റഷ്യയില്‍ ലോകകപ്പ് ഫുട്‌ബോള്‍ കിക്കോഫിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കപ്പ് ആരു സ്വന്തമാക്കുമെന്നതു സംബന്ധിച്ച് പ്രവചനങ്ങളും വാഗ്‌വാദങ്ങളും സജീവമാണ്. പ്രമുഖരും ഡേറ്റാ സര്‍വീസുകളും ഇതില്‍ മുന്‍ നിരയില്‍ തന്നെയുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയും ആര് കപ്പടിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ്.

ബ്രസീല്‍, ജര്‍മ്മനി, അര്‍ജന്റീന ഈ ടീമുകള്‍ക്കാണ് റഷ്യയില്‍ താന്‍ ലോക കപ്പിന് സാധ്യത കാണുന്നതെന്ന് ഗാംഗുലി പ്രവചിച്ചു. താനൊരു ബ്രസീല്‍ ആരാധകനാണ്. അര്‍ജന്റീനക്കൊപ്പമല്ല താന്‍. എന്നാല്‍ മെസ്സിയെ ഏറെ ഇഷ്ടപ്പെടുന്നു. ഇതുവരെ ലോകക്കപ്പ് ഒന്നും നേടാത്തതിനാല്‍ മെസ്സിയെ സംബന്ധിച്ച് ഈ വര്‍ഷം നിര്‍ണായകമാണ്. അതിനാല്‍ ഇത്തവണ മെസ്സിയുടെ കളി കാണാന്‍ ഏറെ താല്‍പര്യപ്പെടുന്നു.

തുടര്‍ച്ചയായി രണ്ടു വര്‍ഷം ലോകകപ്പ് ഫൈനലിലും കോപ്പ അമേരിക്ക ഫൈനലിലും അര്‍ജന്റീന എത്തിയിരുന്നെങ്കിലും അവര്‍ക്ക് ഇതുവരെ ചാമ്പ്യന്മാരാകാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

റഷ്യ ലോകകപ്പിന്റെ ഫൈനല്‍ മത്സരം കാണാന്‍ താന്‍ പോകുമെന്നും ഗാംഗുലി വ്യക്തമാക്കി. അതേസമയം ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ ഇടം നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുനെ ഗാംഗുലി പ്രശംസിച്ചു. സച്ചിനെ പോലെ മകനും ഉയര്‍ച്ചയിലെത്തട്ടെയെന്ന് ഗാംഗുലി ആശംസിച്ചു.