തമിഴ്‌നാട് ശിവകാശിക്കു സമീപം പടക്കനിര്‍മാണ ശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ 7 മരണം. വിരുതു നഗര്‍ ജില്ലയില്‍പെട്ട സാത്തൂരിന് സമീപമുള്ള അച്ചന്‍കുളം ഗ്രാമത്തിലെ ശ്രീ മാരിയമ്മന്‍ ഫയര്‍ വര്‍ക്‌സ് എന്ന സ്ഥാപനത്തിലാണ് രണ്ടരയോടെ പൊട്ടിത്തെറി ഉണ്ടായത്. പടക്ക നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒരു സ്ത്രീയും 6 പുരുഷന്മാരുമാണ് മരിച്ചത്. സാരമായി പൊള്ളലേറ്റ 14പേരെ ശിവകാശിയിലെയും വിരുതു നഗറിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

സ്‌ഫോടനത്തില്‍ നാലു ഷെഡുകള്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. എന്താണ് അപകട കാരണമെന്ന് വ്യക്തമല്ല. കെട്ടിടങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടോ എന്നറിയാന്‍ തെരച്ചില്‍ തുടരുന്നു. അപകടകാരണം വ്യക്തമല്ലെന്നും കൂടുതല്‍ ആളുകള്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ പെട്ടിട്ടുണ്ടോയെന്നറിയാന്‍ തിരച്ചില്‍ തുടരുന്നതായും സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ അറിയിച്ചു.

100ല്‍ അധികം ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. സമീപ ഗ്രാമമായ സിപ്പിപ്പാറയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ സമാന അപകടത്തില്‍ 8 പേര്‍ മരിച്ചിരുന്നു