് എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി രൂപീകരിക്കപ്പെടുകയും ശൈഖുനാ ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസിഡന്റും ലേഖകന്‍ ജന.സെക്രട്ടറിയും ഡോ. യു. ബാപ്പുട്ടി ഹാജി ട്രഷററുമായ പ്രഥമ സംസ്ഥാന കമ്മിറ്റി നിലവില്‍ വരികയും ചെയ്തു. ശംസുല്‍ ഉലമായുടെ വിയോഗത്തിനു ശേഷം സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരെ പ്രസിഡന്റായി തെരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷം എന്നെ പ്രസിഡന്റായി നിയമിച്ചു സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
സുന്നി മഹല്ല് ഫെഡറേഷനിലൂടെ സമൂഹത്തിന് എന്ത് നേട്ടമുണ്ടായി എന്ന ചോദ്യത്തിന് മഹല്ല് ഫെഡറേഷന് കീഴില്‍ ഇന്നേ വരെ നടന്നിട്ടുള്ള പ്രവര്‍ത്തനങ്ങളും പദ്ധതികളുമാണ് വലിയ ഉത്തരം. സാമൂഹ്യ ശാക്തീകരണ വൈജ്ഞാനിക മതപ്രബോധന രംഗത്ത് ഇന്ന് നിറസാന്നിധ്യമായി മാറിയ ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി എന്ന മഹത്തായ സ്ഥാപനം തന്നെ മതിയാകും മഹല്ല് ഫെഡറേഷന്റെ പ്രവര്‍ത്തന മികവിനെ അളന്നെടുക്കാന്‍. സമന്വയ വിദ്യാഭ്യാസവും പ്രബോധന പരിശീലനവും നല്‍കി രാജ്യത്തിനകത്തും പുറത്തും നിരവധി മതകീയ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ പ്രാപ്തരായ ആയിരക്കണിക്കിന് ഹുദവി പണ്ഡിതരെയാണ് എസ്.എം.എഫ് മലപ്പുറം ജില്ലാ കമ്മിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ഹുദാ ഇതിനകം സമൂഹത്തിനു സമര്‍പ്പിച്ചത്. ഇന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ കേരള മുസ്‌ലിമിന്റെ സമസ്ത മേഖലകളിലും സ്വാധീനം ചെലുത്തുന്ന സംരംഭമായും ദേശീയ തലത്തില്‍ മത അവബോധമില്ലാത്ത മുസ്‌ലിം സമൂഹത്തിന് വിജ്ഞാനം പകര്‍ന്നു കൊടുക്കുന്ന പ്രസ്ഥാനമായും മാറിക്കഴിഞ്ഞിട്ടുണ്ട്. കാലോചിതമായി സമൂഹത്തിന്റെ ഉന്നമനത്തിനാവശ്യമായ പദ്ധതികളാണ് മഹല്ല് ഫെഡറേഷന്‍ ഇന്നോളം മുന്നോട്ട് വെച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മതബോധം വളര്‍ത്തുന്നതിനും പുതിയ തലമുറക്ക് ഇസ്‌ലാമിക വ്യക്തിത്വ ശീലങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനും സ്വദേശീ ദര്‍സ്, മഹല്ലുകളുടെ സാമൂഹികവും സാംസ്‌കാരികവും വൈജ്ഞാനികവും സാമ്പത്തികവുമായ സ്ഥിതിഗതികള്‍ മനസ്സിലാക്കി ആവശ്യമായ വിദ്യാഭ്യാസ സഹായങ്ങള്‍, മഹല്ലുകളിലെ നിര്‍ധനരായ കുടുംബങ്ങള്‍, രോഗികള്‍, വിധവകള്‍, അവിവാഹിതര്‍ എന്നിവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും ആവശ്യമായ സഹായ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നടത്താനുമായി മഹല്ല് സര്‍വ്വേ, മഹല്ലിലെ ജനങ്ങളുടെ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിശ്ചയിക്കാന്‍ മസ്‌ലഹത്ത് സമിതി, മഹല്ലുകളിലെ പ്രവര്‍ത്തനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുന്നതിനായി മഹല്ല് സ്‌ക്വാഡുകള്‍, ഔപചാരിക വിദ്യാഭ്യാസത്തിലെ നിര്‍ണ്ണായക ഘട്ടങ്ങളായ എസ്.എസ്.എല്‍.സി, പ്ലസ്.ടു, ഡിഗ്രി പഠനങ്ങള്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കാന്‍ കരിയര്‍ ഗൈഡന്‍സ്, മോട്ടിവേഷന്‍ ക്ലാസുകള്‍, വിവാഹിതരാകാന്‍ പോകുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ശരിയായ ദാമ്പത്യ ജീവിതവും തെറ്റായ വൈവാഹിക ജീവിതവും വേര്‍തിരിച്ച് മനസ്സിലാക്കി കൊടുക്കുന്നതിനും സമാധാനവും സംതൃപ്തവുമായ കുടുംബ ജീവിതത്തിന് അടിത്തറ പാകുന്നതിനും ഉപയുക്തമായ പ്രീ മാരിറ്റല്‍ കോഴ്‌സും, രക്ഷാകര്‍തൃത്വത്തിന്റെ ഉത്തരവാദിത്വവും ശാസ്ത്രീയമായ സമീപനങ്ങളും സമന്വയിപ്പിച്ച പാരന്റിംഗ് കോഴ്‌സും മഹല്ല് ഫെഡറേഷന് കീഴില്‍ നടന്നു വരുന്നുണ്ട്. മാത്രമല്ല, ഹലാലായ സമ്പാദ്യ ശീലവും സാമ്പത്തിക അച്ചടക്കവും വളര്‍ത്തിയെടുക്കുന്നതിനും ചെറിയ കാര്യങ്ങള്‍ക്കു പോലും ബാങ്കുകളെയും വട്ടിപ്പലിശക്കാരെയും സമീപിച്ച് ഭീമമായ പലിശക്ക് വായ്പയെടുക്കാന്‍ നിര്‍ബന്ധിതരാവുന്ന സാഹചര്യം ഒഴിവാക്കാന്‍ സാമ്പത്തിക പ്രയാസമനുഭവിക്കുന്നവര്‍ക്ക് പലിശ രഹിത വായ്പക്ക് അവസരം സൃഷ്ടിക്കുന്ന സുന്ദൂഖ് പലിശരഹിത വായ്പാ നിധി പദ്ധതിയും മദ്രസാ അധ്യാപക ക്ഷേമനിധി, വികലാംഗ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, കാന്‍സര്‍ സുരക്ഷാ പദ്ധതി, സ്‌നേഹപൂര്‍വ്വം പദ്ധതി, വിവിധ ക്ഷേമ പദ്ധതികള്‍ മഹല്ലിലെ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കുന്നതിനാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്ന ഹെല്‍പ്പ്‌ഡെസ്‌കുകള്‍ എന്നിവ എസ്.എം.എഫിന് കീഴില്‍ നടന്നു വരുന്നുണ്ട്.
സുന്നി മഹല്ല് ഫെഡറേഷനു കീഴില്‍ നടന്നു വരുന്ന മഹല്ല് ശാക്തീകരണം ഒരിക്കലും പള്ളികള്‍ പ്രൗഢിയോടെ നിര്‍മിക്കുന്നതിലോ മഹല്ലിന് കീഴിലുള്ള സ്ഥാപനങ്ങള്‍ മോടി പിടിപ്പിക്കുന്നതിനോ അല്ല. നമ്മുടെ മഹല്ലുകള്‍ വഴിയുള്ള സാമുഹിക ശാക്തീകരണം അത്തരത്തിലാവുകയും അരുത്. മഹല്ല് കമ്മിറ്റി സാമ്പത്തിക മാനദണ്ഡങ്ങള്‍ പരിഗണിച്ച് തെരഞ്ഞെടുക്കപ്പെടേണ്ട ഒന്നല്ല. പ്രവര്‍ത്തന കാര്യക്ഷമതയുള്ള യുവാക്കളും കാര്യ ബോധമുള്ള നേതാക്കളും ചേര്‍ന്നതാകണം മഹല്ല് കമ്മറ്റികള്‍. മഹല്ല് സമ്പത്തുകള്‍ സൂക്ഷ്മതയോടെ ഉപയോഗപ്പെടുത്തേണ്ടതും നമ്മുടെ നാടുകളില്‍ വളര്‍ന്നു വരുന്ന മദ്യപാനം, മയക്കുമരുന്നുപയോഗം, തെറ്റായ വൈവാഹിക ബന്ധങ്ങള്‍, അനുദിനം വളര്‍ന്നു വരുന്ന അനിസ്‌ലാമിക പ്രവണകളും അധാര്‍മിക ചെയ്തികളും ഇല്ലായ്മ ചെയ്യാന്‍ മഹല്ലുകളിലെ പുതുതവമുറയിലെ യുവാക്കളും മധ്യവയസ്‌കരും മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ച് നാടും പരിസരങ്ങളും നന്മയുടെ ഈറ്റില്ലങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തണം. കെട്ടിടങ്ങളുടെ സൗന്ദര്യവും ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനവും നടത്തി മത്സരിക്കുകയല്ല മഹല്ല് കമ്മിറ്റികളുടെ ഉത്തരവാദിത്വം. അധികാരത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യരുത്. മറിച്ച് ഐക്യത്തോടെ സാമൂഹ്യ വൈജ്ഞാനിക സാമ്പത്തിക സാംസ്‌കാരിക മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ചാലക ശക്തിയായി മാറണം നമ്മുടെ മഹല്ല് സംവിധാനങ്ങള്‍.
ഉലമാ ഉമറാ ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത് കേരളീയ മുസ്‌ലിം സമൂഹത്തിന്റെ സര്‍വ്വ മേഖലകളിലേയും പുരോഗമനത്തിന് ശോഷണം സൃഷ്ടിക്കുമെന്നത് മുന്‍കാല ചരിത്രങ്ങളില്‍ നിന്നും ഉത്തരേന്ത്യന്‍ മുസ്‌ലിംകളുെട അനുഭവ പാഠങ്ങളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. മതകാര്യങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള ദൗത്യം ഉലമാക്കളിലാണ് നിര്‍ണ്ണിതമായിട്ടുള്ളത്. അവര്‍ തന്നെയാണ് അതില്‍ അന്തിമവിധികളെടുക്കേണ്ടതും. സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മതാടിസ്ഥാനങ്ങളില്‍ അനാവശ്യമായ ഇടപെടല്‍ നടത്തുന്നത് തീര്‍ത്തും സമൂഹത്തില്‍ ഭിന്നതക്കും, പുരോഗമന രംഗത്തെ തകര്‍ച്ചക്കും വളം വെച്ച് നല്‍കും. മതരംഗത്ത് പ്രവര്‍ത്തിക്കുന്നവരും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നേതാക്കളും കൈകോര്‍ത്ത് സമൂഹത്തിന്റെ ഔന്നിത്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സാഹചര്യമാണ് രാജ്യത്ത് തന്നെ വളര്‍ന്ന് വരേണ്ടത്. ഇത്തരം സ്തുത്യര്‍ഹമായ പ്രവര്‍ത്തന പദ്ധതികളെ തകര്‍ക്കാനുള്ള ശ്രമങ്ങളെ ശക്തമായി എതിര്‍ക്കപ്പെടേണ്ടതുണ്ട്. ആഗോള ദേശീയ തലങ്ങളില്‍ മുസ്‌ലിം സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ക്ക് ഉത്തമ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തി സമൂഹത്തെ വൈജ്ഞാനിക സാമൂഹ്യ സാംസ്‌കാരിക സാമ്പത്തിക ഉന്നമനത്തിലേക്ക് നയിക്കാന്‍ വേണ്ടി ഉലമാ ഉമറാ കൂട്ടായ്മകള്‍ ശക്തമായി നിലനില്‍ക്കണം. ഇസ്‌ലാമിക ശരീഅത്തിന് വിരുദ്ധമായ നിയമങ്ങള്‍ സമാധാനപരമായ പോരാട്ടങ്ങളിലൂടെ ചെറുക്കാനും ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഉലമാ ഉമറാ കൂട്ടായ്മകള്‍ ശക്തിപ്പെടേണ്ടത് അത്യാവശ്യമാണെന്ന തിരിച്ചറിവ് സമൂഹത്തില്‍ വളരേണ്ടതുണ്ട്.
പ്രശ്‌നരഹിതമായ സംതൃപ്ത കുടുംബങ്ങള്‍ സൃഷ്ടിക്കുക, ധനകാര്യ വിനിമയങ്ങള്‍ പലിശരഹിതമായി വിശുദ്ധിയോടെ സൂക്ഷിക്കുക ഉലമാ ഉമറാ കൂട്ടായ്മകളുടെ കെട്ടുറപ്പ് ഭദ്രമാക്കുക, സംഘര്‍ഷരഹിത സമൂഹം കെട്ടിപ്പടുക്കുക എന്നീ വിഷയങ്ങളെ കുറിച്ച് വിചാരപ്പെടാന്‍ വേണ്ടി മാത്രം സമുദായത്തിന്റെ ഉമറാ പ്രതിനിധികള്‍ വാദി അറഫയില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി കാമ്പസില്‍ ഒത്തുകൂടുകയാണ്. കേവലം ഒരു ആള്‍ക്കൂട്ട ഒത്തുകൂടലിനപ്പുറം സമുദായത്തിന്റെ ഭാവി ഭദ്രമാക്കുന്നതിന് ആവശ്യമായ ചുവടുവെപ്പുകള്‍ നിര്‍ണ്ണയിക്കുന്ന ശ്രദ്ധേയമായ ഒരു സംഗമം എന്ന നിലയില്‍ ജനുവരി 30ന് നടക്കുന്ന സംസ്ഥാന ഉമറാ കോണ്‍ഫറന്‍സിലേക്ക് മുഴുവന്‍ മഹല്ല് പ്രതിനിധികളെയും സ്വാഗതം ചെയ്യുന്നു.