റെവാരി : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലേയ്ക്ക് മാര്‍ച്ച് നടത്തിയ ഹരിയാനയില്‍നിന്നുള്ള കര്‍ഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. ഡല്‍ഹിയിലേയ്ക്ക് മാര്‍ച്ച് ചെയ്യുകയായിരുന്ന പ്രതിഷേധക്കാരുമായി ഹരിയാനയിലെ റവാരി-ആല്‍വാര്‍ അതിര്‍ത്തിയിലാണ് പൊലീസ് ഏറ്റുമുട്ടിയത്.

പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ടു പോകാന്‍ ശ്രമിച്ച സമരക്കാര്‍ക്കു നേരെ പൊലീസ് നിരവധി തവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു. തുടര്‍ന്ന് പൊലീസും സമരക്കാരുമായി രൂക്ഷമായ ഏറ്റുമുട്ടലുണ്ടായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പിന്നീട് സമരക്കാരെ മസാനിയിലുള്ള ഒരു മേല്‍പാലത്തില്‍ വെച്ച് തടഞ്ഞതായി റെവാരി പൊലീസ് പറഞ്ഞു. കര്‍ഷകര്‍ക്കു നേരെ പൊലീസ് തുടര്‍ച്ചയായി കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിക്കുന്നതിന്റെയും ഏറ്റുമുട്ടുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. അതിനിടെ, ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷക സംഘടനകളുമായുള്ള കേന്ദ്രസര്‍ക്കാരിന്റെ ഏഴാംവട്ട ചര്‍ച്ച ഇന്ന് നടക്കും.