റായ്പൂര്‍: ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് മരണം. ഇന്നലെ വൈകിട്ടാണ് രാജധാനി ആശുപത്രിയില്‍ തീപിടുത്തമുണ്ടായത്. കോവിഡ് രോഗികളെയടക്കം ചികിത്സിക്കുന്ന ആശുപത്രിയുടെ ഐസിയുവിലാണ് തീപടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് നിലകളുള്ള ആശുപത്രിയുടെ മുകള്‍നിലയിലാണ് ആദ്യം തീ പടര്‍ന്നത്. ഈ സമയത്ത് ആശുപത്രിയില്‍ 34 രോഗികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 9 പേര്‍ ഐസിയുവിലായിരുന്നു. ഐസിയുവില്‍ നിന്ന് തീ പടരുന്നതു കണ്ട സൂപ്പര്‍വൈസര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ആശുപത്രിയിലുണ്ടായിരുന്ന രോഗികളെ മറ്റ് ആശുപത്രികളിലേയ്ക്ക് മാറ്റി. മരിച്ച അഞ്ച് പേരും കോവിഡ് രോഗികളാണെന്നും 29 കോവിഡ് രോഗികളെ മറ്റ് ആശുപത്രികളിലേയ്ക്ക് മാറ്റിയെന്നുമാണ് വിവരം.