2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ വലിയൊരു പങ്ക് വഹിച്ചിരുന്നു, ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ വെച്ച് പെണ്‍കുട്ടി ക്രൂരമായ കൂട്ട ബലാത്സംഗത്തിന് ഇരയാക്കപ്പെടുകയും പുറത്തേക്ക് എറിയപ്പെടുകയും ചെയ്ത സംഭവം. അതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രക്ഷോഭം രാജ്യതലസ്ഥാനത്തെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചു കുലുക്കുകയും ലോക മാധ്യമങ്ങളില്‍ വരെ വാര്‍ത്തയാവുകയും ചെയ്തു. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ അവസാന വര്‍ഷത്തില്‍ നടന്ന ഈ സംഭവം, ബി.ജെ.പി വലിയ പ്രചരണായുധമാക്കുകയും ചെയ്തു.

ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങുകയും പിന്നീട് ‘നിര്‍ഭയ’ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്ത പെണ്‍കുട്ടിയുടെ സഹോദരന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചെയ്ത സഹായം പുറത്തു വന്നത് ഈയിടെ മാത്രമാണ്. മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം നടക്കുമ്പോള്‍ പന്ത്രണ്ടാം ക്ലാസിലായിരുന്ന സഹോദരനെ, ഇന്ദിരാ ഗാന്ധി രാഷ്ട്രീയ ഉഡാന്‍ അക്കാദമിയില്‍ പൈലറ്റാവാനുള്ള പഠനത്തില്‍ സഹായിച്ചത് രാഹുല്‍ ഗാന്ധിയാണെന്ന് നിര്‍ഭയയുടെ അമ്മ ആശാ ദേവിയെ ഉദ്ധരിച്ച് സണ്‍ഡേ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഉഡാന്‍ അക്കാദമിയില്‍ പ്രവേശനം നേടാനും കോഴ്‌സ് പൂര്‍ത്തിയാക്കാനും രാഹുല്‍ സഹായിച്ചെന്നും അദ്ദേഹം വിശാല മനസ്‌കനാണെന്നും ആശാദേവി പറയുന്നു. കോഴ്‌സ് പൂര്‍ത്തിയാക്കിയ നിര്‍ഭയയുടെ സഹോദരന്‍ ഇപ്പോള്‍ ജോലി തേടുകയാണ്. മാധ്യമ ശ്രദ്ധ നേടാമായിരുന്നിട്ടും ഇക്കാര്യം രാഹുല്‍ ഗാന്ധി ഒരിക്കല്‍ പോലും പരസ്യമായി പറഞ്ഞിട്ടില്ലെന്നു മാത്രമല്ല, നിര്‍ഭയയുടെ അമ്മ വഴിയാണ് ഇത് പുറം ലോകമറിഞ്ഞതു തന്നെ.

രാഹുലിന്റെ ഈ ഉദാര മനസ്‌കത, അദ്ദേഹത്തിന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയെ ആണ് ഓര്‍മിപ്പിക്കുന്നതെന്ന് ബ്ലോഗര്‍ കുഞ്ഞാലി കുട്ടി പറയുന്നു. മലയാളിയായ മത്സ്യത്തൊഴിലാളി ബാലന്റെ പൈലറ്റാവാനുള്ള മോഹം സാക്ഷാത്കരിക്കുന്നതില്‍ രാജീവ് ഗാന്ധി നടത്തിയ ഇടപെടലിനെപ്പറ്റി കുഞ്ഞാലി കുട്ടി ഫേസ്ബുക്കില്‍ എഴുതി.

രാജീവ് ഗാന്ധിയുടെ ഇടപെല്‍ ഇല്ലായിരുന്നെങ്കില്‍ മത്സ്യത്തൊഴിലാളിയായി ജീവിതം അവസാനിച്ചു പോകുമായിരുന്ന ക്യാപ്ടന്‍ ഡിക്‌സന്റെ കഥ കുഞ്ഞാലി കുട്ടി ഇങ്ങനെ വിവരിക്കുന്നു:

വൈമാനികനാകാന്‍ മോഹിച്ചു ഡിക്‌സണ്‍ തിരുവനന്തപുരം ഫ്ളൈയിങ് ക്ലബ്ബില്‍ ചേരുന്നു. അതിരാവിലെ കടലില്‍ മത്സ്യബന്ധനത്തിന് പോകും, തിരികെ വന്ന ശേഷം ഫ്ളൈയിങ് ക്ലബ്ബിലേക്ക്. പക്ഷെ സാമ്പത്തിക പ്രാരാബ്ധങ്ങളില്‍ കുടുങ്ങി പഠനം പാതിവഴിയില്‍ നില്‍ക്കുന്നു. ആ സമയത്താണ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി വലിയതുറയില്‍ വരുന്നത്. ഡിക്‌സന്റെ കഥ ആരോ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയും അദ്ദേഹം ഇടപെട്ട് സംസ്ഥാന ഗവണ്‍മെന്റിനെ കൊണ്ട് ഡിക്‌സണ് സ്‌കോളര്‍ഷിപ്പ് അനുവദിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ പഠനം പൂര്‍ത്തിയാക്കിയ ഡിക്‌സണ്‍ കമേഴ്സ്യല്‍ പൈലറ്റായി ആദ്യം വായുദൂതിലും പിന്നീട് എയര്‍ ഇന്ത്യയിലും എത്തിച്ചേരുന്നു. ഇതിനു പിന്നിലും രാജീവിന്റെ സഹായം ഉണ്ടായിരുന്നോയെന്ന് സംശയമുണ്ട്, തീര്‍ച്ചയില്ല.
ഈ കഥ കേള്‍ക്കുന്നവര്‍ക്ക് സിനിമ പോലെ തോന്നാം. കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്ന യുവാവ് തിരികെ വന്ന് വേഷം മാറി വിമാനം പറത്താന്‍ പഠിക്കാന്‍ പോകുന്നതും പിന്നീട് വലിയ യാത്രാവിമാനങ്ങളുടെ ക്യാപ്റ്റനാകുന്നതും ഒക്കെ നമ്മള്‍ സിനിമയില്‍ കണ്ടാല്‍ പോലും വിശ്വസിക്കില്ലല്ലോ.

പക്ഷെ, അദ്ദേഹത്തെ കാത്തിരുന്നത് പീഡനത്തിന്റെ നാളുകളായിരുന്നു. എന്തൊക്കെയോ ന്യായങ്ങള്‍ പറഞ്ഞു അദ്ദേഹത്തെ എയര്‍ ഇന്ത്യ പുറത്താക്കി. നാല് വര്‍ഷത്തോളം കേസ് നടത്തി അവസാനം അദ്ദേഹത്തിന് അനുകൂലമായി വിധി വന്നു. തിരിച്ചെടുത്തത് കൂടാതെ നാല് വര്‍ഷത്തെ ശമ്പളക്കുടിശ്ശികയായി കോടിക്കണക്കിന് രൂപ എയര്‍ ഇന്ത്യ അദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കേണ്ടിയും വന്നു. തുടര്‍ന്ന് സര്‍വ്വീസില്‍ തുടര്‍ന്ന ഡിക്‌സണ്‍ പ്രൊമോഷനായി ക്യാപ്റ്റന്‍ പദവിയില്‍ ഏറെ നാള്‍ തുടര്‍ന്നതിന് ശേഷം ഇപ്പോള്‍ റിട്ടയര്‍ ചെയ്തു വിശ്രമ ജീവിതത്തിലാണ് എന്നാണറിവ്.

രാജീവ് ഗാന്ധി ജീവനോടെയുണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ ഡിക്‌സന് ഈ പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുമായിരുന്നോ എന്ന് ചിലപ്പോഴൊക്കെ ചിന്തിച്ചു പോയിട്ടുണ്ട്.

നാലഞ്ചു വര്‍ഷം മുന്നേ ഗൂഗിള്‍ പ്ലസില്‍ നടന്ന ഒരു ചര്‍ച്ചയില്‍ നിന്നുമാണ് ഈ പോസ്റ്റിലെ പല വിവരങ്ങളും ലഭിച്ചത്. ക്യാപ്റ്റന്‍ ഡിക്‌സന്റെ ബന്ധുവും അയല്‍വാസിയുമായിരുന്ന ഒരു ഓണ്‍ലൈന്‍ ഫ്രണ്ട് വഴിയാണ് കൂടുതല്‍ വിവരങ്ങള്‍അറിയാന്‍അറിയാന്‍ സാധിച്ചത്.