ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് ഇറാന്‍. രാഷ്ട്രീയ ലോകത്ത് അനുഭവ സമ്പത്തില്ലാത്തയാളാണ് ട്രംപെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി പറഞ്ഞു. നേരത്തെയും ട്രംപിന്റെ കുടിയേറ്റക്കാരെ വിലക്കിയ ഉത്തരവിനെതിരെ ഇറാന്‍ രംഗത്തെത്തിയിരുന്നു. വിലക്കേര്‍പ്പെടുത്തിയ ഏഴു രാഷ്ട്രങ്ങളില്‍ ഇറാനും ഉള്‍പ്പെടുന്നുണ്ട്.

രാഷ്ട്രീയ ലോകത്ത് അനുഭവ സമ്പത്തില്ലാത്തയാളാണ് ട്രംപ്. ഇവര്‍ പുതുമുഖങ്ങളാണ്. മറ്റൊരു ലോകത്തുനിന്ന് വന്ന് അവര്‍ക്കും മറ്റുള്ളവര്‍ക്കും ദ്രോഹം വരുത്തുകയാണ്. ഇതുവരെ ഇറാന്‍ ഭരണകൂടത്തോടായിരുന്നു അവരുടെ എതിര്‍പ്പ്. ജനതയോടല്ലെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ജനതയോടുള്ള നിലപാടാണ് പുറത്തുവന്നിരിക്കുന്നത്. അവരുടെ ഹൃദയത്തിനുള്ളിലുള്ള കപടവേഷമാണ് വെളിപ്പെട്ടതെന്നും റൂഹാനി പറഞ്ഞു.

ലിബിയ, സിറിയ, സൊമാലിയ, സുഡാന്‍, ഇറാഖ്, യെമന്‍ എന്നിവയാണ് വിലക്കേര്‍പ്പെടുത്തിയ മറ്റു രാഷ്ട്രങ്ങള്‍. ഉത്തരവിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു.