തിരുവന്തപുരം: കണ്ണൂരില്‍ സായുധസേന പ്രത്യേകാധികാര നിയമം (അഫ്‌സ്പ) പ്രഖ്യാപിക്കാനുള്ള സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ പി. സദാശിവത്തിന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അഫ്‌സ്പ മനുഷ്യത്വ രഹിതമായ നിയമമാണെന്നും ഇത് സംബന്ധിച്ച് ഒട്ടേറെ ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും മറുപടിയില്‍ പറയുന്നു. ഇക്കാരണത്താല്‍ അഫ്‌സ്പ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു.

കണ്ണൂരിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സിആര്‍പിസിയില്‍ വകുപ്പുകളുണ്ട്. പ്രസ്തുത കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പ്രതികള്‍ സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുത്തതായും കത്തില്‍ പറയുന്നു.

കണ്ണൂരില്‍ അഫ്‌സ്പ പ്രഖ്യാപിക്കണമെന്നും അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് ബിജെപി ഗവര്‍ണറെ സമീപിച്ചിരുന്നു. സംഭവത്തെക്കുറിച്ച് വിശദമാക്കാനും സ്വീകരിച്ച നടപടിയെക്കുറിച്ച് അറിയിക്കാനും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതുകയാണ് ഗവര്‍ണര്‍ ചെയ്തത്. ഗവര്‍ണറുടെ കത്തിന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി അഫ്‌സ്പ പ്രഖ്യാപിക്കാനാവില്ലെന്ന് അറിയിച്ചത്.

നേരത്തേ, വിശദീകരണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയ ഗവര്‍ണര്‍ക്കെതിരെ ബിജെപി സംസ്ഥാന നേതൃത്വം രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയോട് വിശദീകരണമാവശ്യപ്പെടാന്‍ ഗവര്‍ണറെ കാണണമില്ലെന്ന് ഫേസ്ബുക്കില്‍ എംടി രമേശ് കുറിച്ചു. ഡല്‍ഹിയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ ഗവര്‍ണര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ശോഭാ സുരേന്ദ്രനും സ്വരം കടുപ്പിച്ചു.

എന്നാല്‍ ഇരുവരുടെയും നിലപാടുകളെ തള്ളി ബിജെപി കേന്ദ്ര നേതൃത്വവും രംഗത്തെത്തി.