തിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രിസഭയില്‍ അതൃപ്തി പ്രകടമാക്കി ഇ.പി ജയരാജന്‍. ഇന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് ജയരാജന്‍ ഇറങ്ങിപ്പോയി. തന്നോട് പാര്‍ട്ടി കാര്യങ്ങള്‍ ആലോചിച്ചില്ലെന്ന് കുറ്റപ്പെടുത്തിയാണ് ജയരാജന്‍ ഇറങ്ങിപ്പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എം.എം മണിയെ മന്ത്രിയാക്കിയതിലും ഇ.പിക്ക് അതൃപ്തിയുണ്ട്. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ പുതിയ മന്ത്രിയെപ്പറ്റി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വ്യക്തമാക്കിയത്.

എന്നാല്‍ ഇക്കാര്യം മുന്‍ മന്ത്രിയെന്ന നിലക്കും കേന്ദ്രകമ്മിറ്റി അംഗമെന്ന പരിഗണനയിലും തന്നോട് സംസാരിക്കാത്തതില്‍ ഇ.പി പരാതി പറഞ്ഞു. തുടര്‍ന്ന് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ബന്ധു നിയമന വിവാദത്തെ തുടര്‍ന്നാണ് പിണറായിയുടെ വിശ്വസ്തനായ ഇപിക്ക് രാജിവെക്കേണ്ടി വന്നത്.

പകരം മന്ത്രിയുണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും പുനസംഘടന സൂചനകളൊന്നും തുടക്കത്തിലുണ്ടായിരുന്നില്ല. പുതിയ നീക്കമനുസരിച്ച് എം.എം മണിക്ക് വൈദ്യുതി വകുപ്പും സഹകരണ മന്ത്രിയായിരുന്ന എസി മൊയ്തീന് വ്യവസായവും നല്‍കാനാണ് തീരുമാനമായത്. വ്യവസായമാണ് ജയരാജന്‍ കൈകാര്യം ചെയ്തിരുന്നത്. മൊയ്തീന്‍ വഹിച്ചിരുന്ന സഹകരണം കടകംപള്ളിക്ക് ലഭിക്കും. ദേവസ്വം വകുപ്പിന് പുറമെയാണിത്.