ബീജിങ്: കുത്തക വിരുദ്ധ നിയമങ്ങള്‍ ലംഘിച്ചതിന് ചൈനയില്‍ ജാക്ക് മായുടെ കമ്പനിയായ ആലിബാബയ്ക്ക് 280 കോടി ഡോളര്‍ (ഇരുപതിനായിരം കോടി രൂപ) പിഴ. ഏഷ്യയിലെ തന്നെ അതിസമ്പന്നനായ ജാക്ക് മായ്‌ക്കെതിരെ ചൈനീസ് ഭരണകൂടം നടപടികള്‍ കടുപ്പിക്കുന്നതിന്റെ തുടര്‍ച്ചയായാണ്, കുത്തക വിരുദ്ധ സമിതിയുടെ പിഴ ശിക്ഷ.

ഓണ്‍ലൈന്‍ ചില്ലറ വ്യാപാരത്തില്‍ മത്സരം പരിമിതപ്പെടുത്തുന്ന വിധത്തില്‍ ആലിബാബ പ്രവര്‍ത്തിച്ചെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടിയെന്ന് മാര്‍ക്കറ്റ് റെഗുലേഷന്‍ അഡ്മിനിട്രേഷന്‍ അറിയിച്ചു. മത്സരം ഇല്ലാതാക്കും വിധം വിപണിയിലെ തങ്ങളുടെ മേല്‍ക്കൈ ദുരുപയോഗിക്കരുതെന്ന് അഡ്മിനിസ്‌ട്രേഷന്‍ മുന്നറിയിപ്പു നല്‍കി.