മാഡ്രിഡ്: തുടര്‍ച്ചയായി മൂന്നാം തവണയും യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബായി മാറിയ റയല്‍ മാഡ്രിഡില്‍ പുതിയ സീസണില്‍ ആരെല്ലാമുണ്ടാവുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവം. ടീമിലെ രണ്ട് സൂപ്പര്‍ താരങ്ങളായ കൃസ്റ്റിയാനോ റൊണാള്‍ഡോയും ജെറാത് ബെയിലുമാണ് ക്ലബ് മാറുമെന്ന സൂചന നല്‍കിയത്. അതേ സമയം നെയ്മറും ഈഡന്‍ ഹസാര്‍ഡുമെല്ലാം പുതിയ സീസണില്‍ ടീമിനൊപ്പമുണ്ടാവുമെന്ന സുചനകളുമുണ്ട്. ടീമിന്റെ ശക്തിയാണ് കൃസ്റ്റിയാനോ. കീവില്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ സമാപിച്ച ശേഷം അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞത് റയലിന് വേണ്ടി തന്റെ അവസാന മല്‍സരം കളിച്ചുവെന്നാണ്. എന്നാല്‍ ഈ പരാമര്‍ശം വന്‍ വിവാദമായപ്പോള്‍ അദ്ദേഹം പിന്‍വലിക്കുകയും അടുത്ത സീസണിലും താനുണ്ടാവുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇന്നലെ ആഘോഷത്തിനിടെ റയല്‍ ഫാന്‍സ് മുഴുവന്‍ ആവശ്യപ്പെട്ടത് റൊണാള്‍ഡോ തുടരണമെന്നാണ്. കോച്ച് സിദാനുമായി ഉറ്റ വ്യക്തിബന്ധം സൂക്ഷിക്കുന്നതിനാല്‍ കൃസ്റ്റിയാനോ ക്ലബ് വിടില്ല എന്നാണ് കരുതപ്പെടുന്നത്. അദ്ദേഹത്തിന്റെ പ്രതിഫല തുക ഉയര്‍ത്താന്‍ ക്ലബ് തയ്യാറാവും. റൊണാള്‍ഡോക്ക് ഇപ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം ഒരു ക്ലബ് മാത്രമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്-പി.എസ്.ജി. പക്ഷേ ആ ക്ലബില്‍ നിന്നും നെയ്മര്‍ റയലിലേക്ക് വരുമെന്ന സൂചന ശക്തമായതിനാല്‍ പോര്‍ച്ചുഗീസുകാരന്‍ അവിവേകം കാണിക്കില്ല എന്നാണ് കരുതപ്പെടുന്നത്. നെയ്മറിന്റെ കാര്യത്തില്‍ ഏറെക്കുറെ ധാരണയായിട്ടുണ്ട്.

അത്‌ലറ്റികോ മാഡ്രിഡില്‍ നിന്നും അന്റോണിയോ ഗ്രീസ്മാന്‍ ബാര്‍സയിലേക്ക് പോവുമെന്നുറപ്പായ സാഹചര്യത്തില്‍ നെയ്മര്‍ക്ക് ബാര്‍സയില്‍ ഇടമുണ്ടാവില്ല. അപ്പോള്‍ റയലിലേക്ക് തന്നെയെത്തുമെന്നാണ് സൂചനകള്‍. എന്നാല്‍ ജെറാത്ത് ബെയിലിന്റെ കാര്യത്തില്‍ സംശയങ്ങള്‍ ബാക്കിനില്‍ക്കുന്നു.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഉള്‍പ്പെടെയുളള പ്രമുഖര്‍ ബെയിലിന് വേണ്ടി രംഗത്തുണ്ട്. റയല്‍ സംഘത്തില്‍ തനിക്ക് തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കുന്നില്ല എന്ന ബെയിലിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് സിദാനും സമ്മതിക്കുന്നുണ്ട്. പക്ഷേ റയല്‍ വിടാന്‍ പെട്ടെന്ന് ബെയില്‍ തീരുമാനിക്കുമെന്ന് സിദാനും കരുതുന്നില്ല. ബെയില്‍ പോവുന്ന പക്ഷം ചെല്‍സിയില്‍ നിന്നും ഈഡന്‍ ഹസാര്‍ഡ് റയലിലെത്താനാണ് സാധ്യത. ഇസ്‌ക്കോ റയലില്‍ തുടരുന്ന കാര്യത്തില്‍ ഉറപ്പില്ല.

മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഇസ്‌ക്കോയുടെ നോട്ടം. ഗോള്‍ക്കീപ്പര്‍ കൈലര്‍ നവാസിന് സിദാന്റെ ഉറച്ച പിന്തുണയുണ്ട്. പക്ഷേ ഡേവിഡ് ഡി ഗിയയെ പോലുളളവരോടാണ് ക്ലബ് പ്രസിഡണ്ട് പെരസിന് താല്‍പ്പര്യം.