മലപ്പുറം: ഫിഷറീസ് വകുപ്പ് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മക്കെതിരായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണം ഗൗരവതരമാണെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. മത്സ്യതൊഴിലാളികളുടെ ഉപജീവനം മുട്ടിക്കുന്ന എന്തെങ്കിലും തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടുണ്ടെങ്കില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ റദ്ദാക്കും. മത്സ്യതൊഴിലാളികളുടെ വിഷയത്തിന് പ്രഥമ പരിഗണന യു.ഡി.എഫ് നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.

കര്‍ഷകരോട് കേന്ദ്ര സര്‍ക്കാര്‍ പറയുന്ന വാക്കുകള്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാറും പറയുന്നത്. സംസ്ഥാന സര്‍ക്കാരിന് ബൂര്‍ഷ്വകളുടെ സ്വഭാവമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരള തീരത്ത് മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയായ ഇഎംസിസിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിക്കൊണ്ട് 5,000 കോടിയുടെ കരാറുണ്ടാക്കി. ഈ നടപടിക്ക് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് നേരത്തെ ചെന്നിത്തല പറഞ്ഞിരുന്നു.