കൊച്ചി: കോവിഡ് വ്യാപനത്തോടെ എക്കാലത്തെയും ഉയര്‍ന്ന വിലയിലെത്തിയോടെ ധാരാളം പേരാണ് സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ മുന്നോട്ടുവരുന്നത്. എന്നാല്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുമ്പോള്‍ നിര്‍ബന്ധമായും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ നാല് മാര്‍ഗങ്ങളാണ് പ്രധാനമായും ഉള്ളത്. ജ്വല്ലറികളില്‍ നിന്ന് നാണയമായോ ആഭരണമായോ വാങ്ങാം, ഗോള്‍ഡ് മൂച്വല്‍ ഫണ്ട് അല്ലെങ്കില്‍ ഇടിഎഫ്, ഡിജിറ്റല്‍ ഗോള്‍ഡ്, ഗോള്‍ഡ് ബോണ്ട്.

നാണയം ആഭരണം
നാണയമായും ആഭരണമായും നിക്ഷേപിക്കുന്ന രീതിയാണ് നമ്മുടെ നാട്ടില്‍ ജനകീയമായ നിക്ഷേപരീതി. എത്രകാലം കൈവശം വെച്ചശേഷം വില്‍ക്കുന്നു എന്നതിനനുസരിച്ചാണ് നികുതി ബാധ്യതയുള്ളത്. മൂന്നുവര്‍ഷത്തില്‍താഴെ കാലം കൈവശംവെച്ചശേഷം വില്‍പന നടത്തിയാല്‍ ഹ്രസ്വകല മൂലധനനേട്ടത്തിനുള്ള നികുതിയാണ് നല്‍കേണ്ടത്. നിങ്ങളുടെ വരുമാനത്തോടൊപ്പംചേര്‍ത്ത് ബാധകമായ നികുതി സ്ലാബിനനസുരിച്ചാണിത് കണക്കാക്കേണ്ടത്. മൂന്നുവര്‍ഷത്തില്‍ക്കൂടുതല്‍കാലം കൈവശംവെച്ചശേഷമാണ് വില്‍ക്കുന്നതെങ്കില്‍ ദീര്‍ഘകാല മൂലധനനേട്ടത്തിനുള്ള നികുതിയാകും ബാധകമാകുക. അതായത്, ലാഭമായി ലഭിച്ചതുകയ്ക്ക് ഇന്‍ഡക്സേഷന്‍ ബെനഫിറ്റ് ലഭിക്കും. പണപ്പെരുപ്പ നിരക്ക് കിഴിച്ച് വരുന്നതുകയ്ക്ക് 20ശതമാനം നികുതിനല്‍കിയാല്‍മതി.

ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ട്, ഇടിഎഫ്
ഗോള്‍ഡ് ഇടിഎഫിലെത്തുന്ന പണം ഫിസിക്കല്‍ ഗോള്‍ഡിലാണ് ഇടിഎഫ് നിക്ഷേപം നടത്തുന്നത്. മ്യൂച്വല്‍ ഫണ്ടാകട്ടെ, ഗോള്‍ഡ് ഇടിഎഫിലുമാണ് നിക്ഷേപം നടത്തുന്നത്. ഇവ രണ്ടില്‍നിന്നും ലഭിക്കുന്ന മൂലധന നേട്ടത്തിനുള്ള നികുതി മുകളില്‍ വ്യക്തമാക്കിയതിന് സമാനമാണ്.

ഡിജിറ്റല്‍ ഗോള്‍ഡ്
സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിനുള്ള പുതിയ രീതായണ് ഡിജിറ്റല്‍ ഗോള്‍ഡ്. ചെറിയതുകയ്ക്കുപോലും നിക്ഷേപം നടത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. ബാങ്കുകള്‍, മൊബൈല്‍ വാലറ്റുകള്‍, ബ്രോക്കറേജ് കമ്പനികള്‍ എന്നിവയൊക്കെയാണ് സേഫ്ഗോള്‍ഡ് പോലുള്ളവയുമായുള്ള കൂട്ടുകെട്ടിലൂടെ ഡിജിറ്റല്‍ നിക്ഷേപരീതി അവതരിപ്പിച്ചിട്ടുള്ളത്. വാങ്ങിയ ആപ്പുവഴിതന്നെ വില്‍ക്കാനും കഴിയും. ഫിസിക്കല്‍ ഗോള്‍ഡ്, മ്യൂച്വല്‍ ഫണ്ട്, ഇടിഎഫ് എന്നിവയ്ക്ക് ബാധകമായ നികുതിതന്നെയാണ് ഇവിടെയും നല്‍കേണ്ടിവരിക.

ഗോള്‍ഡ് ബോണ്ട്
ഒരു ഗ്രാം സ്വര്‍ണത്തിന് തുല്യമായ വിലയ്ക്കാണ് കാലാകാലങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനുവേണ്ട് റിസര്‍വ് ബാങ്ക് ഗോള്‍ഡ് ബോണ്ട് പുറത്തിറക്കുന്നത്. എട്ടുവര്‍ഷമാണ് ബോണ്ടിന്റെ കാലാവധിയെങ്കിലും അഞ്ചുവര്‍ഷത്തിനുശേഷം വില്‍ക്കാന്‍കഴിയും. ഓഹരി വിപണിവഴി എപ്പോള്‍ വേണമെങ്കിലും വാങ്ങുകയും വില്‍ക്കുകയുമാകാം.

എട്ടുവര്‍ഷക്കാലാവധി പൂര്‍ത്തിയാക്കിയശേഷം വില്‍ക്കുമ്പോഴുള്ള മൂലധനനേട്ടത്തിന് ഒരു രൂപപോലും നികുതി നല്‍കേണ്ടതില്ലെന്നതാണ് പ്രത്യേകത. എന്നാല്‍ അഞ്ചുവര്‍ഷംകഴിയുമ്പോഴോ കാലാവധിയെത്തുംമുമ്പ് ഓഹരി വിപണിവഴി വില്‍ക്കുമ്പോഴോ മൂലധന നേട്ടത്തിന് നികുതി ബാധകമാണ്. മുകളില്‍ വിശദമാക്കിയതുപ്രകാരം അപ്പോള്‍ നികുതി നല്‍കേണ്ടിവരും.

സ്വര്‍ണത്തിന്റെ മൂല്യവര്‍ധനയ്ക്കുപുറമെ, ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിച്ചാല്‍ 2.5ശതമാനം വാര്‍ഷിക പലിശയും ലഭിക്കും. ആറുമാസംകൂടുമ്പോള്‍ ബാങ്ക് അക്കൗണ്ടിലേയ്ക്കാണ് ഈതുക വരവ് വെക്കുക. ഈ തുകയ്ക്ക് നിങ്ങളുടെ വരുമാനമടിസ്ഥാനമാക്കിയുള്ള നികുതി സ്ലാബിനനുസരിച്ച് നികുതി നല്‍കേണ്ടതാണ്.