തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ ഒന്നിന് പ്രസിദ്ധീകരിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരനാണ് ഈ കാര്യം അറിയിച്ചത്.

സെപ്തംബര്‍ 26 ന് പ്രസിദ്ധീകരിക്കാനായിരുന്നു മുമ്പ് തീരുമാനിച്ചിരുന്നതെങ്കിലും ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് പട്ടിക പ്രസിദ്ധീകരിക്കുന്നത് നീട്ടിവെച്ചത്. ഓഗസ്റ്റ് 12 നാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചത്.

നവംബറിലാണ് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഭരണകാലാവധി അവസാനിക്കുന്നത്. എന്നാല്‍ കോവിഡ് വ്യാപനം കണക്കിലെടുക്ക് തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഡിസംബര്‍ മാസത്തോടെയെങ്കിും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.