ചണ്ഡീഗഡ്: മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ കാര്‍ഷിക നിയമത്തിനെതിരെ രാജ്യത്തിനകത്ത് വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. കര്‍ഷകനെ തകര്‍ക്കുന്നതാണ് പുതിയ കാര്‍ഷിക നിയമമെന്നാണ് രാജ്യത്തെ എല്ലായിടത്ത് നിന്നും ഉയര്‍ന്ന് കേള്‍ക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ സജീവ ഇടപെടലുകളും വിഷയം രാജ്യത്താകമാനം ചര്‍ച്ചയാക്കി.

വിവിധ പ്രതിഷേധങ്ങള്‍ക്കിടെ വ്യത്യസ്ത പ്രതിഷേധ മാര്‍ഗവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരിയാനയിലെ കര്‍ഷകര്‍. ബിജെപി- ജെജെപി നേതാക്കള്‍ക്ക് ഇവിടെ പ്രവേശനമില്ലെന്ന ബോര്‍ഡ് വച്ചാണ് ഹരിയാനയിലെ ഒരു വിഭാഗം കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. ബില്ലിനെ അനുകൂലിച്ച രാഷ്ട്രീയ പാര്‍ട്ടികളെ ബഹിഷ്‌കരിക്കാനാണ് കര്‍ഷകരുടെ നീക്കം.

ഫത്തേബാദ് ജില്ലയിലെ അഹെര്‍വാന്‍, ഭാനി ഖേര എന്നീ ഗ്രാമങ്ങളിലെ കര്‍ഷകരാണ് ബിജെപിക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. അംബാല ജില്ലയിലെ ബറോല ഗ്രാമവാസികളും ഇത്തരത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. പഞ്ചാബ്, ഹരിയാന എന്നിവടങ്ങളിലെ കര്‍ഷകരെ സംഘടിപ്പിച്ച് രാഹുല്‍ ഗാന്ധി നടത്തിയ ട്രാക്ടര്‍ റാലിക്കും വന്‍ജനപിന്തുണ ലഭിച്ചിരുന്നു. നിരവധി കര്‍ഷകരായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലിയില്‍ അണിനിരന്നത്.