Connect with us

india

ജി20: പ്ലാസ്റ്റിക് ഷീറ്റുകള്‍കൊണ്ട് മറച്ച് ഡല്‍ഹിയിലെ ചേരികള്‍

ജി 20 ഉച്ചകോടി തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ഡല്‍ഹിയില്‍ ചേരികള്‍ മറയ്ക്കാനുള്ള നെട്ടോട്ടത്തില്‍ ഭരണകൂടം.

Published

on

ന്യൂഡല്‍ഹി: ജി 20 ഉച്ചകോടി തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ഡല്‍ഹിയില്‍ ചേരികള്‍ മറയ്ക്കാനുള്ള നെട്ടോട്ടത്തില്‍ ഭരണകൂടം. ലോക നേതാക്കളും പ്രതിനിധികളും കടന്നുപോകാന്‍ സാധ്യതയുള്ള മേഖലകളിലാണ് നെറ്റും കൂറ്റന്‍ ഫ്‌ളക്‌സുകളും ഉപയോഗിച്ച് ചേരികള്‍ക്ക് മറ സ്ഥാപിക്കുന്നത്.

2020ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഗുജറാത്തില്‍ മതില്‍ പണിത് ചേരി മറച്ചത് വലിയ വിവാദമായിരുന്നു. ഇതിനെ അനുസ്മരിപ്പിക്കുന്നതാണ് ഡല്‍ഹിയിലെയും നീക്കം. ജി20 ഉച്ചകോടിക്കായി മാസങ്ങള്‍ക്കു മുമ്പു തന്നെ ഡല്‍ഹി നഗരത്തില്‍ സൗന്ദര്യവല്‍ക്കരണം ആരംഭിച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷവും പാതയോരങ്ങളിലെ ചേരികള്‍ അതേ പടി തുടരുന്നതാണ് അധികൃതര്‍ക്ക് നാണക്കേട് തോന്നിച്ചത്. ഇതോടെ പച്ച നിറത്തിലുള്ള നെറ്റുകളും ജി 20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്ര നേതാക്കളെ സ്വാഗതം ചെയ്തുകൊണ്ടുള്ള കൂറ്റന്‍ ഫ്‌ളക്‌സുകളും സ്ഥാപിച്ച് നാണം മറയ്ക്കാനുള്ള നെട്ടോട്ടത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

പ്രധാനവേദിയായ പ്രഗതി മൈതാനിയിലെ ഭാരത മണ്ഡപത്തിന് സമീപത്തുണ്ടായിരുന്ന ചേരി നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നു. അന്‍പതോളം വീടുകളാണ് ഇതിനായി പൊളിച്ചു നീക്കിയത്. ഇതിനു പിന്നാലെയാണ് നഗരത്തിലെ പ്രധാന മേഖലയായ മുനീര്‍ക്കയിലെ ചേരികള്‍ തുണിയും നെറ്റും ഉപയോഗിച്ച് മറയ്ക്കുന്നത്. ചേരിയിലെ വീടുകള്‍ ഒരു തരത്തിലും പുറത്ത് കാണാത്ത രീതിയിലാണ് മറച്ചിരിക്കുന്നത്. വിമാനത്താവളത്തിന് സമീപത്തെ കോളനികളിലെ പുറത്ത് കാണുന്ന ഭാഗവും ഈ വിധം പരസ്യ ബോര്‍ഡുകള്‍ ഉപയോഗിച്ച് മറച്ചിട്ടുണ്ട്. 9 , 10 തിയ്യതികളിലാണ് ഡല്‍ഹിയില്‍ ജി 20 ഉച്ചകോടി നടക്കുന്നത്.

EDUCATION

എ.ബി.വി.പി നേതാവിന്റെ ജന്മശതാബ്ദി ആഘോഷിക്കാൻ സർവകലാശാലകൾക്ക് യു.ജി.സിയുടെ നിർദേശം

മഹാരാഷ്ട്ര ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സർവകലാശാലകൾക്കും കോളജുകൾക്കും കഴിഞ്ഞ 21നാണ് യു.ജി.സി കത്ത് നൽകിയത്.

Published

on

എ.ബി.വി.പി സ്ഥാപക നേതാവായിരുന്ന ദത്താജി ഡിഡോൽക്കറുടെ ജന്മശതാബ്ദി ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ കോളജുകൾക്കും സർവകലാശാലകൾക്കും യു.ജി.സിയുടെ കത്ത്. മഹാരാഷ്ട്ര ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സർവകലാശാലകൾക്കും കോളജുകൾക്കും കഴിഞ്ഞ 21നാണ് യു.ജി.സി കത്ത് നൽകിയത്.

‘ദത്താജി ഡിഡോൽക്കൽ ഇന്ത്യയിലെ ആയിരക്കണത്തിന് യുവാക്കൾക്കും വിദ്യാർഥികൾക്കും പ്രചോദനമായിരുന്നു. അദ്ദേഹം നിരവധി സാമൂഹിക സംഘടനകളുടെ സ്ഥാപകൻ കൂടിയായിരുന്നു. ഈ വർഷം അദ്ദേഹത്തിന്റെ ജന്മശതാബ്‌ദി വർഷമായി ആഘോഷിക്കുന്നതിനാൽ നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

ഈ പരിപാടികളിൽ യുവാക്കളെയും വിദ്യാർഥികളെയും പങ്കെടുപ്പിക്കുന്നതിന് മഹാരാഷ്ട്രയിലെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങൾ പ്രത്യേക താൽപര്യമെടുക്കണം’-യു.ജി.സി കത്തിൽ പറയുന്നു.

കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് യു.ജി.സി നിർദേശം. ജന്മശതാബ്‌ദിയുടെ ഭാഗമായി സുവനീർ പ്രസിദ്ധീകരിക്കുമെന്നും ഗഡ്‌കരി പറഞ്ഞു.

യു.ജി.സി നിർദേശത്തിനെതിരെ ശിവസേന ഉദ്ധവ് വിഭാഗം രംഗത്തെത്തി. യു.ജി.സി നിർദേശം അടിയന്തരമായി പിൻവലിക്കണമെന്ന് ഉദ്ധവ് വിഭാഗം ശിവസേനയുടെ യുവജന വിഭാഗം നേതാവായ പ്രദീപ് സാവന്ത് ആവശ്യപ്പെട്ടു.

ജന്മശതാബ്‌ദി ആഘോഷിക്കുന്നതിന് തങ്ങൾ എതിരല്ല. പക്ഷേ അത് ആർ.എസ്.എസിൻ്റെ സ്വന്തം ചെലവിലാണ് നടത്തേണ്ടത്. കോളജുകളുടെയും യൂണിവേഴ്‌സിറ്റികളുടെയും മേൽ അടിച്ചേൽപ്പിക്കരുതെന്നും പ്രദീവ് സാവന്ത് പറഞ്ഞു.

Continue Reading

india

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി രാഹുൽ ദ്രാവിഡ് തുടരും

എത്ര കാലത്തേക്കാണ് കരാര്‍ നീട്ടിയതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് വരെയായിരിക്കും പുതുക്കിയ കരാറെന്നാണ് വിവരം

Published

on

ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡ് തുടരും. ലോകകപ്പോടെ അവസാനിച്ച ദ്രാവിഡിന്റെ കരാര്‍ നീട്ടാന്‍ ബിസിസിഐ തീരുമാനിച്ചു. ബിസിസിഐ നല്‍കിയ കരാര്‍ രാഹുല്‍ ദ്രാവിഡ് സ്വീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എത്ര കാലത്തേക്കാണ് കരാര്‍ നീട്ടിയതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് വരെയായിരിക്കും പുതുക്കിയ കരാറെന്നാണ് വിവരം.

തുടര്‍ന്ന് വിവിഎസ് ലക്ഷ്മണ്‍, ആശിഷ് നെഹ്‌റ അടക്കമുള്ളവരെ ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ദ്രാവിഡ് തന്നെ പരിശീലകനായി തുടരുന്നതില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും അനുകൂല നിലപാടാണ് സ്വീകരിച്ചത്.

Continue Reading

GULF

യുഎഇ ദേശീയ ദിനം: ഇമാറാത്തി സംസ്‌കാരവും ചരിത്രവും ഒറ്റ ക്യാന്‍വാസിലൊരുക്കി സീമ സുരേഷ്

‘ദി ഗ്രേറ്റര്‍ നേഷന്‍ ഓണ്‍ എ ബിഗ്ഗര്‍ ക്യാന്‍വാസ്’

Published

on

ദുബൈ: യുഎഇയുടെ സംസ്‌കാരവും ചരിത്രവും ഒരൊറ്റ ക്യാന്‍വാസിലൊരുക്കി സീമ സുരേഷ്. 52-ാം യുഎഇ ദേശീയ ദിനാഘോഷ ഭാഗമായാണ് സീമയുടെ ഈ വേറിട്ട കലാ പ്രകടനം. ദുബൈ സിലികണ്‍ ഒയാസിസ് സെന്‍ട്രല്‍ മാളില്‍ നടന്ന ചടങ്ങിനിടെ ‘ദി ഗ്രേറ്റര്‍ നേഷന്‍ ഓണ്‍ എ ബിഗ്ഗര്‍ ക്യാന്‍വാസ്’ എന്ന ഈ കലാസൃഷ്ടി യുഎഇ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി മര്‍യം ബിന്‍ത് മുഹമ്മദ് സഈദ് ഹാരിബ് അല്‍മിഹൈരി അനാവരണം ചെയ്തു. ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലി അടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പതിനാറര അടി നീളവും ഏഴടി ഉയരവുമുള്ള വമ്പന്‍ ക്യാന്‍വാസില്‍ തനി കേരള ചുമര്‍ ചിത്ര ശൈലിയിലാണ് സീയുടെ വര. ഇതൊരു ചരിത്രമാണ്. കേരള മ്യൂറല്‍ ശൈലിയില്‍ യുഎഇയുടെ ചരിത്രവും സംസ്‌കാരവും ഇത്രയും വലിയ ക്യാന്‍വാസില്‍ അവതരിപ്പിക്കുന്നത് ഇതാദ്യമാണ്.

തനി കേരളീയ ചുമര്‍ ചിത്ര ശൈലിയിലാണ് ചിത്രം വരച്ചതെന്നും ആറു മാസത്തോളം നീണ്ട അധ്വാനമുണ്ടിതിനെന്നും (ഏതാണ്ട് 1,350 മണിക്കൂര്‍) സീമ പറഞ്ഞു. ചിത്ര രചനയ്ക്കായി ദിവസവും ശരാശരി ഏഴു മണിക്കൂറെടുക്കും. ഒറ്റയ്‌ക്കൊരു വനിത ഇത്രയും വലിയ ചിത്രം പൂര്‍ത്തിയാക്കുന്നതും അപൂര്‍വ സംഭവമാണ്.
യുഎഇയുടെ മുപ്പത്തി രണ്ട് മുഖമുദ്രകള്‍. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍, നിലവിലെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങിയ ഭരണ കര്‍ത്താക്കള്‍. ലോകത്തിലെ ഉയരമേറിയ കെട്ടിടമായ ബുര്‍ജ് ഖലീഫ, അബുദാബി ഗ്രാന്റ് മോസ്‌ക്, ഫെരാറി വേള്‍ഡ്, ദുബൈ ഫ്രെയിം, ഫ്യൂചര്‍ മ്യൂസിയം, പാം ജുമൈറ, അറ്റ്‌ലാന്റിസ് തുടങ്ങിയ അത്ഭുതങ്ങള്‍. മിറകിള്‍ ഗാര്‍ഡന്‍ പോലുള്ള വിസ്മയങ്ങള്‍. യുഎഇയുടെ ദേശീയ മൃഗമായ അറേബ്യന്‍ ഒറിക്‌സും ദേശീയ പക്ഷിയായ പ്രാപ്പിടിയനും (ഫാല്‍കണ്‍).

കടലില്‍ മീന്‍ പിടിച്ച്, അടിത്തട്ടില്‍ നിന്നും മുത്തും പവിഴവും വാരി ജീവിച്ച ഒരു ജനതയെ ചിത്രത്തില്‍ കാണാം. ഇന്നത്തെ പ്രൗഢിയിലേക്ക് യുഎഇ എന്ന രാജ്യം എങ്ങനെയെത്തി എന്നതിന്റെ ചിത്ര യാത്ര കൂടിയാണ് ഈ പെയിന്റിംഗ്.
മുപ്പത്തി രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ കഴിയുന്ന യുഎഇയോടുള്ള ആദരം കൂടിയാണ് ഈ ചിത്രം. വര്‍ഷങ്ങള്‍ മനസ്സില്‍ കൊണ്ടു നടന്ന മോഹം. വലിയ ചിത്രമായതിനാല്‍ യാത്രാവിമാനത്തില്‍ കേരളത്തില്‍ നിന്നും കൊണ്ടു വരാന്‍ കഴിഞ്ഞില്ല. ചരക്കു വിമാനത്തിലാണ് ചിത്രം കൊണ്ടു വന്നത്. അന്‍പത്തി രണ്ടാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ‘ദി ഗ്രേറ്റര്‍ നേഷന്‍ ബിഗ്ഗര്‍ ക്യാന്‍വാസ്’ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞതിന്റെ അടങ്ങാത്ത ആഹ്‌ളാദത്തിലാണ് സീമ.

കേരളത്തിലെ വനിതകള്‍ക്ക് ചുമര്‍ ചിത്ര പഠനം എളുപ്പമല്ലാത്ത കാലത്ത് ആ വഴിയിലൂടെ സഞ്ചരിച്ച ചിത്രകാരിയാണിവര്‍. ഗുരുവായൂരിലെ ചിത്ര കലാ വിദ്യാലയത്തില്‍ വനിതകള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ മാഹിയില്‍ പോയി ചുമര്‍ ചിത്രകല പഠിച്ചു. 20 വര്‍ഷത്തിലധികമായി കേരളത്തില്‍ ചിത്ര കലാ രംഗത്തും അധ്യാപന രംഗത്തും സജീവം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ദുബൈയിലുമായി ഇരുപതോളം ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തി. ചിത്രരചനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സ്‌കൂള്‍ അധ്യാപികയുടെ ജോലി രാജി വച്ചു. കേരളത്തിലെ നിരവധി ക്ഷേത്രങ്ങളില്‍ ചുമര്‍ ചിത്രങ്ങള്‍ വരച്ചു. ഓണ്‍ലൈനായും ഓഫ് ലൈനായും ഇന്ത്യക്കകത്തും പുറത്തുമായി നിരവധി കുട്ടികളെ ചിത്രരചന അഭ്യസിപ്പിക്കുന്നു. വനിതകള്‍ക്കായി ഷീ സ്‌ട്രോക്‌സ്, കുട്ടികള്‍ക്കായി ലിറ്റില്‍ സ്‌ട്രോക്‌സ്, ചിത്രകാരന്മാര്‍ക്കായി ഹീ സ്‌ട്രോക്‌സ് തുടങ്ങിയ ഓണ്‍ലൈന്‍ പ്രദര്‍ശനങ്ങള്‍ നടത്തി.
സീമയുടെ ചിത്രപ്രദര്‍ശനങ്ങളില്‍ നടന്‍ മമ്മൂട്ടി, മന്ത്രി വീണ ജോര്‍ജ്, അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രി കെ.കെ ശൈലജ, മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, നടി ലെന, മാല പാര്‍വതി തുടങ്ങി നിരവധി പേര്‍ അതിഥികളായെത്തി.

അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ തുടങ്ങി നിരവധി രാജ്യങ്ങളിലുള്ളവര്‍ സീമയുടെ ചിത്രങ്ങള്‍ വാങ്ങിയിട്ടുണ്ട്. മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, മുന്‍ മിസ് യൂണിവേഴ്‌സ് നതാലി ഗ്‌ളെബോവ, ലുലു ഗ്രൂപ് ഉടമ എം.എ യൂസഫലി, ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, കമല്‍ ഹാസന്‍, വിജയ് സേതുപതി, ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ തുടങ്ങി നിരവധി പ്രമുഖര്‍ക്ക് ചിത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
തലശ്ശേരിയിലാണ് ജനനം. ഇപ്പോള്‍ കൊച്ചിയില്‍ താമസിക്കുന്നു. കൊച്ചി പാലാരിവട്ടത്ത് സ്വന്തമായി ആര്‍ട് ഇന്‍ ആര്‍ട് എന്ന പേരില്‍ ആര്‍ട് ഗ്യാലറി നടത്തുന്നു. ദുബൈയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സീമ. ദുബൈയിലെ മാധ്യമപ്രവര്‍ത്തകന്‍ സുരേഷ് വെള്ളിമുറ്റത്തിന്റെ ഭാര്യയാണ് സീമ. ഏക മകന്‍ സൂരജ് കിരണ്‍ ചെെൈന്നയില്‍ ഫാഷന്‍ ഡിസൈനിംഗ് ബിരുദ വിദ്യാര്‍ത്ഥിയാണ്.

Continue Reading

Trending