തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന് പുറത്തു പോയ സമയത്ത് അദ്ദേഹത്തിന്റെ വ്യാജഒപ്പിട്ട് സെക്രട്ടേറിയറ്റില്‍ നിന്നും ഫയല്‍ പാസാക്കിയെന്ന ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. 2018 സെപ്തംബറില്‍ മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയ സമയത്താണ് ഫയലില്‍ മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടതെന്ന് സന്ദീപ് വാര്യാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

സന്ദീപ് വാര്യരുടെ വാക്കുകള്‍

2018 സെപ്തംബര്‍ 2 ന് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയി. തിരിച്ചു വരുന്നത് സെപ്റ്റംബര്‍ 23 നാണ്. സെപ്തംബര്‍ 3 ന് പൊതുഭരണ വകുപ്പില്‍ നിന്ന് മലയാള ഭാഷയുമായി ബന്ധപ്പെട്ട ഒരു ഫയല്‍ വന്നു. സെപ്തംബര്‍ 9 ന് മുഖ്യമന്ത്രി ആ ഫയലില്‍ ഒപ്പു വച്ചതായി കാണുന്നു.13 നു ഫയല്‍ തിരിച്ചു പോയി. ഈ സമയത്ത് കേരള മുഖ്യമന്ത്രി അമേരിക്കയിലാണ്. അപ്പോള്‍ ഇവിടെ രണ്ട് മുഖ്യമന്ത്രിമാരുണ്ടോ. ഈ വിവാദ ഫയലില്‍ ഒപ്പിട്ടത് ശിവശങ്കറോ അതോ സ്വപ്നയോ..?

മുഖ്യമന്ത്രിയുടെ ഓഫീസില്‍ കള്ള ഒപ്പിടുന്ന ആള്‍ ഉണ്ടോ ? ഇരട്ട ചങ്കുണ്ട് എന്ന് പറയുന്ന മുഖ്യമന്ത്രി ഒരു ചങ്ക് ഇവിടെ വച്ച് പോയതാണോ? സംസ്ഥാനത്തിന്റെ ഭരണത്തലവനായ മുഖ്യമന്ത്രിയുടെ ഒപ്പ് വ്യാജമായി ഇടുക എന്ന ഗുരുതര കുറ്റമാണ് ഇവിടെ നടന്നത്. ആരാണ് ഈ ഒപ്പിട്ടത്.

മുഖ്യമന്ത്രിയുടെ അറിവോട് കൂടി എന്നെഴുതിയ ശേഷം ചീഫ് സെക്രട്ടറി ഫയലില്‍ ഒപ്പിടുന്നതാണ് കീഴവഴക്കം. ഇതിനു ശേഷമാണ് എം വി ജയരാജനെ സ്ഥാനത്ത് നിന്ന് മാറ്റുന്നത് അത് എന്ത് കൊണ്ട് എന്ന് അറിയില്ല. എല്ലാം ഇഫയല്‍ എന്നാണ് പറഞ്ഞിരുന്നത്. ഇനി മുഖ്യമന്ത്രിക്ക് ഒപ്പിടാന്‍ അറിയാത്തത് കൊണ്ടാണോ ഈ സംവിധാനം. അതോ ഇതെല്ലാം പാര്‍ട്ടി അറിഞ്ഞിട്ടുണ്ടോ ? സ്വന്തം ഓഫിസില്‍ മുഖ്യമന്ത്രിയുടെ ഫയലില്‍ മറ്റൊരാള്‍ ഒപ്പിടുക എന്ന് പറഞ്ഞാല്‍ എന്താണ് അവസ്ഥ