പാരീസ്: പാരീസ് സെന്റ് ജെര്‍മയ്ന്‍ നിരയിലെത്തിയ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് ആദ്യ തിരിച്ചടി. 2016-17 വര്‍ഷത്തേയ്ക്കുളള യുവേഫ ചാമ്പ്യന്‍സ് ലീഗ് പൊസിഷനല്‍ അവാര്‍ഡിന്റെ ചുരുക്കപ്പട്ടികയില്‍ നിന്നും ബ്രസീലിയന്‍ സൂപ്പര്‍ താരം പുറത്തായി. ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, ലയണല്‍ മെസ്സിയും ഉള്‍പ്പെട്ട പട്ടികയില്‍ യുവന്റസിന്റെ പൗലോ ഡിബാലയാണ് മൂന്നാമനായി ഇടംപിടിച്ചത്. നെയ്മറെ കൂടാതെ മൊണോക്കോയുടെ കൗമാര സൂപ്പര്‍ താരം എംബാപ്പയും അന്തിമപട്ടികയില്‍ ഇടംപിടിക്കുന്നതില്‍ പരാജയപ്പെട്ടു. അതെ സമയം വോട്ടെടുപ്പില്‍ നാലാമനായി പട്ടികയില്‍ ഇടംപിടിക്കാനായത് എംബാപ്പയ്ക്ക് ആശ്വാസമായി. ബയേണ്‍ മ്യൂണിക് താരം റോബര്‍ ലെവന്റോസ്‌ക്കിയാണ് അഞ്ചാം സ്ഥാനത്തെത്തിയത്. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ആറാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു. ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ റയല്‍ മഡ്രിഡ് താരങ്ങളാണ് വിവിധ അവാര്‍ഡ് ചുരുക്കപട്ടികയില്‍ മുന്നിലെത്തിയിരിക്കുന്നത്. 12 നോമിനേഷനുകളില്‍ ആറു പേരും റയല്‍ നിരയില്‍ നിന്നുമുളളവരാണ്. അതേസമയം ബാഴ്‌സലോണയില്‍ നിന്ന് മെസ്സി മാത്രമാണ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടത്. കളിയുടെ എല്ലാ പൊസിഷനുകളിലും മികവ് പുലര്‍ത്തിയ താരങ്ങള്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്നുണ്ട്. വിവിധ ക്ലബുകളുടെ 32 പരിശീലകരും 55 മാധ്യമപ്രവര്‍ത്തകരും യുവേഫ മെമ്പര്‍മാരുമാണ് അന്തിമ അവാര്‍ഡ് നിര്‍ണയത്തിനായി വോട്ടെടുപ്പില്‍ പങ്കെടുക്കുക. പരിശീലകര്‍ക്ക് തങ്ങളുടെ ടീമിലെ താരങ്ങളെ തെരഞ്ഞെടുക്കാന്‍ അവകാശമില്ല.

ചാമ്പ്യന്‍സ് ലീഗ് പൊസിഷന്‍ അവാര്‍ഡില്‍ അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ട താരങ്ങള്‍
ഗോള്‍ കീപ്പര്‍: ബഫണ്‍ (ജുവന്റസ്), മാനുവല്‍ ന്യൂയര്‍ (ബയേണ്‍) ജാന്‍ ഒബ്ലാക്ക് (അത്‌ലറ്റിക്കോ മാഡ്രിഡ്)
പ്രതിരോധ താരം: ലിയനാര്‍ഡോ ബനൂചി (യുവന്റസ്, നിലവില്‍ എസി മിലാനില്‍) മാര്‍സലോ (റയല്‍) റാമോസ് (റയല്‍)
മിഡ്ഫീല്‍ഡര്‍: കാസമിറോ (റയല്‍) ടോണി ക്രൂസ് (റയല്‍) ലൂക്കാ മോഡ്‌റിച് (റയല്‍)
ഫോര്‍വേഡ്: പൗലോ ഡിബാല (യുവന്റസ്), ലയണ്‍ മെസ്സി (ബാഴ്‌സ), റൊണാള്‍ഡോ (റയല്‍).