അണ്ടര്‍-17 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ വിജയം നേടാനായതിന്റെ സന്തോഷ പ്രകടനങ്ങള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല നൈജര്‍ ടീം ക്യാമ്പില്‍, ആഫ്രിക്കന്‍ യോഗ്യത മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ നൈജീരിയയെ വീഴ്ത്തി ആദ്യ ലോകകപ്പിനെത്തിയ നൈജര്‍ ടീം ശനിയാഴ്ച്ച കലൂര്‍ സ്റ്റേഡിയത്തില്‍ ചരിത്ര വിജയമാണ് റാങ്കിങില്‍ തങ്ങളേക്കാള്‍ ഏറെ മുന്നിലുള്ള ഉത്തര കൊറിയക്കെതിരെ നേടിയത്.

ഈ വിജയം ഗ്രൂപ്പ് ഡിയിലെ വമ്പന്‍മാരായ ബ്രസീലിനെതിരെയും സ്‌പെയിനിനെതിരെയും മത്സരിക്കുമ്പോള്‍ ആത്മവിശ്വാസവും ഊര്‍ജ്ജവും പകരുമെന്നായിരുന്നു മത്സര ശേഷം കോച്ച് ഇസ്മാലിയ തീമോകോയുടെ വാക്കുകള്‍. വിജയത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്, ഇത്രയും വലിയ ടൂര്‍ണമെന്റില്‍ ആദ്യമായാണ് ഞങ്ങള്‍ പങ്കെടുക്കുന്നത്, ശനിയാഴ്ച്ചയിലെ പ്രകടനത്തില്‍ ഞങ്ങള്‍ക്കൊപ്പം നൈജര്‍ മുഴുവന്‍ സന്തോഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ബ്രസീലും സ്‌പെയിനും ഫുട്‌ബോളിലെ വന്‍ ശക്തികളായിരിക്കാം, പക്ഷേ മത്സരം എല്ലാവര്‍ക്കമുള്ളതാണ്’, സ്‌പെയിനിനെതിരായ മത്സരത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ആത്മവിശ്വാസം ഒട്ടും ചോരാതെ ഇസ്മാലിയയുടെ മറുപടി. നൈജീരിയ ഉഷ്ണം കൂടിയ രാജ്യമാണെങ്കിലും കേരളത്തിലെ കാലാവസ്ഥയുമായി താരതമ്യപ്പെടുത്താനാവില്ലെന്നും ഇപ്പോഴത്തെ അണ്ടര്‍-17 ടീമിനെ ഭാവിയിലെ നൈജര്‍ ദേശീയ ഫുട്‌ബോള്‍ ടീമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.

നാളെ വൈകിട്ട് അഞ്ചിന് സ്‌പെയിനിനെതിരെയാണ് നൈജറിന്റെ രണ്ടാം മത്സരം. ഇന്നലെ വൈകിട്ട് ഒരു മണിക്കൂറോളം ടീം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ പരിശീലിച്ചു. കൊറിയക്കെതിരായ മത്സരത്തില്‍ ആക്രമിച്ചു കളിച്ച ടീം ഇന്നലെ പരിശീലനത്തിലും ആക്രമണത്തിന് മൂര്‍ച്ച കൂട്ടാനുള്ള തന്ത്രങ്ങളാണ് മെനഞ്ഞത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ മാത്രം 13 ഷോട്ടുകളാണ് നൈജര്‍ താരങ്ങള്‍ തൊടുത്തത്, കളിയിലാകെ 25 ഷോട്ടുകള്‍ ഗോള്‍ ലക്ഷ്യമാക്കി പായിച്ച ടീം ഈ കണക്കില്‍ ജര്‍മ്മനിക്കൊപ്പം രണ്ടാം സ്ഥാനത്താണ്. മധ്യനിര താരം യാസീന്‍ വ മസാംബയാണ് നൈജറിന്റെ തുറുപ്പുചീട്ട്. സലീം അബ്ദുറഹ്മാന്‍ 59ാം മിനുറ്റില്‍ നേടിയ ഗോളിന് വഴിയൊരുക്കിയത് യാസീനായിരുന്നു. നിരവധി അവസരങ്ങള്‍ ഒരുക്കി കൊടുത്തതിന് പുറമെ ഗോളിനായി സ്വയം ശ്രമങ്ങളും താരം നടത്തിയിരുന്നു. നാളെ രാത്രി എട്ടിന് രണ്ടാം മത്സരത്തില്‍ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ബ്രസീല്‍ ഉത്തര കൊറിയയെ നേരിടും. ഇന്നലെ വൈകിട്ട് ആറു മുതല്‍ രാത്രി എട്ടു വരെ ബ്രസീല്‍ ടീം പനമ്പിള്ളി നഗര്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലും വൈകിട്ട് ഒന്നര മണിക്കൂറോളം കൊറിയന്‍ ടീം വെളി ഗ്രൗണ്ടിലും പരിശീലനം നടത്തി. രാവിലെയായിരുന്നു സ്പാനിഷ് പട പരിശീലനത്തിന് സമയം കണ്ടെത്തിയത്.