വളരെ സജീവമായ ഒരു പ്രതിപക്ഷം ഭരണപക്ഷത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സഭയുടെ പ്രവര്‍ത്തനങ്ങളില്‍ അവര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു. ലോക്‌സഭ സമ്മേളനത്തിനു മുന്‍പായി പാര്‍ലമെന്റിനു പുറത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനമാണ് ഇന്ന് ആരംഭിക്കുക. പുതിയ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനമെന്നതും 45 ദിവസം നീളുമെന്നതും അടക്കം ഒട്ടേറെ സവിശേഷതകളുണ്ട്. ലോക്‌സഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങാണ് ഇന്നും നാളെയും. പ്രോടെം സ്പീക്കര്‍ വീരേന്ദ്ര കുമാര്‍ ചടങ്ങുകള്‍ നിയന്ത്രിക്കും. സംസ്ഥാനങ്ങളുടെ അക്ഷരമാല ക്രമത്തിലാകും എംപിമാരെ സത്യപ്രതിജ്ഞയ്ക്കു വിളിക്കുക.

19നാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. 20നു രാജ്യസഭയുടെയും ലോക്‌സഭയുടെയും സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി നയപ്രഖ്യാപനം നടത്തും. തുടര്‍ന്നു നന്ദിപ്രമേയ ചര്‍ച്ച. ജൂലൈ 4നു സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കും. 5 ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. 26 വരെയാണു സമ്മേളനം.