ലക്‌നോ: ഉത്തര്‍ പ്രദേശില്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഗോരക്പൂര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരക്പൂരില്‍ വനിതാ ഡോക്ടറെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഗോരക്പൂരിലെ അറിയപ്പെടുന്ന പ്രസവ രോഗ വിദഗ്ധ ഡോ. സുര്‍ഹിത കരീമാണ് കോണ്‍ഗ്രസിനായി മണ്ഡലത്തില്‍ മത്സരിക്കുന്നത്. നേരത്തെ മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിരുന്നു. ഫുല്‍പൂരില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മനീഷ് മിശ്രയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. അതേ സമയം എസ്.പിയുമായുള്ള സഖ്യ നീക്കം വിജയിക്കാത്തതിനാല്‍ കോണ്‍ഗ്രസ് നേരത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് സമ്മര്‍ദ്ദ തന്ത്രമായാണ് വിലയിരുത്തുന്നത്.