ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചതായും 21 ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. ലാല്‍ കില മെട്രോ സ്റ്റേഷന്‍ ഗേറ്റ് നമ്പര്‍ ഒന്നിന് സമീപമാണ് ഭീകരമായ സ്‌ഫോടനം നടന്നത്.
പ്രാഥമിക വിവരങ്ങള്‍ പ്രകാരം, സിഎന്‍ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിന് കാരണം എന്ന് ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചു. ഇക്കോ വാനിലുണ്ടായ സിലിണ്ടര്‍ പൊട്ടിത്തെറിയാണ് തീപിടിത്തത്തിനും തുടര്‍ന്നുണ്ടായ സ്‌ഫോടനത്തിനും കാരണമായതെന്ന് കരുതുന്നു.
6:55നും 6:56നും ഇടയിലായിരുന്നു സ്‌ഫോടനം നടന്നത്. പൊട്ടിത്തെറിച്ച വാഹനത്തില്‍നിന്ന് തീ സമീപത്തെ മറ്റുവാഹനങ്ങളിലേക്ക് പടര്‍ന്നതോടെ എട്ട് വാഹനങ്ങള്‍ കത്തി നശിച്ചു. തീപിടിത്തം 7.30 ഓടെ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി.
സംഭവസ്ഥലത്ത് എന്‍.ഐ.എയും എന്‍.എസ്‍.ജിയും എത്തി പരിശോധന ആരംഭിച്ചു. സ്‌ഫോടനത്തിന്റെ കൃത്യമായ സ്വഭാവം, സുരക്ഷാ വീഴ്ചകള്‍ എന്നിവയെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് ആളുകളെ ഒഴിപ്പിക്കുകയും പൊലീസ് ശക്തമായ സുരക്ഷാ വളയം ഏര്‍പ്പെടുത്തുകയും ചെയ്തു.
പരിക്കേറ്റവരെ എല്‍.എന്‍.ജെ.പി. ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
വലിയ ജനസാന്ദ്രതയുള്ള പ്രദേശത്താണ് സ്‌ഫോടനം ഉണ്ടായത് എന്നതിനാല്‍ അധികാരികള്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാണെന്നും മെട്രോ അധികൃതര്‍ അറിയിച്ചു.