ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചുള്ള കര്‍ഷക പ്രക്ഷോഭം 24ാം ദിവസത്തിലേക്ക്. പ്രക്ഷോഭം കൂടുതല്‍ ശക്തമായി തന്നെ തുടരുകയാണ്. വീണ്ടും കടുപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേരും.

സുപ്രീംകോടതിയിലെ കേസില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് അഭിഭാഷകരുമായി കര്‍ഷക സംഘടനകളുടെ ചര്‍ച്ച തുടരുകയാണ്. അതേ സമയം കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കി ബിജെപി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ബിരേന്ദര്‍ സിംഗ് രംഗത്തെത്തി. ഇദ്ദേഹം ഡല്‍ഹിയിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകരുടെ ആവശ്യം ന്യായമെന്ന് ബീരേന്ദര്‍ സിംഗ് പറഞ്ഞു. ബീരേന്ദര്‍ സിംഗിന്റെ മകന്‍ ബിജെപി എംപിയാണ്.

നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കര്‍ഷകരും വ്യക്തമാക്കി.