india

ഉത്തര്‍ പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം

By webdesk17

October 22, 2024

ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. സിക്കന്ദരാബാദിലെ ആശാപുരി കോളനിയിലെ വീട്ടിലാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. അപകടം നടക്കുന്ന സമയത്ത് വീട്ടില്‍ 19 ആളുകള്‍ ഉണ്ടായിരുന്നതായാണ് വിവരം.

അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ സ്ഥിരീകരിച്ചു. പരിക്കേറ്റ് ചികിത്സയിലുള്ള മൂന്ന് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്.

അപകട വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ ബ്രിഗേഡ് സംഘവും, പൊലീസും എന്‍ഡിആര്‍എഫും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.