crime

വിവാഹിതയായ യുവതിയുടെ പണവും സ്വര്‍ണവും കൈക്കലാക്കി; പരിചയപ്പെട്ടത് ഫെയ്‌സ്ബുക്ക് വഴി

By webdesk14

January 20, 2023

ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍ സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി എന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. വടക്കാഞ്ചേരി സ്വദേശി ഷനാസിനെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് പിടിച്ചത്. കഴിഞ്ഞ ദിവസം താരേക്കാടിനു സമീപത്തായിരുന്നു യുവതിയെ തടഞ്ഞ് നിര്‍ത്തി അതിക്രമം കാണിച്ചത്. ഒരു വര്‍ഷം മുന്‍പാണ് ഇരുവരും ഫെയ്‌സ്ബുക്ക് പരിചയപ്പെടുന്നത്.

പിന്നീട് ഇരുവരും കൂടുതല്‍ അടുത്തു. പലപ്പോഴായി യുവതിയില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് ഷനാസ് പണവും സ്വര്‍ണവും തട്ടിയെടുത്തു. പണം ആവശ്യപ്പെടുന്നത് പതിവാക്കിയപ്പോള്‍ ഷനാസുമായി അകന്നതായി യുവതി പരാതിയില്‍ പറയുന്നു. ഈ സമയത്താണ് ഷനാസിന്റെ കൈവശമുണ്ടായിരുന്ന യുവതിയുടെ ചിത്രങ്ങള്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചത്. ഇതോടെ യുവതി പൂര്‍ണമായും അകലം പാലിച്ചു. ഇതില്‍ ക്ഷുഭിതനായ ഷനാസ് തന്നെ നിരന്തരം പിന്തുടര്‍ന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു.