പതിമൂന്നാം വയസില്‍ ബാഴ്‌സലോണയിലെത്തിയ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ക്കിടെ സോഷ്യല്‍മീഡിയയില്‍ വൈറലായി എട്ടാം വയസ്സുകാരന്‍ ലയണല്‍ മെസിയുടെ വിഡിയോ. എട്ടാം വയസ്സില്‍ അര്‍ജന്റീനന്‍ ക്ലബായ ന്യൂവല്ലിന്റെ ഓള്‍ഡ് ബോയ്‌സിന് വേണ്ടിയുള്ള അത്ഭുത താരത്തിന്റെ കളിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അര്‍ജന്റീനന്‍ യൂത്ത് ടൂര്‍ണമെന്റിലുള്ള കളം നിറഞ്ഞ ലിയോ മെസിയുടെ മാന്ത്രിക നീക്കങ്ങളും ഗോളുകളുമാണ് ഒരു മിനുട്ടും അമ്പത് സെക്കറ്റുമുള്ള വീഡിയോയിലുള്ളത്.

ഇടംകാല്‍ കൊണ്ടുള്ള മിന്നല്‍ നീക്കങ്ങളും ഞെട്ടിക്കുന്ന ഫ്രീക്കിക്കുകളും എട്ടാം വയസിലും മെസിയിലുണ്ടെന്നത് കാണികളെ അത്ഭുതപ്പെടുത്തുന്നുണ്ട്. വീഡിയോക്ക് ചുവടിലായി ആശ്ചര്യം പ്രകടിപ്പിക്കുന്ന നിരവധി കമന്റുകളാണ് വരുന്നത്. 2015 ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിച്ച് ഡിഫന്‍ഡര്‍ ജെറോം ബോട്ടങിനെ ട്രിബിള്‍ ചെയ്തു വീഴ്ത്തുന്ന മെസി നീക്കം, അതേരീതിയില്‍ എട്ടാം വയസ്സിലും മെസി പുറത്തെടുക്കുന്നു എന്നതും വിഡിയോയില്‍ ഞെട്ടിപ്പിക്കുന്ന ഒന്നാണ്.

അതേസമയം, ചാമ്പ്യന്‍സ് ലീഗിലെ ദയനീയ തോല്‍വിവരെ മെസി ബാഴ്‌സ വിടുമെന്നത് അചിന്ത്യമായ കാര്യമായിരുന്നു. പക്ഷേ, ഇന്നത് യാഥാര്‍ഥ്യമാണ്. തന്നെ ക്ലബ്ബ് വിടാന്‍, അതും കരാറിലെ ക്ലോസ് പ്രകാരം ഫ്രീ ട്രാന്‍സ്ഫറില്‍ പോകുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മെസി ബാഴ്സ മാനേജ്മെന്റിന് കത്തയച്ചിട്ടുണ്ട്. ഇതോടെ ലോകോത്തര താരത്തെ സ്വന്തമാക്കുവാന്‍ യൂറോപ്പിലെ എലൈറ്റ് ക്ലബ്ബുകള്‍ കച്ച കെട്ടി രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍ മെസി എവിടേക്ക് പോകും എന്നത് വലിയൊരു ചോദ്യമായി നിലനില്‍ക്കുന്നു.