യാരത് ദ്രോഹീ കതകു തൊറ, ഞാനാ ഷണ്ഡാളാ, നാന്‍ താണ്ടാ നാഗവല്ലി-മണിച്ചിത്രത്താഴിലെ ശോഭനയുടെ ‘ശബ്ദം’ ഒരു വിസ്മയം പോലെ ഇന്നും കേരള സമൂഹം കേള്‍ക്കുന്നു. മൂന്നര പതിറ്റാണ്ടിലേറെ കാലമായി മൂവായിരത്തിലേറെ സിനിമകളില്‍ ബാല താരത്തിന് മുതല്‍ നായികമാര്‍ക്ക് വരെ ശബ്ദം നല്‍കിയ ഭാഗ്യലക്ഷ്മിയുടെതാണ് ആ ശബ്ദം. ഇന്ന് ചിലര്‍ക്കെങ്കിലും അലോസരമായിരിക്കുന്നതും അതേ ശബ്ദം. അത്തരം അലോസരങ്ങളെ തെല്ലും ഭയക്കുന്ന ആളല്ല, ജീവിതത്തില്‍ ആവോളം കൈപ്പുനീരും കണ്ണീരും കുടിച്ച ഇവര്‍. അത് പി.സി ജോര്‍ജിന് അറിയാതിരിക്കാനും വഴിയില്ല. 1972 മുതല്‍ ഭാഗ്യലക്ഷ്മിയുടെ ശബ്ദം കേരളം കേള്‍ക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ കാമവും ക്രോധവും ശോകവും ആഹ്ലാദവും ആനുതാപവുമെല്ലാം അനേകരുടെ ചുണ്ടനക്കങ്ങള്‍ക്ക് പിറകെ വന്നപ്പോള്‍ മലയാളി ചെവി കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ ഭാഗ്യലക്ഷ്മി പ്രത്യക്ഷപ്പെട്ട് മൊഴിയുകയാണ്, പീഡിതരായ സ്ത്രീകള്‍ക്ക് വേണ്ടി.
ജീവിതം തന്നെ ഭാഗ്യലക്ഷ്മിക്ക് പോരാട്ടമായിരുന്നല്ലോ. പി.സി ജോര്‍ജ്ജിന്റെതുപോലുള്ള രാഷ്ട്രീയ കുതികാല്‍ വെട്ടിന്റെയും മൊഴിമാറ്റത്തിന്റെയും കലയുമല്ല ഇവര്‍ക്ക് ജീവിതം. പീഡനത്തിനിരയായ സിനിമാനടി എങ്ങനെ പിറ്റേന്ന് തന്നെ ജോലിക്ക് പോയെന്ന് ചോദിക്കുകയും ദിലീപിനെ വെള്ള പൂശാന്‍ ശ്രമിക്കുകയും ചെയ്ത പി.സി ജോര്‍ജ് കാന്റീന്‍ തൊഴിലാളിയെ തെറി വിളിച്ചും തോക്കെടുത്ത് ഭീഷണിപ്പെടുത്തിയുമെല്ലാം രാഷ്ട്രീയത്തിലെ ഒറ്റയാനായി മാറിയിരിക്കുകയാണ്. അതിനിടെയാണ് കേരളം ഏറെ ചര്‍ച്ച ചെയ്യുന്ന സിനിമാനടി പീഡനക്കഥയിലും ഒരു റോള്‍ നേടാന്‍ ജോര്‍ജ് ഒരുമ്പെടുന്നത്. പീഡനത്തിനിരയാവുന്ന സ്ത്രീകള്‍ പുറത്തിറങ്ങാതെ ജീവനൊടുക്കണമെന്നാണ് സാര്‍ പറയുന്നത് എന്നും താങ്കളുടെ മകള്‍ക്കാണ് സംഭവിക്കുന്നതെങ്കില്‍ ഇങ്ങനെ തന്നെ പറയുമോ എന്നും ഭാഗ്യ ലക്ഷ്മി ചോദിക്കുന്നു.

ടെലിവിഷന്‍ ടോക്ക് ഷോ അവതാരക കൂടിയായ ഭാഗ്യ ലക്ഷ്മി തൃശൂരിലെ ഒരു സി.പി.എം നേതാവുമായി ബന്ധപ്പെട്ട പീഡനക്കഥ അവതരിപ്പിച്ചതോടെയാണ് കൂടുതല്‍ ശ്രദ്ധേയയായത്. പീഡന കഥ ആദ്യമായി വാര്‍ത്താസമ്മേളനം വിളിച്ച് പറഞ്ഞവരിലൊരാള്‍ ഭാഗ്യലക്ഷ്മിയായിരുന്നു. അതിന്റെ പേരില്‍ സി.പി.എമ്മുകാരുടെ ‘ഉപദേശങ്ങള്‍’ ഏറെ കേട്ടു. ഏറ്റവും ഒടുവില്‍ കോവളത്തെ കോണ്‍ഗ്രസ് നിയമസഭാംഗം വിന്‍സന്റിന്റെ ബലാല്‍സംഗക്കേസ് വന്നപ്പോഴും എവിടെ ഭാഗ്യലക്ഷ്മിയെന്ന് പരിഹാസത്തോടെയുള്ള ചോദ്യം കേട്ടു. ഈ ചോദ്യം ഫെയ്‌സ്ബുക്ക് പേജിലൂടെ വന്നപ്പോള്‍ ഭാഗ്യം കൊടുത്ത മറുപടി ഇതായിരുന്നു. എല്ലാത്തിലും കയറി പ്രതികരിക്കുന്നയാളല്ല, ആരെങ്കിലും എന്നോട് ചോദിച്ചാല്‍ അഭിപ്രായം പറയും. സിനിമാ വ്യവസായത്തില്‍ ഡബ്ബിങ് ആര്‍ടിസ്റ്റുകള്‍ക്ക് അര്‍ഹമായ പരിഗണനക്കായി പോരാടി ചരിത്രം കുറിച്ച ഭാഗ്യ ലക്ഷ്മിക്ക് യാതനാപൂര്‍ണമായ ഒരു ബാല്യ കൗമാര ജീവിതം പറയാനുണ്ട്. സ്വരഭേദങ്ങള്‍ എന്ന പുസ്തകത്തിലൂടെ കേരളം അത് വായിച്ചു. മികച്ച ആത്മകഥക്കുള്ള പുരസ്‌കാരം നല്‍കി കേരള സാഹിത്യ അക്കാദമി പുസ്തകത്തെ ആദരിക്കുകയും ചെയ്തു. കോഴിക്കോട്ടെ അനാഥശാലയിലായിരുന്നു ഭാഗ്യലക്ഷ്മിയുടെ ബാല്യം. സിനിമയില്‍ ശബ്ദം നല്‍കിയും അഭിനയിച്ചും പട്ടിണികിടന്നും അവഗണയേറ്റും കഴിഞ്ഞ മദിരാശിയിലെ കൗമാരം. ഒറ്റപ്പെട്ട ജീവിതത്തില്‍ കൈത്താങ്ങാവുമെന്ന് കരുതിയെങ്കിലും വഴിയിലുപേക്ഷിക്കേണ്ടിവന്ന ദാമ്പത്യം-സ്വരഭേദങ്ങള്‍ ഒരു കഥയുടെ മിഴിവോടെ ഇതെല്ലാം അവതരിപ്പിക്കുന്നുണ്ട്. ഒരു വര്‍ഷം നിര്‍ത്താതെ കരഞ്ഞാലും ഞാനൊഴുക്കിയ കണ്ണീരിന്റെ അടുത്തു വരില്ലെന്ന് അവര്‍ പറയും.

പത്താം വയസ്സില്‍ അപരാധി എന്ന സിനിമയില്‍ ബാലതാരത്തിന് ശബ്ദം നല്‍കിയ ഇവര്‍ പിറ്റേ വര്‍ഷം മനസ്സ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഒരു മുത്തശ്ശി ഗദയിലെ തന്നിഷ്ടക്കാരിയായ മുതിര്‍ന്ന സ്ത്രീയെന്നത് ഭാഗ്യലക്ഷ്മി സ്വയം വരിച്ച കഥാപാത്രമായിരിക്കണം. എനിക്കിത്രയും പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ശക്തി പകര്‍ന്നത് പണം മാത്രമാണെന്ന് ഭാഗ്യലക്ഷ്മി പറയും. സമ്പത്ത് ഉണ്ടാകുമ്പോള്‍ കൂടെ നില്‍ക്കാനാളുണ്ടാകും. കഠിനാധ്വാനം ചെയ്യാന്‍ തന്നെ പ്രേരിപ്പിക്കുന്ന ഘടകം ഇതു തന്നെയെന്ന് സാക്ഷ്യപ്പെടുത്തുമ്പോഴും വ്യത്യസ്തയുടെ ചാരുത പകരുന്നുണ്ടിവര്‍.

ഒരു സിനിമയില്‍ പത്തുമുപ്പത് ഡബ്ബിങ് ആര്‍ടിസ്റ്റുകള്‍ പണിയെടുക്കും. അവരുടെ പേര് എവിടെയും കാണില്ല. ഡബ്ബിങ് ആര്‍ടിസ്റ്റുകളുടെ പേര് സിനിമയുടെ ടൈറ്റിലില്‍ വരണമെന്ന് ആവശ്യപ്പെട്ട് ഭാഗ്യലക്ഷ്മി ശബ്ദമുയര്‍ത്തി. ശബ്ദമുള്ളവരുടെ ശബ്ദമായിരുന്നു അത്. ഡബ്ബിങ് ആര്‍ടിസ്റ്റുകള്‍ക്ക് പുരസ്‌കാരം ഏര്‍പെടുത്താന്‍ വേണ്ടി യത്‌നിച്ച അവര്‍ നിരവധി തവണ ആ പുരസ്‌കാരത്തിന് അര്‍ഹയായി.തിരുവനന്തപുരത്ത് ഡബ്ബിങ് പഠിപ്പിക്കാന്‍ ഒരു ഇന്‍സ്റ്റിറ്റിയൂട്ട് മോഹന്‍ലാലുമായി സഹകരിച്ച് തുടങ്ങിയപ്പോള്‍ സഹ ആര്‍ടിസ്റ്റുകള്‍ക്ക് രുചിച്ചില്ല. രംഗത്ത് 15 വര്‍ഷമെങ്കിലും കഴിഞ്ഞാണ് ഭാഗ്യ ലക്ഷ്മി നായികമാര്‍ക്ക് ശബ്ദം നല്‍കിത്തുടങ്ങിയത്. അവരുടെ ശബ്ദത്തില്‍ സംസാരിക്കാത്ത നായികമാര്‍ മലയാളത്തിലില്ലെന്ന് പറയണം. ഏറ്റവും കൂടുതല്‍ ഭാഗ്യത്തിന്റെ ശബ്ദത്തില്‍ സംസാരിച്ചത് ശോഭനയാണ്. ശര്‍ബാനി മുഖര്‍ജി, സറീന വഹാബ്, രേവതി, ലക്ഷ്മി ഗോപാല സ്വാമി, ഉര്‍വശി തുടങ്ങി നായികമാരുടെ നിര നീളും.

സിനിമയില്‍ ഇത്രയേറെ കാലം പ്രവര്‍ത്തിക്കുകയും സ്ത്രീകള്‍ക്ക് വേണ്ടി ഇത്ര ശക്തമായി പ്രതികരിക്കുകയും ചെയ്ത ഭാഗ്യ ലക്ഷ്മി പക്ഷെ സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി ഒരു വനിതാ കൂട്ടായ്മ രൂപപ്പെട്ടപ്പോള്‍ അതിലുണ്ടായില്ല. അതില്‍ പങ്കാളികളായ വനിതാരത്‌നങ്ങള്‍ ഭാഗ്യത്തിന്റെ സുഹൃത്തുക്കളായിട്ടും സംഘടന പിറന്ന വാര്‍ത്ത പത്രത്തില്‍ വായിച്ചറിയാനായിരുന്നു നിയോഗം. ഫെയ്‌സ്ബുക്കില്‍ നിരന്തരം കമന്റിട്ട ഒരാള്‍ക്ക് ഭാഗ്യം കൊടുത്ത മറുപടി ഇതാണ്: മോനേ ഷിബൂ, നിന്റെ ലൈക്കും കമന്റുമൊക്കെ നിര്‍ത്തിക്കോ. ഇനി മേലില്‍ കമന്റിട്ടാല്‍ ഇന്ന് കണ്ട എന്നെയായിരിക്കുകയില്ല കാണുക. നിന്റെ കളി ഞാന്‍ നിര്‍ത്തിക്കും മോനേ.