ലണ്ടന്‍: ലോകകപ്പ് ഫുട്‌ബോളിനു മുന്നൊരുക്കമായുള്ള സൗഹൃദ മല്‍സരങ്ങളില്‍ കരുത്തരായ ബ്രസീലിനും അര്‍ജന്റീനയും പോര്‍ച്ചുഗലും ഇംഗ്ലണ്ടും ജയിച്ചപ്പോള്‍ കപ്പ് സാധ്യത കല്‍പ്പിക്കുന്ന ഫ്രാന്‍സിന് ഞെട്ടിക്കുന്ന തോല്‍വി. ഓസ്ട്രിയ, കൊളംബിയ, പെറു, മെക്‌സിക്കോ ടീമുകളും ജയിച്ചു കയറിയപ്പോള്‍ കരുത്തരായ ജര്‍മനിയും സ്‌പെയിനും നേര്‍ക്കുനേര്‍ വന്ന മല്‍സരം സമനിലയില്‍ അവസാനിച്ചു.


സൂപ്പര്‍ താരം മെസിയെയും പരിക്കുമൂലം വിശ്രമത്തിലുള്ള അഗ്യൂറോയേയും കൂടാതെ ഇറങ്ങിയ അര്‍ജന്റീന എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇറ്റലിയെ തകര്‍ത്തത്. ഉദ്ഘാടന മല്‍സരത്തില്‍ റഷ്യയും ബ്രസീലും ഏറ്റുമുട്ടിയപ്പോള്‍ ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ടീമിനെ മഞ്ഞപ്പട ഗ്യാലറിയിലേക്ക് മടക്കിയത്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കരുത്തരായ ഇറ്റലിക്കെതിരെ കളിയുടെ അവസാന 15 മിനിറ്റിലായിരുന്നു അര്‍ജന്റീനയുടെ രണ്ട് ഗോളുകള്‍. പകരക്കാരായി കളത്തിലെത്തിയ എവര്‍ ബനേഗ (75)യും, മാനുവല്‍ ലാന്‍സിനി (85)യുമാണ് ബഫന്റെ കോട്ട തകര്‍ത്ത് അര്‍ജന്റീനയ്ക്കായി ലക്ഷ്യം കണ്ടത്. പാസുകളാലും വേഗത കൊണ്ടും പൂര്‍ണമായും അര്‍ജന്റീനയുടെ കയ്യിലായിരുന്നു മത്സരം. മെസിയില്ലാതെ അസൂറികളെ എതിരില്ലാതെ തകര്‍ത്ത മത്സരം അര്‍ജന്റീനക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്.

പരുക്കേറ്റ നെയ്മറിനെ കൂടാതെയിറങ്ങിയ ബ്രസീല്‍, ആദ്യ പകുതിയിലെ ഗോള്‍രഹിത സമനിലക്കുശേഷം ഉണര്‍ന്നു കളിച്ചാണ് വിജയം നേടിയത്. ജോ മിറാണ്ട (53), ഫിലിപ്പ് കുടീന്യോ (62′, പെനാല്‍റ്റി), പൗളീന്യോ (66) എന്നിവരാണ് റഷ്യയുടെ വല കുലുക്കിയത്. ലോകകപ്പ് കിരീടം കണ്ണുവെക്കുന്ന ടീമെന്ന സൂചന നല്‍കുന്നതായിരുന്നു മഞ്ഞപ്പടയുടെ പൊരാട്ടം തുടങ്ങി.

ഒത്തിണക്കവും സംഘടിത നീക്കങ്ങളുമായിരുന്നു റഷ്യക്കെതിരേ ബ്രസീലിന്റെ മികവ്. ഒന്നാം പകുതിയില്‍ ആന്റണ്‍ മിറാന്‍ചുക്ക് നല്ലൊരവസരം പാഴാക്കിയതൊഴിച്ചാല്‍ മത്സരത്തില്‍ റഷ്യയുടെ സാന്നിധ്യം വിരളമായിരുന്നു. മറുവശത്ത് ഗോളി ഇഗോര്‍ അകിന്‍ഫീവന്റെ രക്ഷപ്പെടുത്തലുകളാണ് കൂടുതല്‍ ഗോള്‍ കുടുങ്ങുന്നതില്‍ നിന്നും ആതിഥേയരെ രക്ഷിച്ചത്.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ ഈജിപ്തിനെതിരെ ഇന്‍ജുറി ടൈമില്‍ ജയിച്ചു കയറിയ പോര്‍ച്ചുഗലിന്റെ പ്രകടനമാണ് സൗഹൃദ മല്‍സരങ്ങളിലെ ഹൈലൈറ്റ്. 90 മിനിറ്റുവരെ യൂറോപ്പിലെ സൂപ്പര്‍താരോദയം മുഹമ്മദ് സലാഹ് നേടിയ ഒരു ഗോളിന് ഈജിപ്തിനോട് പിന്നിട്ടുനിന്ന ശേഷം ഇന്‍ജുറി ടൈമില്‍ റൊണാള്‍ഡോയുടെ ഇരട്ടഗോളില്‍ പോര്‍ച്ചുഗല്‍ ജയിച്ചു കയറുകയായിരുന്നു. ഈജിപ്തിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പറങ്കിപടയുടെ വിജയം. ലിവര്‍്പ്പൂര്‍ താരം സലാഹിന്റെ 56-ാം മിനിറ്റിലെ ഗോളില്‍ മുന്നില്‍ക്കയറിയ ഈജിപ്തിനെ ഇന്‍ജുറി ടൈമിലെ ഇരട്ട ഹെഡര്‍ ഗോളുകളിലൂടെ റൊണാള്‍ഡോ വീഴ്ത്തുകയായിരുന്നു. 90+2, 90+4 മിനിറ്റുകളിലായിരുന്നു റോണോയുടെ ഗോളുകള്‍.

മറ്റൊരു മല്‍സരത്തില്‍ ലോകകപ്പ് സാധ്യത കല്‍പ്പിക്കുന്ന ഫ്രാന്‍സിന്റെ കരുത്തരായ പട കൊളംബിയക്കെതിരെ ഞെട്ടിക്കുന്ന തോല്‍വിയാണ് ഏറ്റുവാങ്ങിയത്. രണ്ടു ഗോളുകളുടെ ലീഡ് നേടിയ ഫ്രാന്‍സിനെ മൂന്ന് ഗോള്‍ തിരിച്ചടിച്ചാണ് കൊളംബിയ തോല്‍പ്പിച്ചത്. മല്‍സരത്തില്‍ കൊളംബിയ മുരിയേല്‍ (28), ഫാല്‍ക്കാവോ (62), ക്വിന്റേരോ (83) എന്നിവര്‍ ലക്ഷ്യം കണ്ടു. ഒലിവര്‍ ജിറൂഡ്് (11), ലെമാര്‍ (26) എന്നിവര്‍ ലക്ഷ്യം കണ്ട മത്സരത്തിലാണ് കരുത്തരായ ഫ്രാന്‍സിന് അട്ടിമറി നേരിട്ടത്.