പൂണെ: ഭാര്യയുടെ ഫേസ്ബുക്ക് സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അജയ് ഷെയ്ഖ് എന്നയാളെയാണ് പൂണെ പൊലീസ് അറസ്റ്റ് ചെയ്തത്. പൂനെ സഞ്ജയ് നഗര്‍ സ്വദേശിയായ സൗരഭ് വ്യങ്കട്ട് ജാദവ് എന്ന യുവാവിനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.

കഴിഞ്ഞ ഞായറാഴ്ച പൂനെയിലെ ഒരു ആശുപത്രിക്ക് സമീപം വച്ചാണ് ഇയാളെ അജയ് കുത്തികൊലപ്പെടുത്തിയത്. അജയിയുടെ ഭാര്യ സൗരഭിനോട് ഫേസ്ബുക്കില്‍ ചാറ്റ് ചെയ്യുന്നതിനെ തുടര്‍ന്ന് ഉയര്‍ന്ന സംശയങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്.

സുഹൃത്തിന്റെ സഹായത്തോടെയാണ് അജയ് ഷെയ്ഖ് കൊലപാതകം നടത്തിയത്. യുവാവിനെ കാണാനെത്തിയ ഇയാള്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് അയാളെ ആക്രമിക്കുകയായിരുന്നു. കൊല്ലപ്പെട്ട സൗരഭിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്.അജയ് ഷെയ്ഖുമായുള്ള വിവാഹത്തിന് മുന്‍പേ തന്നെ ഇയാളുടെ ഭാര്യയായ യുവതിയും സൗരഭും ഫേസ്ബുക്കില്‍ സുഹൃത്തുക്കളായിരുന്നു.