entertainment
സംസ്ഥാനത്ത് സിനിമ സംഘടനകള്‍ അനിശ്ചിതകാല സമരത്തിലേക്ക്; തിയേറ്ററുകള്‍ ഉള്‍പ്പെടെ അടച്ചിടും
ഏറെക്കാലമായി ഉന്നയിച്ച ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരത്തിന് മുന്നോടിയായി ഈ നടപടി
സംസ്ഥാനത്തെ സിനിമ സംഘടനകള്‍ 22ന് സൂചന പണിമുടക്ക് നടത്താന്‍ തീരുമാനിച്ചു. ഏറെക്കാലമായി ഉന്നയിച്ച ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരത്തിന് മുന്നോടിയായി ഈ നടപടി. പണിമുടക്കിന്റെ ഭാഗമായി തിയേറ്ററുകള്‍ അടച്ചിടുന്നതിനൊപ്പം ഷൂട്ടിങ് ഉള്‍പ്പെടെയുള്ള സിനിമ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കും.
ജിഎസ്ടിക്ക് പുറമേയുള്ള വിനോദ നികുതി പിന്‍വലിക്കുക, തിയേറ്ററുകള്‍ക്ക് പ്രത്യേക വൈദ്യുതി താരിഫ് നടപ്പാക്കുക എന്നിവ ഉള്‍പ്പെടെ നിരവധി ആവശ്യങ്ങളാണ് സിനിമ സംഘടനകള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് സംഘടനകള്‍ മുന്നറിയിപ്പ് നല്കി.
ഇതിനുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടു സിനിമ സംഘടനകള്‍ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ പലവട്ടം സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നുവെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല. ഇതിനിടെ സിനിമാ സംഘടനകളുമായി 14ാം തീയതി വീണ്ടും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ മറ്റ് സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
entertainment
‘ജനനായകന്’ പ്രദര്‍ശനാനുമതി; സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്കാന് മദ്രാസ് ഹൈക്കോടതി ഉത്തരവ്
ചിത്രം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ് നല്കിയ കത്ത് ഹൈക്കോടതി റദ്ദാക്കി.
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയിയുടെ അവസാന സിനിമയായ ‘ജനനായകന്’ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്കാന് മദ്രാസ് ഹൈക്കോടതി ഉത്തരവ്. യു/ എ സര്‍ട്ടിഫിക്കറ്റ് നല്കാന് കോടതി ഉത്തരവിട്ടു. ചിത്രം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ് നല്കിയ കത്ത് ഹൈക്കോടതി റദ്ദാക്കി. എത്രയും വേഗം യു/എ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാനും ഉത്തരവ്.
സെന്‍സര്‍ ബോര്‍ഡിന്റെ നടപടികള്‍ക്കെതിരെ നിര്‍മാതാക്കള്‍ മദ്രാസ് ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി വിധി പറയുന്നത് ജനുവരി ഒമ്പതിലേക്ക് മാറ്റിയതോടെയാണ് നിശ്ചയിച്ച സമയത്ത് സിനിമ പുറത്തിറക്കാന്‍ കഴിയാതിരുന്നത്. ജസ്റ്റിസ് പി.ടി. ആശയാണ് കേസ് പരിഗണിച്ചത്. ബോര്‍ഡിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സുന്ദരേശന് ഹാജരായി.
അതേസമയം, ചിത്രത്തിന്റെ റിലീസ് മാറ്റിയത് ആരാധകരെ നിരാശരാക്കി. ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയവര്‍ക്ക് പണം തിരികെ നല്കി. എന്നാല്‍, വിജയ് ആരാധകര്‍ക്കു ഫാന്‍സ് അസോസിയേഷന് നടത്തുന്ന പ്രദര്‍ശനത്തിന് 1500 രൂപ വരെ മുടക്കി ടിക്കറ്റ് എടുത്തവരാണു വെട്ടിലായത്. സിനിമ എന്നു റിലീസായാലും ആദ്യ ഷോ കാണാന്‍ സൗകര്യമൊരുക്കാമെന്നാണ് ഫാന്‍സ് അസോസിയേഷന് ഇവരെ അറിയിച്ചിരിക്കുന്നത്.
entertainment
നെറ്റ്ഫ്ലിക്സ് വീണ്ടും ക്രാഷാക്കി ‘സ്ട്രേഞ്ചര്‍ തിങ്സ്’; ഫിനാലെ എപ്പിസോഡ് കാണാന്‍ തിരക്കുകൂട്ടി ആരാധകര്‍
ഇതിന് പിന്നില്‍ സീരീസിലെ വില്ലനായ ‘വെക്ന’ആണെന്നും വെക്ന ലോകത്തെയല്ല നെറ്റ്ഫ്ലിക്സ് ലോഗിന്‍ പേജിനെയാണ് തകര്‍ത്തതെന്നും ആരാധകര്‍ പരിഹസിച്ചു.
കൊച്ചി: നെറ്റ്ഫ്ലിക്സ് വീണ്ടും ക്രാഷാക്കി നെറ്റ്ഫ്ലിക്സിന്റെ ഹിറ്റ് വെബ് സീരീസ് സ്ട്രേഞ്ചര്‍ തിങ്സ്. നെറ്റ്ഫ്ലിക്സ് സെര്‍വര്‍ തകരാറായതിനെ തുടര്‍ന്ന് നിരവധി പേരുടെ സ്ട്രീമിങ് തടസപ്പെടുകയായിരുന്നു.
ആപ്പ് ക്രാഷ് ആയതോടെ നിരാശരായ ആരാധകര്‍ ട്രോളുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറച്ചിരിക്കുകയാണ്. ഇതിന് പിന്നില്‍ സീരീസിലെ വില്ലനായ ‘വെക്ന’ആണെന്നും വെക്ന ലോകത്തെയല്ല നെറ്റ്ഫ്ലിക്സ് ലോഗിന്‍ പേജിനെയാണ് തകര്‍ത്തതെന്നും ആരാധകര്‍ പരിഹസിച്ചു. ഇതിനുമുമ്പ് അഞ്ചാം സീസണിന്റെ ആദ്യ വോള്യം റിലീസ് ആയപ്പോഴും നെറ്റ്ഫ്ലിക്സ് തകരാറിലായിരുന്നു.
നവംബര്‍ 27 പുലര്‍ച്ചെ 6.30 മുതല്‍ ആണ് ‘സ്ട്രേഞ്ചര്‍ തിങ്സ്’ ഫൈനല്‍ സീസണ് ഇന്ത്യയില്‍ സ്ട്രീമിങ് ആരംഭിച്ചത്. 2016ല്‍ ആണ് ഡഫര്‍ ബ്രേഴ്സിന്റെ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ഡ്രാമ ‘സ്ട്രേഞ്ചര്‍ തിങ്സ്’ സ്ട്രീമിങ് ആരംഭിച്ചത്. അഭിനേതാക്കളുടെ മികച്ച പ്രകടനവും വ്യത്യസ്തമായ കഥപറച്ചിലും കൊണ്ട് വളരെ പെട്ടെന്ന് തന്നെ സീരീസ് വലിയ തോതില്‍ ആരാധകരെ കണ്ടെത്തി. പിന്നാലെ 2017 ല്‍ രണ്ടാം സീസണും, 2019 ല്‍ മൂന്നാം സീസണും പുറത്തിറങ്ങി. 2022 ല്‍ റിലീസ് ആയ നാലാം സീസണ് രണ്ട് ഭാഗങ്ങളായാണ് എത്തിയത്. ഈ ഫ്രാഞ്ചൈസിയുടെ അവസാന അധ്യായമാണ് അഞ്ചാം സീസണ്.
entertainment
എം.ടി വാസുദേവന്‍ നായരുടെ ഓര്മ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ ഫേസ്ബുക്ക് പോസ്റ്റുമായി മമ്മൂട്ടി
‘പ്രിയ ഗുരുനാഥന് വിട പറഞ്ഞിട്ട് ഒരു വര്‍ഷം’ എന്ന അടിക്കുറിപ്പോടെയാണ് എം.ടിയുമായുള്ള ചിത്രം മമ്മൂട്ടി പോസ്റ്റ് ചെയ്തത്.
കൊച്ചി: മലയാള സാഹിത്യത്തിന്റെയും സിനിമയുടെയും അതുല്യ പ്രതിഭ എം.ടി വാസുദേവന്‍ നായരുടെ ഓര്മ ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് നടന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചു. ‘പ്രിയ ഗുരുനാഥന് വിട പറഞ്ഞിട്ട് ഒരു വര്‍ഷം’ എന്ന അടിക്കുറിപ്പോടെയാണ് എം.ടിയുമായുള്ള ചിത്രം മമ്മൂട്ടി പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം ഒരു ക്രിസ്മസ് രാത്രിയിലായിരുന്നു കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സിനിമാ സംവിധായകന്, നിര്‍മാതാവ്, അധ്യാപകന് എന്നിങ്ങനെ നിരവധി വേഷങ്ങള്‍ ഒരുപോലെ അണിഞ്ഞ അതുല്യപ്രതിഭ എം.ടി വാസുദേവന്‍ നായര്‍ വിടവാങ്ങിയത്.
എം.ടി കഥയും തിരക്കഥയും രചിച്ച ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി ശ്രദ്ധിക്കപ്പെട്ട വേഷം അവതരിപ്പിച്ചത്. പിന്നീട് മമ്മൂട്ടിയെ മനസ്സില്‍ കണ്ട് എം.ടി രചിച്ച നിരവധി കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ ക്ലാസിക് സൃഷ്ടികളായി. വടക്കന്‍ വീരഗാഥയിലെ ചന്തു, സുകൃതംയിലെ രവി ശങ്കര്‍, പഴശ്ശിരാജ തുടങ്ങിയ കഥാപാത്രങ്ങള്‍ അതില്‍ ചിലത് മാത്രമാണ്.
എം.ടിയുമായി തനിക്കുണ്ടായിരുന്നത് വിശദീകരിക്കാനാകാത്ത ആത്മബന്ധമാണെന്ന് മമ്മൂട്ടി ഒരിക്കല്‍ വ്യക്തമാക്കിയിരുന്നു. കൊച്ചിയില്‍ നടന്ന ഒരു പിറന്നാള്‍ ചടങ്ങിനിടെ കാലിടറിയ എം.ടി തന്റെ പ്രിയ ശിഷ്യന്റെ മാറിലേക്ക് ചാഞ്ഞുനിന്നത് ആ ബന്ധത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നുവെന്ന് സിനിമാ ലോകം ഇന്നും ഓര്‍ക്കുന്നു.
അക്ഷരങ്ങള്‍, ഇടനിലങ്ങള്‍, കൊച്ചുതെമ്മാടി, തൃഷ്ണ, അനുബന്ധം തുടങ്ങിയ നിരവധി ചിത്രങ്ങള്‍ക്ക് മമ്മൂട്ടിക്കായി കഥ, തിരക്കഥ, സംഭാഷണം എന്നിവ എം.ടി ഒരുക്കിയിട്ടുണ്ട്. ഗുരുവും ശിഷ്യനും തമ്മിലുള്ള ഈ അപൂര്‍വ ബന്ധം മലയാള സിനിമയുടെ ചരിത്രത്തില്‍ എന്നും വേറിട്ട അധ്യായമായി നിലനില്ക്കും.
-
kerala2 days agoതിരുവനന്തപുരം കോര്പറേഷന് സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്; BJP കൗണ്‍സിലര്‍ ആര് ശ്രീലേഖയുടെ വോട്ട് അസാധു
-
kerala2 days ago‘കെ.ടി ജലീല്‍ സിപിഎമ്മിന്റെ വര്‍ഗീയ പ്രീണന നയങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തണം’: സന്ദീപ് വാര്യര്‍
-
india2 days agoഇന്ത്യന്‍ കോടതികള്‍ രാജ്യത്തിന് നാണക്കേട്, നടക്കുന്നത് ഒരു വംശഹത്യക്കുള്ള ഒരുക്കം; പ്രകാശ് രാജ്
-
kerala3 days ago‘400 ദിവസം കൊണ്ട് 100 പാലങ്ങള്‍’; വികസന വിപ്ലവത്തിന്റെ ‘ഇബ്രാഹിം കുഞ്ഞ് മോഡല്‍’
-
gulf3 days agoഅബുദാബിയിലെ വാഹനപകടം: കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി
-
kerala2 days agoചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് സണ്ണി ജോസഫ്
-
kerala3 days agoമുന്‍ മന്ത്രിയും മുസ്ലീം ലീഗ് വൈസ് പ്രസിഡന്റുമായ വി.കെ ഇബ്രാഹിം കുഞ്ഞ് വിടവാങ്ങി
-
kerala3 days agoമുൻ മന്ത്രിയും, മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു
