ന്യൂഡല്‍ഹി: നിയന്ത്രണരേഖ കടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തിയില്ലെന്ന പാകിസ്താന്റെ വാദം തള്ളി ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തല്‍. സൈനിക നീക്കത്തില്‍ തീവ്രവാദികളുടെ മൃതദേഹം ട്രക്കുകളില്‍ കയറ്റി കൊണ്ടുപോയതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. രഹസ്യകേന്ദ്രങ്ങളില്‍ സംസ്‌കരിക്കുന്നതിനായി പുലര്‍ച്ചെക്കു മുമ്പു തന്നെ ഇവ സംഭവസ്ഥലത്തു നിന്നു മാറ്റിയതായാണ് വിവരം. സൈന്യത്തിന്റെ ആക്രമണത്തില്‍ ഭീകരര്‍ തമ്പടിച്ചിരുന്ന കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടതായും സാക്ഷി വെളിപ്പെടുത്തി. നിയന്ത്രണരേഖയില്‍ നിന്നു നാലു കിലോമീറ്റര്‍ ദൂരത്തുള്ള ദുദ്‌നിയലും കുപ്‌വാരക്കും സമീപമുള്ള ഗുലാബുമാണ് ആക്രമണം നടന്ന സ്ഥലങ്ങള്‍. ഇവിടെ അല്‍ഹവാബി പാലത്തിനു സമീപം തകര്‍ന്ന കെട്ടിടങ്ങളും ലഷ്‌കര്‍ ഭീകരര്‍ താവളമാക്കിയ സൈനിക പോസ്റ്റും കണ്ടതായി അവര്‍ പറഞ്ഞു. കുപ്‌വാരയിലേക്ക് നുഴഞ്ഞുകയറുന്നതിനു മുമ്പായി ഭീകരര്‍ക്ക് ആയുധങ്ങള്‍ ലഭിക്കുന്ന സ്ഥലമാണ് അല്‍ഹവാബിയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്‍ക്രിപ്റ്റഡ് ചാറ്റിങ് മാര്‍ഗത്തിലൂടെയാണ് ദൃക്‌സാക്ഷികളില്‍ നിന്നുള്ള വിവരങ്ങള്‍ സ്വീകരിച്ചതെന്നാണ് വിവരം. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.