കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോട് കലക്ട്രേറ്റിലും താലൂക്കുകളിലും ഇരുപത്തി നാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. തീരദേശമേഖലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്.

മലയോരമേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. കോഴിക്കോട് നഗരത്തിലുള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങള്‍ ഭൂരിഭാഗവും വെള്ളത്തിനടിയിലായി. മരം വീണ് പലയിടത്തും ഗതാഗതം തടസപ്പെട്ടു. ഒന്നരദിവസം കഴിഞ്ഞിട്ടും കുറ്റിയാടി, മുക്കം മേഖലയില്‍ വൈദ്യുതിബന്ധം പുനസ്ഥാപിക്കാനായില്ല. അതീവ ജാഗ്രത നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.

ബേപ്പൂര്‍, വെള്ളയില്‍ , കൊയിലാണ്ടി തീരങ്ങളില്‍ ശക്തമായ തിര അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ കടലാക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.

മുപ്പത്തി ഒന്ന് വീടുകള്‍ പൂര്‍ണമായും എഴുപത്തി നാലെണ്ണം ഭാഗികമായും തകര്‍ന്നു. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ വിളകളും വ്യാപകമായി നശിച്ചിട്ടുണ്ട്. പ്രധാന നദികളിലെല്ലാം ശക്തമായ നീരൊഴുക്കാണ് അനുഭവപ്പെടുന്നത്.
കനത്ത മഴ; കോഴിക്കോട് കലക്ട്രേറ്റിലും