കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവിലെ 192 കടകള്‍ അടച്ചിടാന്‍ പൊലീസിന്റെ നിര്‍ദേശം. സുരക്ഷാക്രമങ്ങള്‍ പാലിക്കാത്തതിനാലാണ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതെന്ന് അധികൃതര്‍ അറിയിച്ചു.

മിഠായിത്തെരുവില്‍ ഇടക്കിടെയുണ്ടാവുന്ന തീപ്പിടുത്തങ്ങള്‍ ഒഴിവാക്കാനുള്ള നടപടിയുടെ ഭാഗമായാണ് നിര്‍ണായകമായ തീരുമാനം ഉണ്ടായിട്ടുള്ളത്. മുമ്പ് തീപ്പിടുത്തമുണ്ടായതിന് പിന്നാലെ നടന്ന ചര്‍ച്ചയില്‍ കനത്ത സുരക്ഷാക്രമങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. പരിശോധന നാളെയും തുടരുമെന്നാണ് അറിയുന്നത്.

പൂട്ടിയിടാന്‍ നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്ന് വ്യാപാരികള്‍ നിയമനപടിയില്‍ സാവകാശം വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. ഇത്ര പെട്ടന്ന് വീണ്ടും പരിശോധന ഉണ്ടാവില്ലെന്ന ചിന്തയാലാണ് സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാനാവാത്തതെന്നും സാവകാശം ലഭിച്ചാല്‍ മുഴുവന്‍ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തുമെന്നും വ്യാപാരികള്‍ ജില്ലാ കളക്ടറെ അറിയിച്ചു. സാവകാശം നല്‍കുന്നത് പരിഗണനയിലെന്നും നാളെ തീരുമാനം അറിയിക്കുമെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.