വടകര : വടകരയില്‍ നടക്കുന്ന കാലിക്കറ്റ് സര്‍വ്വകലാശാല ബി സോണ്‍ കലോത്സവത്തില്‍ ഫാറൂഖ് കോളേജ് മുന്നേറ്റം തുടരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെ ബിസോണ്‍ കലോത്സവത്തില്‍ നിന്നും വ്യത്യസ്തമായി വലിയ മാര്‍ജിനില്‍ എതിരാളികളെ പിന്നിലാക്കിയാണ് ഫാറൂഖ് മുന്നേറുന്നത്.

ആകെ 73 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 246 പോയിന്റുകളുമായാണ് ഫറൂഖിന്റെ മുന്നേറ്റം. രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന സെന്റ് ജോസഫ് ദേവഗിരിക്ക് 170 പോയന്റുകളുണ്ട്. ഗവണ്‍മെന്റ് ലോ കോളേജാണ് മൂന്നാം സ്ഥാനത്ത്. 50 പോയിന്റ്. 47 പോയിന്റുകളോടെ പ്രൊവിഡന്‍സ് കോളേജ് നാലാം സ്ഥാനത്തു നില്‍ക്കുന്നു.

കലോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ അഞ്ച് വേദികളിലും നേരത്തെ നിശ്ചയിച്ച പ്രകാരം മത്സരങ്ങള്‍ തുടങ്ങി. ദഫ്മുട്ട്, അറബനമുട്ട്, വിവിധ വിഭാഗങ്ങളിലുള്ള നാടോടി നൃത്തങ്ങള്‍ മോഹിനിയാട്ടട്ടം എന്നിവയാണ് പ്രധാന വേദിയായ എം.യു.എം ഗ്രൗണ്ടില്‍ നടന്നത്. വലിയ ജനാവലി നാടോടി നൃത്തം വീക്ഷിക്കാനെത്തി. തൊട്ടടുത്ത രണ്ടാം വേദിയും സൂചി കുത്താനിടയില്ലാത്ത വിധം നിറഞ്ഞു. ഉച്ചയോടെ നടന്ന കോല്‍ക്കളി മത്സരം കാണാന്‍ സ്ത്രീകളും കുട്ടികളുമടക്കം വലിയ ജനാവലിയാണെത്തിയത്.
മേളയുടെ സമാപന ദിവസമായ ഇന്ന് ഒന്നും രണ്ടും മൂന്നും വേദികളില്‍ മാത്രമാണ് മത്സരങ്ങള്‍ ഉള്ളത്. ആറ് മണിക്ക് സമാപന സമ്മേളനം നടക്കും.